
“ഹാജി മസ്താൻ” എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളികൾക്കാദ്യം ഓർമ്മ വരുന്നത് ഒരു പക്ഷെ ‘ഹാജി മസ്താൻ സലാം വയ്ക്കുന്ന ഷാജി പാപ്പന്റെ പാട്ടായിരിക്കും. എന്നാൽ, വെറുമൊരു പാട്ടിൽ മാത്രം ഒതുങ്ങി നിന്ന ആളല്ലായിരുന്നു മസ്താൻ! മറിച്ച് അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി നിരവധി ചലച്ചിത്രങ്ങളും പല ഭാഷകളി ലായി നിർമ്മിക്കപ്പെട്ടിട്ടുണ്ട്. അത്ര യെറെ സംഭവ ബഹുലതകൾ നിറഞ്ഞ, തികച്ചും സിനിമയെ വെല്ലുന്ന ഒരു ജീവിതം തന്നെ ആയിരുന്നു ഹാജി മസ്താന്റേത്.
ഒരു കാലത്ത് ബോംബെ ഭരിച്ചിരുന്ന അധോലോക രാജാക്കന്മ രാണ് ഹാജി മസ്താൻ, കരിം ലാലാ, വരദരാജ മുതലിയാർ എന്നിവർ. ബോംബെയിലെ അധോലോക രാജാക്കന്മാരുടെ നിരയിൽ പലപ്പോഴും രക്ത ചൊരിച്ചിലുകൾ പതിവായിരുന്നു. മലയാളിയായ രാജൻ നായർ എന്ന ബഡാ രാജൻ അടക്കം നിരവധി അധോലോക നായകന്മാർ ഇതേ തുടർന്ന് കൊല്ലപ്പെടുകയും ചെയ്തു. എന്നാൽ ബോംബെ അധോലോകത്തിന്റെ വളർച്ച തുടങ്ങിയത് ഹാജി മസ്താൻ, കരിം ലാലാ, വരദരാജ മുതലിയാർ എന്നിവരുടെ കൈകളിലൂടെ ആയിരുന്നു. പക്ഷേ ഇക്കൂട്ടത്തിൽ മറ്റെല്ലാവരിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു ‘ഹാജി മസ്താൻ’.
അധോലോക നായകനായിരുന്നെങ്കിൽ പോലും തന്റെ ദാന ധർമങ്ങളിലൂടെ സാധാരണക്കാരുടെ ഇടയിൽ നല്ല മതിപ്പുള്ളവനായിരുന്നു ഇദ്ദേഹം. അതായത് സാധാരണക്കാരുടെ കൺ കണ്ട ദൈവമായിരുന്നു എന്നർത്ഥം.
1926 മാർച്ച് 1ന്, തമിഴ്നാട്ടിലെ പനയ്ക്കുളം എന്ന സ്ഥലത്തായിരുന്നു ഹാജി മസ്താന്റെ ജനനം. തുടർന്ന് 1934-ൽ പിതാവായ ഹൈദർ മിർസയോടൊപ്പം 8 വയസ്സുകാരനായ മസ്താൻ ബോംബെയിലേക്ക് കുടിയേറി. ‘അവസരങ്ങളുടെ കടൽ എന്നായിരുന്നു ബോംബെ അന്ന് വിശേഷിപ്പിച്ചിരുന്നത്.
അങ്ങനെ ഏതൊരു ശരാശരി ഇന്ത്യക്കാരന്റെയും സ്വപ്നമായ ബോംബെയിലേക്ക് ചേക്കേറിയ ലക്ഷക്കണക്കിന് ആളുകളിൽ ഒരാൾ മാത്രമായിരുന്ന 8 വയസ്സ് പ്രായമായ നമ്മുടെ കഥാനായകൻ ഹാജി മസ്താൻ.10 വർഷത്തോളം ഒരു സൈക്കിൾ റിപ്പയറിങ് ഷോപ്പിൽ മാസം 5 രൂപ ശമ്പളത്തിൽ ജോലി ചെയ്തു. 1944-ൽ തന്റെ പതിനെട്ടാം വയസ്സിൽ മസ്താൻ സൈക്കിൾ ഷോപ്പിലെ ജോലി ഉപേക്ഷിച്ച്, ബോംബെ തുറമുഖത്തിൽ ചുമട്ടു തൊഴിലാളിയായി ജോലിയിൽ കയറി. ഹോങ്കോങ്ങ്, പേർഷ്യൻ രാജ്യങ്ങളിൽ നിന്നു വരുന്ന കണ്ടെയ്നറുകൾ ചുമടെടുക്കുന്നതായിരുന്നു ജോലി. അന്ന് ബ്രിട്ടീഷുകാർ ഭരിച്ചിരുന്ന കാലമായതിനാൽ ചരക്കുകൾക്ക് വൻ ഇറക്കുമതി തീരുവ അടിച്ചേൽപ്പിച്ചിരുന്നു. അതിനാൽ സാധനങ്ങളുടെ വിലയും കൂടുതൽ ആയിരുന്നു. വില്പന നികുതി ഇല്ലാതായാൽ സാധനങ്ങളുടെ വില കുറയും എന്നത് കൊണ്ട്, കസ്റ്റംസിന്റെ കണ്ണിൽ പെടാതെ വ്യാപാരികൾക്ക്ഇവ പുറത്ത് കടത്തി കൊടുക്കുന്നതിൽ മസ്താൻ മുൻഗണന നൽകിയിരുന്നു. മാത്രമല്ല, അതിൽ നിന്നും ചെറിയൊരു വരുമാനം മസ്താന് ലഭിക്കുകയും ചെയ്തിരുന്നു. കൂടാതെ ബ്രിട്ടീഷുകാരോട് ഈ ചതി ചെയ്യുന്നതിൽ ഒരു കുറ്റ ബോധവും മസ്താന് തീരെ ഇല്ലായിരുന്നു. അങ്ങനെ ബോംബെ തുറമുഖത്തു മസ്താൻ വഴി ഒരു അനധികൃത ചാനൽ രൂപപ്പെടുകയും ചെയ്തു.
മാസം 15 രൂപ ആയിരുന്നു അന്ന് മസ്താന്റെ ശമ്പളം. കൂടാതെ നികുതി വെട്ടിച്ചു സാധനം കടത്തുന്നതിൽ നിന്ന് കൂടി ചെറിയൊരു വരുമാനം മസ്താന് ലഭിച്ചിരുന്നു. ആ സമയത്ത് തുറമുഖത്തിനടുത്തുള്ള പ്രാദേശിക ഗുണ്ട ആയിരുന്ന ഷേർഖാൻ പത്താന് പോർട്ടർമാരുടെ കയ്യിൽ നിന്ന് പണം ഭീഷണിപ്പെടുത്തി വാങ്ങുന്ന ഒരു വിനോദമുണ്ടായിരുന്നു. എന്നാൽ അതിനെതിരെ മസ്താൻ തൊഴിലാളികളുടെ കൂട്ടം ഉണ്ടാക്കി ഷേർഖാനെയും കൂട്ടരെയും കായികമായി നേരിട്ട് തുരത്തി. അങ്ങനെ പതിയെ ഹാജി മസ്താൻ തൊഴിലാളികൾക്കിടയിലൊരു ഹീറോ ആയി മാറി.
ആ സമയത്ത് മുഹമ്മദ് അൽ ഖാലിബ് എന്ന സ്വർണ അറബി വ്യാപാരിയുമായി മസ്താൻ പരിചയത്തിലാകുകയും,
അയാൾക്ക് വേണ്ടി സ്വർണം കടത്താൻ സഹായിക്കുകയും ചെയ്തു. 10% ലാഭമായിരുന്നു അന്ന് വ്യാപാരി മസ്താന് നല്കിക്കൊണ്ടിരുന്നത്.
അങ്ങനെ അവരുടെ ബന്ധം വളർന്നു. ആ സമയത്താണ് സ്വർണ വ്യാപാരി അറസ്റ്റിലാകുന്നത്. അറസ്റ്റിലായ സമയം മുഹമ്മദ് അൽ ഖാലിബിന്റെ പേരിലെത്തിയ സ്വർണ ബിസ്ക്കറ്റുകൾ അടങ്ങിയ പെട്ടി മസ്താൻ ചേരിക്കുള്ളിലെ തന്റെ വീട്ടിൽ ഒളിപ്പിച്ചു വെക്കുകയും, മൂന്ന് വർഷങ്ങൾക്ക് ശേഷം ജയിൽ മോചിതനായി വന്ന വ്യാപാരിക്ക് അത് തിരികെ നൽകി തന്റെ വിശ്വാസ്യത ഊട്ടിയുറപ്പിക്കുകയും ചെയ്തു. പിന്നീട് അങ്ങോട്ട് തന്റെ ലാഭത്തിന്റെ 50% അയാൾ മസ്താന് നൽകാൻ തുടങ്ങി.
1956-ൽ മസ്താൻ കള്ളക്കടത്തുകാരനായ സുക്കൂർ നാരായണനുമായി ബന്ധം സ്ഥാപിച്ചു. പണം മാത്രമല്ല ശക്തിയെന്ന് മനസ്സിലാക്കിയ മസ്താൻ, നഗരത്തിലെ റൗഡികളായ കരിം ലാലയും, വരദരാജ തുടങ്ങിയവരുമായി ബന്ധം സ്ഥാപിച്ചു. മുംബൈയിലെ മലബാർ ഹിൽസിൽ വലിയൊരു വീട് വാങ്ങി. എന്നിരുന്നാലും വീടിന്റെ ടെറസിൽ ചെറിയൊരു മുറിയിൽ ലളിതമായൊരു ജീവിതമാണ് മസ്താൻ നയിച്ചിരുന്നത്. നിരവധി ഹിന്ദി സിനിമകൾക്കും മസ്താൻ പണം മുടക്കി. അങ്ങനെ സിനിമ ലോകത്തും വലിയൊരു സുഹൃത് വലയം അദ്ദേഹം സൃഷ്ടിച്ചു.
ബോംബെ അധോലോകം അടക്കി വാണിരുന്ന സമയത്തും ആളെ കൊല്ലുന്ന മയക്കു മരുന്നിനും, കോലപാതകങ്ങൾക്കും മസ്താൻ എന്നും എതിരായിരുന്നു. 1974-ൽ ഇന്ദിരാ ഗാന്ധി സർക്കാർ മസ്താനെ ജയിലിൽ അടച്ചു. 1975-ലെ അടിയന്തരാവസ്ഥക്കാലത്തും ഇന്ദിര ഗാന്ധി സർക്കാർ മസ്താനെ ജയിലിൽ ആക്കി. ആ സമയത്താണ് ജനത പാർട്ടി നേതാവായ ജയപ്രകാശ് നാരായണിനെ പരിചയപ്പെടുന്നതും, അദ്ദേഹത്തിന്റെ സ്വാധീനത്തിൽ കള്ളക്കടത്തു ഉപേക്ഷിക്കുകയും തുടർന്ന് ഹജ്ജിനു പോയി വരികയും ചെയ്തത്.
80- കളിൽ മസ്താന്റെ സ്വാധീനത്തിനു കാര്യമായ ഇടിവുകൾ സംഭവിച്ചു. ആ കാലത്ത് മസ്താന്റെ അനുയായി ആയിരുന്ന ദാവൂദ് ഇബ്രാഹിം മുൻ നിരയിലേക്ക് കടന്നു വരികയും, മസ്താന്റെ സാമ്രാജ്യം ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് പത്താൻ -ദാവൂദ് സംഘങ്ങളുടെ ഇടയിൽ ഗ്യാങ് വാറുകൾ പതിവായി. ഇതിൽ പലതിലും മധ്യസ്ഥത വഹിച്ചിരുന്നതും മസ്താൻ തന്നെ ആയിരുന്നു.
കള്ളക്കടത്തുപേക്ഷിച്ചു സാമൂഹ്യ പ്രവർത്തനങ്ങളിൽ മുഴുകിയ മസ്താൻ പിന്നീട് ‘ദളിത് മുസ്ലിം സുരക്ഷ മഹാ സംഘ് ‘ എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചെങ്കിലും വിജയം കണ്ടില്ല. 1994 മെയ് 9-ന് ഹാജി എന്നും സുൽത്താൻ എന്നും ആളുകൾ സ്നേഹത്തോടെ വിളിച്ചിരുന്ന ഹാജി മസ്താൻ അന്തരിച്ചു. തികച്ചും സിനിമയെ വെല്ലുന്ന ഒരു ജീവിത കഥ തന്നെ ആയിരുന്നു ഹാജി മസ്താന്റേത്. എന്നും പാവങ്ങളുടെ കണ്ണീർ ഒപ്പുന്നതിൽ മുൻഗണന കാണിച്ചിരുന്ന മസ്താൻ ശെരിക്കും യഥാർത്ഥ ജീവിതത്തിലെ ഒരു ഹീറോ തന്നെ ആയിരുന്നു.
ലോക മയക്കു മരുന്ന് തലവൻ “എൽ ചാപ്പോ ഗുസ്മാനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു
https://exposekerala.com/el-chappo-guzman/
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala