
മോട്ടോർ ബൈക്ക് ബ്രാൻഡുകളിൽ ഇതിഹാസ തുല്യരായ അമേരിക്കൻ മോട്ടോർ സൈക്കിൾ നിർമ്മാണ ഗ്രൂപ്പായ, ഹാർലി-ഡേവിഡ്സൺ 1903-ൽ, അമേരിക്കയിലെ മിൽവൗകീ നഗരം ആസ്ഥാനമായാണ് സ്ഥാപിതമായത്. 116 സി സി പരീക്ഷണ എഞ്ചിൻ പരാജയമായതിലൂടെ, 405 സി സി എഞ്ചിനുമായ് നിർമ്മാണമേഖല തുടങ്ങിയ ഹാർലി-ഡേവിഡ്സൺ ബൈക്കുകൾ, ഒടുവിലിതാ ലൈവ് വയർ എന്ന ഇലക്ട്രിക് ബൈക്ക് മോഡലിലെത്തിയിരിക്കുന്നു. പൊതുവിൽ, 700 സി സിക്ക് മുകളിൽ വരുന്ന ക്രൂയിസ് ബൈക്കുകളാണ് ഹാർലി ഡേവിഡ്സൺ ബ്രാൻഡിനെ സമ്പന്നമാക്കുന്നത്.
1903-ൽ, വില്യം എസ് ഹാർലിയോടൊപ്പം ചേർന്ന് സഹോദരങ്ങളായ ആർതർ ഡേവിഡ്സണും, വാൾട്ടർ ഡേവിഡ്സണും സൈക്കിളിൽ ഘടിപ്പിക്കാൻ പാകത്തിനുള്ള, 116 സി സി എഞ്ചിൻ വികസിപ്പിച്ചെടുത്തെങ്കിലും വാഹനത്തിനനുയോജ്യമായ എഞ്ചിനായിരുന്നില്ല അത്. അതുകൊണ്ടൊന്നും ശ്രമമുപേക്ഷിക്കാതെ പരീക്ഷണം തുടർന്ന അവർ ഒടുവിൽ 405 സി സിയുടെ വിജയകരമായ എഞ്ചിൻ നിർമ്മിച്ചു. അവിടെ തുടങ്ങുന്നു “ഹാർലി ഡേവിഡ്സൺ” എന്ന വിശ്വ പ്രസിദ്ധ മോട്ടോർ സൈക്കിൾ ബ്രാൻഡിന്റെ വളർച്ച. 1905 ആയപ്പോൾ ഡേവിഡ്സൺ സഹോദരങ്ങളുടെ മെക്കാനിക്കൽ വർക്ക്ഷോപ്പിൽ ഹാർലിയും ഡേവിഡ്സൺ സഹോദരങ്ങളും ചേർന്ന് നിർമ്മിച്ച എഞ്ചിനോടു കൂടിയ അഞ്ചോളം മോട്ടോർ സൈക്കിളുകൾ നിർമ്മിച്ചു. തുടർന്ന്, ജുനിയ അവന്യൂ പ്രദേശത്ത് ഹാർലിയും ഡേവിഡ്സൺ സഹോദരങ്ങളും ചേർന്ന് അവരുടെ ആദ്യ ഹാർലി ഡേവിഡ്സൺ ഫാക്ടറി സ്ഥാപിച്ചു. തുടർ വർഷങ്ങളിൽ 50,150 എന്ന ക്രമത്തിൽ ബൈക്കുകൾ നിർമ്മിച്ച കമ്പനി 1907-ലെ, ചിക്കാഗോ ഓട്ടോമൊബൈൽ ഷോയിൽ 45 ഡിഗ്രി ചെരിവുള്ള ‘V’ മോഡലിലുള്ള 850 സി സിയിൽ 100km/h വേഗം കിട്ടുന്ന V-ട്വിൻ എഞ്ചിൻ മോഡൽ അവതരിപ്പിച്ചു. V ആകൃതിയിലിരിക്കുന്ന രണ്ട് സിലിണ്ടറോടുകൂടിയ അക്കാലത്തെ കരുത്തുറ്റ എഞ്ചിൻ അവതരിപ്പിച്ചതോടു കൂടി ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഹാർലി ഡേവിഡ്സൺ ബൈക്കുകൾ, തുടർ വർഷങ്ങളിൽ 450, 1149 എന്ന ക്രമത്തിൽ വിജയകരമായി വിറ്റുപോയി. തുടർന്ന്, വലിപ്പം കുറഞ്ഞതും കരുത്ത് കൂടിയതുമായ V-ട്വിൻ എഞ്ചിനോടുകൂടിയ ബൈക്കുകൾ ഹാർലി ഡേവിഡ്സൺ അവതരിപ്പിച്ചു. അതിനു ശേഷമുള്ള ഒട്ടുമിക്ക ഹാർലി ഡേവിഡ്സൺ ബൈക്കുകളിലും അപ്ഡേറ്റ് ചെയ്യപ്പെട്ട സ്റ്റൈലിഷായിട്ടുള്ള V-ട്വിൻ എൻജിൻ മോഡലുകൾ ഉപയോഗിക്കാൻ കമ്പനി ശ്രദ്ധിച്ചു. ഒപ്പം, സ്പ്രിങ് ഘടിപ്പിച്ച സുഖകരമായ സീറ്റുകളും അക്കാലത്ത് ട്രെൻഡിങ് ആയി. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളിൽ അമേരിക്കൻ സൈനികർക്കായി ധാരാളം ബൈക്കുകൾ നിർമ്മിച്ചു നൽകിയതുവഴി ഹാർലി ഡേവിഡ്സൺ എന്ന കമ്പനി സൈന്യത്തിന്റെ പ്രിയപ്പെട്ട ബ്രാൻഡെന്ന പേരിൽ വിപുലമായി വളർന്നു. ഒടുവിൽ 1969-ൽ, അമേരിക്കയിലെ ചില നികുതി നയങ്ങളുടെ പേരിൽ കലുഷിതമായ കമ്പനിയെ ‘അമേരിക്കൻ മെഷീൻ ആൻഡ് ഫൗണ്ടറി’ അഥവ ‘എ എം എഫ്’ എന്ന കമ്പനി സ്വന്തമാക്കി. എ എം എഫിൽ നിന്ന് 1981-ൽ, വോൺ ബീൽസും വില്ലി ഡേവിഡ്സണും ഹാർലി ഡേവിഡ്സണിനെ സ്വന്തമാക്കി. തുടർന്ന് 1987-ൽ, അമേരിക്കൻ മോട്ടോർ സൈക്കിൾ നിർമ്മാതാക്കളായ ബ്യുവെൽ മോട്ടോർ സൈക്കിൾ കമ്പനിയുടെ പങ്കാളിത്തത്തോടെ ഹാർലി ഡേവിഡ്സൺ ബ്രാൻഡ് ഇടയ്ക്ക് വന്ന തകർച്ചയിൽ നിന്നും വിലപിടിപ്പുള്ള മോട്ടോർ ബൈക്ക് ബ്രാൻഡായ് വളരാൻ തുടങ്ങി.
45 ഡിഗ്രിയിലുള്ള V-ട്വിൻ എഞ്ചിന്റെ ഘടനയും ശബ്ദ ഭംഗിയും മാത്രമല്ല, ഓരോ കാലഘട്ടങ്ങളിലിറങ്ങിയ മോഡലുകളും ഹാർലി ഡേവിഡ്സണെ പ്രിയപ്പെട്ടതാക്കി. ഹാർലി ഡേവിഡ്സണിന്റെ ടൂറിങ് മോഡലിൽ ഉൾപ്പെട്ട റോഡ് കിങ്, സ്ട്രീറ്റ് ഗ്ലൈഡ്, ഇലക്ട്ര ഗ്ലൈഡ് തുടങ്ങിയവ, ഡിസൈൻ പരമായും പെർഫോമൻസ് പരമായും മികച്ചു നിന്നു. അമേരിക്കൻ പോലീസിന്റെ പ്രിയ വാഹനങ്ങളായിരുന്നു അവയിൽ ചിലത്. മോട്ടോർ സൈക്കിൾ ഘടനയെ തന്നെ മാറ്റി ചിന്തിപ്പിച്ച, ഹാർലി ഡേവിഡ്സൺ മോഡലായിരുന്നു സോഫ്ടൈൽ. ഉയരം കുറഞ്ഞ സീറ്റും നീളത്തിൽ വളഞ്ഞതുമായ ഇവയുടെ ഹാൻഡിൽ സ്റ്റൈലിഷ് എന്ന വാക്കിനുമപ്പുറമായിരുന്നു. തുടർന്ന് ഡൈന, സ്പോർട്സ്റ്റെർ, സ്ട്രീറ്റ് തുടങ്ങിയ ഹാർലി ഡേവിഡ്സൺ മോഡലും ശ്രദ്ധിക്കപ്പെട്ടു. ഒടുവിൽ ലൈവ് വയർ എന്ന മോഡലിലൂടെ ഇലക്ട്രിക് മോട്ടോർ സൈക്കിളും വിപണിയിലിറക്കി. പെൻസിൽവാനിയ, കൻസാസ് തുടങ്ങിയ അമേരിക്കൻ നഗരങ്ങൾക്ക് പുറമെ, ബ്രസീലിലും ഇന്ത്യയിലും ഹാർലി ഡേവിഡ്സൺ ഫാക്ടറികൾ പ്രവർത്തിക്കുന്നു. ഇന്ത്യയിൽ ഹരിയാനയിലെ ഗുർഗാൺ ആസ്ഥാനമായി ഹാർലി ഡേവിഡ്സൺ പ്രവർത്തിച്ചു വരികയും ഹാർലി ഡേവിഡ്സൺ മോഡലുകളായ സ്പോർട്സ്റ്റെർ, സ്ട്രീറ്റ്, ഡൈന തുടങ്ങിയ മോഡലുകൾ ഇന്ത്യയിലെ മോട്ടോർ ബൈക്ക് പ്രേമികൾക്കായി വിപണിയിലെത്തിക്കുകയും ചെയ്യുന്നു. വിലയേറിയതും ആഡംബരത്വം തുളുമ്പുന്നതുമായ ഹാർലി ഡേവിഡ്സൺ ബൈക്കുകൾ തുടർന്നും നൂതന മോഡലിൽ ഇന്ത്യൻ നിരത്തുകളിൽ സജീവമാകട്ടെ.
Read also: ലംബോർഗിനി ഉറുസ്
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala