
മൂന്നാര്‍ : രാജമലയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേര് മരിച്ചു. രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെത്തിയ 10 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജമലയിലേക്ക് ദേശീയ ദുരന്ത പ്രതിരോധസേനയെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. രാജമലയിലേക്ക് രക്ഷാ പ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍ സേവനം ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യോമ സേനയുമായി ബന്ധപ്പെട്ടുവെന്നും, ആവശ്യാനുസരണം ഉടന്‍ ലഭ്യമാവുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഇതിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടംമേഖലയില്‍ വലിയ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. ഉള്‍പ്രദേശമായതിനാല്‍ ഇവിടെ എത്തിയുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്.
പ്രദേശത്തേക്ക് എന്‍ഡിആര്‍എഫ് സംഘം പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഇവിടേയ്ക്ക് എത്തുന്നതിനും ബുദ്ധിമുട്ടുണ്ട്. പ്രദേശത്ത് ഗതാഗത സൗകര്യത്തിനുണ്ടായിരുന്ന പെരിയവര പാലം തകര്‍ന്നതിനാല്‍ പോലീസിനോ റവന്യൂ വകുപ്പിനോ പ്രദേശത്തേക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല.
കഴിഞ്ഞ പ്രളയത്തിന്റെ സമയത്താണ് പാലം തകര്‍ന്നത്. അത് ഇതുവരെ നന്നാക്കിയിട്ടില്ല. അതേസമയം മൂന്ന് ലയങ്ങളിലായി 84 പേരാണ് ഇവിടെ താമസിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. ഉള്‍പ്രദേശമായതിനാല്‍ ഇവിടെ വൈദ്യുതി ലൈനുകളുമില്ല. അതിനാല്‍ കൃത്യമായ വിവരം ലഭിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. അടിയന്തിര സാഹചര്യം പരിഗണിച്ച് സമീപത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.കനത്ത മഴയില്‍ പ്രദേശത്തേയ്ക്കുള്ള ഗതാഗത സൗകര്യങ്ങളും തകര്‍ന്നിരിക്കുകയാണ്. വാഹനങ്ങള്‍ക്ക് ഇങ്ങോട്ടേയ്ക്ക് എത്തിച്ചേരാനാകാത്ത സ്ഥിതിയാണ്.
മൂന്നാറില്‍ നിന്ന് ഏതാണ്ട് 20 കിലോമീറ്റര്‍ ദൂരം മാത്രമേ ഇവിടേയ്ക്ക് ഉള്ളൂ. പക്ഷേ വഴിയിലുള്ള പെരിയവര താല്ക്കാലികപാലം ഒലിച്ചുപോയതോടെ, ഫോറസ്റ്റ് ചുറ്റിയുള്ള വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. താല്‍ക്കാലികമായി ഇവിടെ ഒരു അപ്രോച്ച് റോഡ് കെട്ടിപ്പൊക്കിയിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി അവിടെ വൈദ്യുതിയുണ്ടായിരുന്നില്ല, മൊബൈല്‍ ഫോണ്‍ ടവറുകള്‍ കഴിഞ്ഞ ജനുവരിയില്‍ മാത്രമാണ് അവിടെ എത്തിയത്. ഇതും തകര്‍ന്നതായാണ് വിവരം. ലാന്‍ഡ് ലൈനുകളും പ്രവര്‍ത്തിക്കുന്നില്ല. താല്‍ക്കാലികമായി ജനറേറ്ററുകളടക്കം സാമഗ്രികളുമായാണ് അവിടേക്ക് രക്ഷാദൗത്യസംഘം പുറപ്പെട്ടിരിക്കുന്നത്. വനംവകുപ്പിന്റെയും തദ്ദേശവാസികളുടെയും നേതൃത്വത്തിലാണ് ഇവിടെ ആദ്യം രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.
അതേസമയം, ഇടുക്കിയിലെ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ പ്രത്യേക മൊബൈല്‍ മെഡിക്കല്‍ സംഘത്തെ അയച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇതോടൊപ്പം 15 ആംബുലന്‍സുകളും സംഭവ സ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ മെഡിക്കല്‍ സംഘത്തേയും നിയോഗിക്കുന്നതാണ്. ആശുപത്രികള്‍ അടിയന്തരമായി സജ്ജമാക്കാനും നിര്‍ദേശം നല്‍കിയിട്ടുന്നെന്നും മന്ത്രി പറഞ്ഞു.