ജീപ്പ് പ്രേമികളുടെ സ്വന്തം ‘വില്ലീസ്’


Spread the love

ലോകമെമ്പാടും സുപരിചിതമായ വാഹന ബ്രാൻഡ് ആണ് “വില്ലീസ്”. ഈ അമേരിക്കൻ ജീപ്പ് ബ്രാൻഡ്, തലമുറകളിലുണ്ടാക്കിയ പ്രകമ്പനവും, കോളിളക്കവും ചെറുതൊന്നുമല്ല. 1908-ൽ, ജോൺ വില്ലീസ് എന്ന അമേരിക്കൻ എഞ്ചിനീയർ, അമേരിക്കൻ വാഹന നിർമ്മാണ കമ്പനിയായ ‘ഓവർലാൻഡ് ഓട്ടോമോട്ടീവ് ‘ ഏറ്റെടുത്തതോടെയാണ്, വില്ലിസിന്റെ ചരിത്രമാരംഭിക്കുന്നത്. നാല് വർഷങ്ങൾക്കു ശേഷം ‘വില്ലിസ് ഓവർലാൻഡ് മോട്ടോർ കമ്പനി ‘ എന്ന് പേരുമാറ്റിയ കമ്പനി,1912 മുതൽ 1918 വരെയുള്ള കാലയളവിൽ, ഫോർഡ് മോട്ടോഴ്സിന് ശേഷം ഏറ്റവും കൂടുതൽ ജനപിന്തുണ നേടിയ രണ്ടാമത്തെ വാഹന നിർമാണ കമ്പനിയായി ഉയരുകയായിരുന്നു.
വാഹന പ്രേമികൾ നെഞ്ചിലേറ്റിയ വില്ലിസ് ജീപ്പിന്റെ ചരിത്രമാരംഭിക്കുന്നത് രണ്ടാം ലോക മഹായുദ്ധത്തിനു കാഹളം മുഴങ്ങിയത് മുതൽക്കാണ്. അമേരിക്കൻ “ബാന്റം” എന്ന ബ്രിട്ടീഷ് കാർ നിർമ്മാണ കമ്പനിയുടെ, ലൈറ്റ് വെയിറ്റ് ട്രക്ക് മോഡൽ അനുകരിച്ച് യുദ്ധാവശ്യങ്ങൾക്കായി, ചെറു ട്രക്കുകളുടെ ഉത്പാദനമാരംഭിക്കുവാൻ “അമേരിക്കൻ വാർ ഡിപ്പാർട്മെന്റ്” വിളിച്ചുകൂട്ടിയ ലേലം സ്വന്തമാക്കിയവരിൽ, വില്ലിസ് ഓവർലാൻഡും പങ്കാളികളായിരുന്നു.

1938-ൽ, ജോസഫ് ഡബ്ല്യൂ ഫ്രേസർ “വില്ലിസി”ന്റെ ചീഫ് എക്സിക്യൂട്ടീവ്  ആയി നിയമിതനാകുന്നു. നിരവധി മോശം ആരോപണങ്ങൾക്ക് വിധേയമായ ഒരു ജീപ്പ് മോഡലിന്റെ, 4 സിലിണ്ടർ എഞ്ചിൻ കാര്യക്ഷമമാക്കുന്നതിൽ അദ്ദേഹം ശ്രദ്ധ ചെലുത്തുന്നു. ഒടുവിൽ നിരവധി പ്രയത്നങ്ങൾക്കു ശേഷം, ചീഫ് എൻജിനീയർ ടെൽമെർ ബാർണി റോസ് ഈ പ്രശ്നം അതിവിദഗ്ധമായി പരിഹരിച്ചപ്പോൾ അദ്ദേഹം സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല അത് ‘ജീപ്പ് ‘ എന്നപേരിൽ വിപ്ലവമാകുവാൻ പോകുകയായിരുന്നുവെന്ന്. പിൽക്കാലത്ത് ജീപ്പ് എന്നറിയപ്പെട്ട “വില്ലിസ് എംബി”(Mb) യുടെ ഉത്പാദനം ആരംഭിക്കുകയായിരുന്നു.

1941-ൽ രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോൾ,
വില്ലിസ് ഓവർലാൻഡ് അമേരിക്കൻ ബാന്റം, ഫോർഡ് എന്നീ വാഹന നിർമ്മാണക്കമ്പനികളുമായി ഉത്പാദനം പങ്കിടുന്നു.  1941-ൽ മാത്രം 8598 യൂണിറ്റുകളായിരുന്നു നിർമ്മിക്കപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധം അവസാനിക്കുമ്പോഴേക്കും, 359851 യൂണിറ്റുകൾ പ്ലാന്റ് വിട്ടിറങ്ങിയിരുന്നു. യുദ്ധാവശ്യങ്ങൾക്ക് മുന്നിട്ടിറങ്ങിയ വാഹനനിർമ്മാതാക്കളുടെ പട്ടികയിൽ, 48- മതായിരുന്നു “വില്ലിസ് ഓവർലാൻഡി”നു സ്ഥാനം. 1945-ൽ യുദ്ധം അവസാനിച്ചപ്പോൾ, 653568 മിലിട്ടറി ജീപ്പുകൾ വിറ്റു പോയിരുന്നു.

“ജീപ്പ്” എന്ന പേര് എങ്ങനെ ഉദ്ഭവിച്ചു എന്നതിൽ ഇപ്പോളും തർക്കമുണ്ട്.
ചിലർ ‘GP അഥവാ ജനറൽ പർപ്പസ്’ എന്നതിന്റെ ചുരുക്കം രൂപമായി ‘ജീപ്പിനെ ‘കരുതുന്നു. ‘പോപ്പോയ് എന്ന കോമിക്’ കഥയിലെ അമാനുഷിക ശക്തിയുള്ള’ യൂജിൻ ദി ജീപ്പ് ‘ എന്ന കഥാപാത്രത്തിൽ നിന്നാണ് ഈ പേരിന്റെ ഉദ്ഭവം എന്ന് മറ്റ് ചിലർ വാദിക്കുന്നു.
1943 ഫെബ്രുവരി 13-ന് വില്ലിസ് ഓവർ ലാൻഡ്, അമേരിക്കൻ പേറ്റന്റ് ഓഫീസിൽ ‘ജീപ്പ് ‘ എന്ന പേരിന്റെ തുടർന്നുള്ള ഉപയോഗത്തിനായി അപേക്ഷ ഫയൽ ചെയ്യുന്നു. അക്കാലത്ത് കത്തിപ്പടർന്ന വിവാദങ്ങളെ തുടർന്നായിരുന്നു ഇത്. ആ ശ്രമം ഫലം കാണുകയും, 1950 ജൂൺ 13-നു ‘ജീപ്പ് ‘ എന്ന പേർ വില്ലിസ് ഓവർലാൻഡിന്റെ ട്രേഡ് മാർക്കായി യു.എസ് പേറ്റന്റ് കമ്പനി അംഗീകരിക്കുകയും ചെയ്യുന്നു. യുദ്ധാനന്തരം പാസഞ്ചർ കാർ മോഡലുകളിലായി, വില്ലിസ് തുടർന്നില്ല. യുദ്ധം നേടിക്കൊടുത്ത പെരുമ അവരെ മുഴുവൻ സമയ ജീപ്പ് നിർമ്മാണത്തിലേക്കു ചുവടു മാറ്റുവാൻ പ്രേരിപ്പിച്ചു.
പാസഞ്ചർ വാഹന നിർമാണ രംഗത്ത്, നിരവധി ക്ലേശങ്ങൾ കമ്പനിക്കനുഭവിക്കേണ്ടി വന്നു.
CJ-2A ആണ് കമ്പനിയുടെ ആദ്യത്തെ സിവിലിയൻ വാഹനമായി പുറത്തിറങ്ങിയത്. കർഷകർക്കും, നായാട്ടുകാർക്കുമെല്ലാം, ഒരേപോലെ പ്രിയങ്കരമായ ജീപ്പ് മോഡൽ ആയിരുന്നു “CJ -2A”. അവരുടെ ഓഫ്‌ റോഡ് യാത്രകളിൽ സന്തത സഹചാരിയായി ഈ വാഹനം മാറി. “CJ”യ്ക്ക് ശേഷമാണ് വില്ലിസ് ‘ജീപ്പ് ‘ എന്ന ലേബലിൽ യൂട്ടിലിറ്റി വാഹനങ്ങളുടെ നിർമാണമാരംഭിക്കുന്നത്. പിൽക്കാലത്ത് M38 ജീപ്പ് എന്ന പേരിൽ US ആർമിക്കു വേണ്ടി കമ്പനി യൂട്ടിലിറ്റി വാഹനങ്ങൾ വൻതോതിൽ നിർമിക്കുകയും, അതേസമയം, CJ സീരിസിലെ സിവിലിയൻ ജീപ്പുകളുടെ നിർമാണം തുടരുകയും ചെയ്തു.

വില്ലിസ് MA എന്ന ഒറിജിനൽ കോൺസെപ്റ്റിൽ നിന്ന് തുടങ്ങി “വില്ലിസ് ജീപ്പ്” മോഡലുകളുടെ ഒരു ജൈത്ര യാത്ര തന്നെ ഉണ്ടായി. 1953-ൽ “കൈസർ മോട്ടോർസ്”  വില്ലിസ് ഓവർലാൻഡിനെ ഏറ്റെടുക്കുകയും “വില്ലിസ് മോട്ടോർ കമ്പനി” എന്ന് പേര് മാറുകയും ചെയ്തു. 1970-കളിൽ കൈസർ ഇൻഡസ്ട്രീസ് അമേരിക്കൻ മോട്ടോർസ് കോർപറേഷന് (AMC) വിറ്റു കൊണ്ട്, ഓട്ടോമൊബൈൽ രംഗത്തോട് വിടപറഞ്ഞു. കാലമെത്ര കഴിഞ്ഞാലും, വില്ലിസ് ജീപ്പുകൾ വാഹന പ്രേമികളുടെ മനസ്സിൽ ചിരപ്രതിഷ്‌ഠ നേടി എക്കാലവുമുണ്ടാകും. കാരണം, വില്ലിസ് അവശേഷിപ്പിച്ചു പോയ ഒരു പൈതൃകമുണ്ട്. രാജകീയ പൈതൃകം!

ഇന്ത്യയുടെ മിലിറ്ററി വാഹനമായ ടാട്ര ട്രക്കിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു മിലിറ്ററി ട്രക്കുകളുടെ രാജാവ് : ടാട്ര

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close