സ്വപ്ന സുരേഷിനും റമീസിനും ഒരേസമയം ആശുപത്രിയില്‍ എങ്ങനെയെത്തി?


Spread the love

തൃശൂര്‍: തിരുവനന്തപുരം നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണകടത്ത് കേസിലെ പ്രതികള്‍ക്ക് ആശുപത്രിയില്‍ ഒരേസമയം ചികിത്സ നല്‍കിയ സംഭവത്തില്‍ ജയില്‍ മേധാവി റിപ്പോര്‍ട്ട് തേടി. വിയ്യൂര്‍ ജയില്‍ മെഡിക്കല്‍ ഓഫീസറോടാണ് ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് തേടിയത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുമായി സംസാരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. സ്വപ്ന സുരേഷ് നെഞ്ചുവേദനയെ തുടര്‍ന്നും റമീസ് വയറുവേദനയെ തുടര്‍ന്നുമാണ് ആശുപത്രിയിലെ ചികിത്സ തേടിയത്. ഇരുവരുടെയും ഒരേസമയത്തുളള ആശുപത്രിവാസം വിവാദമായതോടെയാണ് ജയില്‍ മേധാവി വിശദവിവരങ്ങള്‍ തേടിയത്. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലും വനിതാ ജയിലിലുമായി കഴിഞ്ഞിരുന്ന ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കാണ് കൊണ്ടുവന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നേരത്തെ ആറു ദിവസത്തെ ചികിത്സയ്ക്കുശേഷം ശനിയാഴ്ച സ്വപ്‌ന ആശുപത്രി വിട്ടിരുന്നു. ചികിത്സയില്‍ തുടരാന്‍ മതിയായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും സ്വപ്നയ്ക്കില്ലെന്ന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തിയതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെ സ്വപ്നയെ വിയ്യൂര്‍ വനിതാ ജയിലിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് വീണ്ടും നെഞ്ചുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സ്വപ്ന ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഒരു നഴ്‌സിന്റെ ഫോണില്‍ നിന്ന് ഉന്നതരെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close