
കുഞ്ഞു മക്കള്‍ ചെറിയ ചെറിയ കള്ളങ്ങള്‍ പറയുന്നത് സാധാരണയാണ്. എന്നാല്‍ ഇങ്ങനെ പറയുന്ന കള്ളങ്ങള്‍ വലുതാകുമ്പോള്‍ വലിയ കള്ളങ്ങള്‍ പറയാന്‍ പ്രേരണയാകും. എന്നു കരുതി കുഞ്ഞുങ്ങളെ അടിച്ചും വഴക്കു പറഞ്ഞു അനുസരിപ്പിക്കേണ്ട. കുഞ്ഞു മനസ്സിനെ കഴവ് പറയുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന് രക്ഷിതാക്കള്‍ക്ക് കഴിയും. അവര്‍ക്ക് മഹാത്മാക്കളുടെ ജീവിതകഥകള്‍ പറഞ്ഞുകൊടുക്കണം. സത്യസന്ധത ഗുണപാഠമായുളള പുരാണകഥകള്‍ ഇന്നാരും ഓര്‍ക്കുന്നതുപോലുമില്ല. നമുക്ക് വേണ്ടെങ്കിലും ഇത് കുട്ടികള്‍ക്ക് കൂടിയേ തീരൂ. കുട്ടി എന്തെങ്കിലും കളവുപറഞ്ഞാല്‍ അതിനെച്ചൊല്ലി ഒച്ചപ്പാടുണ്ടാക്കുകയോ മറ്റുളളവരെ അറിയിക്കാനോ പാടില്ല. ചെയ്ത കാര്യം ചെയ്തില്ലെന്ന് കളളം പറയുമ്പോള്‍ ‘നീയതു ചെയ്തോ’ എന്ന് ചോദിക്കരുത്. പെട്ടെന്ന് കുട്ടി സത്യം പറയില്ല. ‘നീ ചെയ്തുവെന്നെനിക്കറിയാം.’ എന്നേ പറയാവൂ. കുട്ടികളെ ശരി പറഞ്ഞു മനസ്സിലാക്കണമെങ്കില്‍ നമ്മള് കളവ് പറയുന്നവരായിരിക്കരുത്. സംഭാഷണത്തിലും ജീവിതത്തിലും സത്യസന്ധത കാട്ടുന്നവരുടെ കുട്ടികള്‍ എളുപ്പത്തില്‍ സത്യസന്ധരാകും.
അച്ഛനായാലും അമ്മയായാലും അധ്യാപകനായാലും കുട്ടി ഉപദേശം കേള്‍ക്കണമെങ്കില്‍ അവര്‍ കുട്ടികള്‍ക്ക് അനുകരിക്കാന്‍ പറ്റിയ സത്യസന്ധതയുടെ മോഡലുകളാവണം. സത്യസന്ധത പുലര്‍ത്തുന്ന കാര്യങ്ങള്‍ കുട്ടികള്‍ ചെയ്താല്‍ അതിന് സമ്മാനം നല്കി അഭിനന്ദിച്ച് സംസാരിക്കണം.