ഒന്ന് പൊറോട്ടയടിച്ചാലോ?


Spread the love

പൊറോട്ട” എന്നത് കേരളീയരുടെ ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ്. എന്നാൽ, പൊറോട്ട കഴിക്കണം എന്ന് തോന്നിയാൽ ഹോട്ടലിൽ നിന്ന്  വാങ്ങണം എന്നതാണ് നമ്മുടെ അവസ്ഥ. ഹോട്ടലില്‍ നിന്നും രുചിയോടെ പൊറോട്ട വാങ്ങി കഴിക്കുന്ന എത്ര പേര്‍ക്ക് അറിയാം പൊറോട്ട വളരെ എളുപ്പം വീട്ടില്‍ തന്നെ ഉണ്ടാക്കിയെടുക്കാൻ  കഴിയും എന്നത്!

എങ്കിൽ പിന്നെ നല്ല മൃദുവായ പൊറോട്ട ഒന്ന് തയ്യാറാക്കി നോക്കിയാലോ?    ചേരുവകൾ 

  • മൈദ – 1/2 കിലോഗ്രാം 
  • മുട്ട – 1
  • പഞ്ചസാര -1 ടേബിൾ സ്പൂൺ      (ആവശ്യമെങ്കിൽ)
  • എണ്ണ (വെജിറ്റബിൾ ഓയിൽ ) 
  • ഉപ്പ് 

തയ്യാറാക്കുന്ന വിധം:

മൈദ, മുട്ട, പഞ്ചസാര, ഉപ്പ്, 4 ടേബിൾ സ്പൂൺ എണ്ണ, എന്നിവ ചേർത്ത്, വെള്ളമൊഴിച്ച് 20 മിനിറ്റ് നന്നായി കുഴച്ചെടുക്കണം. (പൊറോട്ടയുടെ രുചി കൂട്ടുവാന്‍ വേണ്ടി മുട്ടയും, മയം കൂട്ടുവാന്‍ വേണ്ടി, 500 ഗ്രാം മൈദയ്ക്ക് ഏകദേശം 4 ടേബിള്‍ സ്പൂണ്‍ എണ്ണയും ചേര്‍ക്കുന്നത് നല്ലതാണ് ). അങ്ങനെ നന്നായി കുഴച്ചതിനു ശേഷം ഈ മാവ്  വലിയൊരു ഉരുളയാക്കി എണ്ണ തടവി ഒരു നനഞ്ഞ തുണി വച്ച് മൂടി, 1.5 മണിക്കൂർ വയ്ക്കുക. കൂടുതല്‍ സമയം വയ്ക്കുകയാണെങ്കിൽ  പൊറോട്ട കൂടുതല്‍ മൃദുവായിക്കിട്ടും .

ഒന്നര മണിക്കൂറിനുശേഷം കൈയിൽ എണ്ണ പുരട്ടി ഈ മാവ്, ഏകദേശം ഒരു നാരങ്ങയുടെ വലുപ്പത്തില്‍ ഉരുട്ടുക. ഇനി 10 മിനിറ്റ് നേരം ഈ ഉരുളകൾ നനഞ്ഞ തുണി വച്ച് മൂടി വയ്ക്കുക. അതിനുശേഷം, അടുക്കളയിലെ ടേബിള്‍ സ്ലാബില്‍ നല്ലത് പോലെ എണ്ണ പുരട്ടി, ഒരു ഉരുള അതില്‍ വച്ച്, കയ്യിലും എണ്ണ പുരട്ടി കൈ കൊണ്ട് ഒന്ന് പരത്തി, ഒരു വശത്ത് നിന്നും പൊക്കിയെടുത്ത് അടിക്കുക. ‘മൈദ ഉരുള’ കൈയ്യുടെ ഉള്ളം ഭാഗം കൊണ്ട് ദോശ പോലെ പരത്തിയിട്ട് പതിയെ പൊക്കി വീശിയടിക്കണം. ഇടതു കൈ കൊണ്ട് മാവ് എടുത്ത്, വലതു കൈ കൊണ്ട് മാവിന്റെ മുകളില്‍ സപ്പോര്‍ട്ട് കൊടുത്തു വേണം അടിച്ചു പരത്താൻ. മാവ് അടിക്കുന്തോറും അതിന്റെ നീളം കൂടുകയും, കട്ടി കുറഞ്ഞു വരികയും ചെയ്യും. ഇനി അടിച്ചു നീട്ടി, കട്ടി കുറച്ച ഈ മാവ്  ടേബിള്‍ സ്ലാബില്‍ വച്ച് കൈ കൊണ്ട് കുറച്ചു കൂടി എല്ലാ വശങ്ങളിലേക്ക് പരത്തി നീളം കൂട്ടുക. മുകളില്‍ ഒരൽപ്പം എണ്ണ തൂകി കൊടുക്കുക. എന്നിട്ട് ഒരു വശത്ത് നിന്നും നേരെ മടക്കുക. ഇനി മറ്റേ വശത്ത് നിന്നും നേരെ മടക്കുക. അങ്ങനെ പ്ലീറ്റ്സ് ഉണ്ടാക്കുക. എന്നിട്ട് ഒരു അറ്റത്തു പിടിച്ചു വട്ടത്തില്‍ ചുറ്റിച്ചു മാറ്റി വയ്ക്കുക. ബാക്കി ഉള്ള ഉരുളകൾ ഇതുപോലെ ചെയ്യുക. വീണ്ടും കയ്യില്‍ എണ്ണ പുരട്ടി കൈയ്യുടെ ഉള്ളം ഭാഗം ഉപയോഗിച്ച് ചുറ്റി വച്ചിരിക്കുന്നതില്‍ അമര്‍ത്തി നടുക്ക് പരത്തുക. ഇനി ഒരു തവ/ദോശ കല്ല് ചൂടാക്കി, എണ്ണ തടവി ഈ പൊറോട്ട അതിലേക്കിട്ട്, രണ്ടു വശവും മൊരിച്ച് എടുക്കുക. ഇതേ പോലെ, നാലഞ്ച് എണ്ണം ചെയ്തു കഴിഞ്ഞ് ആ ടേബിള്‍ സ്ലാബിലോട്ട്, ഈ ചൂട് പൊറോട്ട ഒന്നിന് മുകളില്‍ ഒന്നായി അടുക്കി വച്ചതിനു ശേഷം, കൈ  ഉപയോഗിച്ച് രണ്ടു വശങ്ങളില്‍ നിന്നും അടിച്ചു സോഫ്റ്റ്‌ ആക്കുക.

പൊറോട്ട തയ്യാര്‍.!!!!!!

500 ഗ്രാം മൈദ ഉപയോഗിച്ച് ഏകദേശം 10 പൊറോട്ട ഉണ്ടാക്കാൻ സാധിക്കും. ഇനി മൈദ ഇല്ലെങ്കിൽ ഗോതമ്പ് ഉപയോഗിച്ചും പൊറോട്ട തയ്യാറാക്കാം. പൊറോട്ട മാവ്  ഇങ്ങനെ വീശി അടിയ്ക്കുവാന്‍ പറ്റാത്തവര്‍ക്ക്, ചപ്പാത്തി പരത്തുന്നത് പോലെ നീളത്തിലും വീതിയിലും പരത്തി കട്ടി കുറച്ച് ഉണ്ടാക്കാം. കൂടുതല്‍ സോഫ്റ്റ്‌ ആയി കിട്ടുകയില്ല എന്ന് മാത്രം.

Read also: സ്വാദിഷ്ടമായ നാടൻ സ്റ്റൈൽ ബീഫ് ഉലർത്തിയത് തയ്യാറാക്കാം

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close