ഫോസില്‍ ഇന്ധനങ്ങള്‍ക്കു പകരമെന്തെന്ന ചോദ്യത്തിന് ശാസ്ത്രസാങ്കേതിക മേഖല ഉത്തരം തേടാന്‍ തുടങ്ങിയിട്ട് ഒട്ടേറെ കാലമായി. എന്നാല്‍, ഹൈഡ്രജനോളം പോന്ന ഒരു പകരക്കാരന് ഫോസില്‍ ഇന്ധനങ്ങള്‍ക്കില്ല. അടുത്തിടെയാണ് അശോക് ലൈലാന്‍ഡാണ് ഹൈഡ്രജന്‍ എന്ജിന് നിര്‍മ്മിച്ചത്. നിലവിലുള്ള ഫ്യൂവല്‍സെല്‍ സംവിധാനത്തില്‍ നിന്ന് വ്യത്യസ്തമായ ഇന്റേണല്‍ കമ്പസ്റ്റ്യന്‍ എന്‍ജിനാണ് കമ്പനി നിര്‍മിച്ചത്.
ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനായി ഹൈഡ്രജനില്‍ ഓടുന്ന പുതിയ ബസുകള്‍ വാങ്ങുന്നതിനൊപ്പം നിലവിലുള്ള ബസുകളെ അതിലേക്ക് മാറ്റാനൊരുങ്ങുകയാണ് കെഎസ്ആര്‍ടിസി.ഹൈഡ്രജന്‍ എന്ജിന് വികസിപ്പിച്ച അശോക് ലൈലാന്‍ഡ് കമ്പനിയുടെ സഹായവും ഇതിനായി തേടിയിട്ടുണ്ട്. ഒരു ബസ് ഹൈഡ്രജനിലേക്ക് മാറ്റാന്‍ പത്ത് ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലില്‍ നടക്കുന്ന ഇലക്ട്രോ- കെമിക്കല്‍ രാസപ്രവര്‍ത്തനത്തിലൂടെ ഉണ്ടാകുന്ന വൈദ്യുതോര്‍ജമാണ് വാഹനങ്ങളെ ചലിപ്പിക്കുന്നത്. വൈദ്യുതോര്‍ജത്തില്‍ ഒരു ഭാഗം ബാറ്ററിയില്‍ ശേഖരിക്കുന്നു.
ലോഡ് വര്‍ധിക്കുമ്പോള്‍ ഇവ ഉപയോഗിക്കും. ചൂടും വെള്ളവും മാത്രമാണ് ഇതിന്റെ ഉപോല്പന്നങ്ങളായി പുറത്തേക്കു വരുന്നത്. ഉയര്‍ന്ന കാര്യക്ഷമതയും പെട്ടെന്നു റീഫ്യുവല്‍ ചെയ്യാമെന്നതുമാണ് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകളുടെ പ്രത്യേകത. വെള്ളം വിഘടിപ്പിച്ചു ഹൈഡ്രജന്‍ സൃഷ്ടിക്കുന്ന ഇലക്ട്രോലിസിസ് രീതിയാണെങ്കില്‍ ‘ക്ലീന്‍’ ഇന്ധനം ലഭിക്കും. ഉയര്‍ന്ന ഊര്‍ജക്ഷമതയാണ് മറ്റൊരു പ്രത്യേകത. കിലോഗ്രാമിനു 130 മെഗാജ്യൂളാണ് ഹൈഡ്രജന്റെ ഊര്‍ജസാന്ദ്രത. എന്നാല്‍ 46 മെഗാജ്യൂള് മാത്രമാണ് ഡീസലിന്റെ ഊര്‍ജസാന്ദ്രത. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നു വ്യത്യസ്തമായി പുനരുപയോഗിക്കാവുന്ന ഊര്‍ജമാണ് ഹൈഡ്രജന്‍.
ഹൈഡ്രജന്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന വാഹനങ്ങളില്‍ നിന്നു കാര്‍ബണ്‍ ഡയോക്സൈഡ് പോലെയുള്ള വാതകങ്ങള്‍ പുറംതള്ളില്ല. കഴിഞ്ഞ 11 വര്‍ഷമായി വിവിധ രാജ്യങ്ങളില്‍ ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന ബസുകള്‍ നിരത്തുകളിലുണ്ട്. ഇത്തരം വാഹനങ്ങള്‍ സംസ്ഥാനത്തിന് അനുയോജ്യമാണെന്നാണ് ഗതാഗതവകുപ്പിന്റെ വിലയിരുത്തല്‍. സംസ്ഥാന ബജറ്റില്‍ ഇതേക്കുറിച്ച് പ്രഖ്യാപനങ്ങളും ഉണ്ടായിരുന്നു. ഇത് സംബന്ധിച്ചുള്ള പ്രാരംഭ പഠനങ്ങള്‍ ഗതാഗത വകുപ്പിന് കീഴിലുള്ള ശ്രീചിത്ര തിരുനാള്‍ കോളേജില്‍ പുരോഗമിക്കുന്നുണ്ട്.
Read also… നെറ്റ്ഫ്ലിക്സ് വരിക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്. കാരണം വ്യക്തമാക്കിക്കൊണ്ട് കമ്പനി രംഗത്ത്.