
തിരുവനന്തപുരം: കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും ഉടന്‍ തുറക്കരുതെന്ന മുന്നറിയിപ്പ് നല്കി ഐഎംഎ. കേരളത്തില്‍ കൊറോണ വൈറസ് വ്യാപനം കുറവായിരുന്നെങ്കിലും ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുകയാണ്. പ്രവാസികളും അന്യസംസ്ഥാനത്ത് ആയിരുന്നവരും തിരിച്ചെത്തി തുടങ്ങിയപ്പോള്‍ സ്ഥിതി വഷളാകുകയാണ്. ദിനം പ്രതി രോഗബാധിതരുടെ എണ്ണം കൂടുകയാണ്. നിലവിലെ സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കരുതെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. ഒരു മാസമെങ്കിലും കുറഞ്ഞത് നീട്ടിവയ്ക്കണം. സ്കൂളുകളിലും കോളജുകളിലും വിദ്യാര്‍ത്ഥികള്‍ കൂട്ടം കൂടാനുള്ള സാഹചര്യമുണ്ട്. പ്രകടമായ ലക്ഷണങ്ങളില്ലാതെ തന്നെ രോഗ ബാധ ഉണ്ടാകാനും കുട്ടികള്‍ വൈറസ് വാഹകരാകാനുമുള്ള സാധ്യത ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടികളില്‍ നിന്ന് വീടുകളിലേക്ക് രോഗമെത്താം. കുഞ്ഞുങ്ങള്‍ , ഗര്‍ഭിണികള്‍ , പ്രായമായവര്‍ ഇവരുള്ള വീടുകളാണെങ്കില്‍ സ്ഥിതി ഗുരുതരമാകും. റിവേഴ്സ് ക്വാറന്റൈനും പാളും. സമൂഹ വ്യാപന സാധ്യതയും തള്ളിക്കളയാനാകില്ലെന്നാണ് ഐ.എം.എ ചൂണ്ടിക്കാട്ടുന്നത്.
വിദ്യാലയങ്ങളില്‍ രോഗ വ്യാപനമുണ്ടായാല്‍ നിയന്ത്രിക്കാനും ബുദ്ധിമുട്ടാകും.പരിശോധന കിറ്റുകളുടെ കുറവ് ഇപ്പോള്‍ തന്നെ ഉള്ളതിനാല്‍ കൂടുതല്‍ പേരില്‍ പരിശോധന നടത്തുന്നതും പ്രയാസകരമാകും. അദ്ധ്യയന വര്‍ഷം നഷ്ടമാകാതിരിക്കാന്‍ ഓണ്‍ലൈന്‍ പഠനം പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും ഐ.എം.എ വിദഗ്ധ സമിതി നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ഇരുപത്തിയൊന്നാം തീയതി പരീക്ഷ തുടങ്ങാനുള്ള കേരള സര്‍വകലാശാല തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികളുടെ കടുത്ത പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കാതെ പരീക്ഷ നടത്തുന്നതിനെതിരെയാണ് വിദ്യാര്‍ത്ഥികളുടെ പരാതി. 29ന് മുമ്ബായി പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്നുള്ള നിര്‍ദ്ദേശവും അപ്രായോഗികമാണെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
പൊതുഗതാഗം തുടങ്ങിയില്ലെങ്കില്‍ ജില്ലയ്ക്കുള്ളിലെ പരീക്ഷാകേന്ദ്രങ്ങളിലക്ക് പോലും എങ്ങനെ എത്താനാകുമെന്ന ആശങ്കയും വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. യാത്ര സാധ്യമായാലും കോളേജ് ഹോസ്റ്റലുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ താമസൗകര്യമുണ്ടാകില്ലെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. വൈസ് ചാന്‍സലര്‍, കോളേജ് പ്രിന്‍സിപ്പാള്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ലോക്ക് ഡൗണ്‍ മൂലം നിര്‍ത്തിവയ്ക്കേണ്ടി വന്ന പരീക്ഷകള്‍ 21 മുതല്‍ പുരനരാംഭിക്കാനുള്ള തീരുമാനമെടുത്തത്. പഠിക്കുന്ന കോളേജിലേക്ക് എത്താനാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സബ്സെന്ററുകളില്‍ ഒരുക്കാനും തീരുമാനമെടുത്തിരുന്നു. എന്നാല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ മാത്രമേ സബ് സെന്ററുകള്‍ അനുവദിച്ചിട്ടുള്ളൂ. മറ്റ് ജില്ലകളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എല്ലാ ജില്ലകളിലും ഒരു സബ് സെന്റര്‍ വീതമെങ്കിലും അനുവദിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
കോളേജുകളാണ് അധിക പരീക്ഷാകേന്ദ്രങ്ങള്ക്കായി അഭ്യര്‍ത്ഥിക്കേണ്ടതെന്നും ഈ നാല് ജില്ലകള്‍ക്ക് പുറമേ മറ്റ് ജില്ലകളില്‍ സബ്സെന്ററുകള്‍ ഒരുക്കാനാകില്ലെന്നുമാണ് കേരള സര്‍വകലാശാലയുടെ വിശദീകരണം. ഒരു പരീക്ഷാ കേന്ദ്രത്തിലേക്ക് എത്താനാകാത്ത കുട്ടികള്‍ക്കായി പിന്നീട് പ്രത്യേക പരീക്ഷ നടത്തുന്നത് പരിഗണിക്കുമെന്നും വൈസ് ചാന്‍സലര്‍ പറയുന്നു.