
ഇന്ന് സംസ്ഥാനത്ത് 12,443 പേര്‍ക്ക് കോവിഡ്; 115 മരണം
കേരളത്തിൽ ഇന്ന് 12,443 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂർ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട് 806, ആലപ്പുഴ 796, കോട്ടയം 640, കണ്ണൂർ 527, കാസർഗോഡ് 493, പത്തനംതിട്ട 433, ഇടുക്കി 324, വയനാട് 222 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,743 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ 2,18,53,900 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 115 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,948 ആയി.
ഇന്ത്യൻ ഇതിഹാസ അത്ലറ്റ് മില്‍ഖാ സിംഗ് അന്തരിച്ചു
ഇന്ത്യന്‍ ഇതിഹാസ അത്ലറ്റ് മില്‍ഖാ സിംഗ് അന്തരിച്ചു. 91 വയസായിരുന്നു. കൊവിഡ് സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ മൂലം വെള്ളിയാഴ്ച രാത്രി 11.30യോടെയാണ് മരണം സംഭവിച്ചത്. അദ്ദേഹത്തിന്റെ പത്നി നിര്‍മല്‍ കൗര്‍ അഞ്ച് ദിവസങ്ങള്‍ക്ക് മുമ്ബ് കൊവിഡ് രോഗം മൂലം മരണമടഞ്ഞിരുന്നു.
കഴിഞ്ഞ മാസമാണ് ഇദ്ദേഹത്തിന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഓക്സിജന്‍ നില താഴ്ന്നതിനാല്‍ ജൂണ്‍ മൂന്നാം തീയതി അദ്ദേഹത്തെ ചണ്ഡിഗറിലെ പിജിഐഎംഇആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി; നിയമനം വിവാദത്തിൽ
കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ സ്വീപ്പര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നല്‍കിയതിനെ ചൊല്ലി വിവാദം. കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാര്‍ക്കാണ് നിയമനം നല്‍കിയത്.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന
കൃപേഷിനേയും ശരത് ലാലിനേയും വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എം. പീതാബംരന്റെ ഭാര്യ മഞ്ജു, രണ്ടാം പ്രതി സി.ജെ.സജിയുടെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാം പ്രതി സുരേഷിന്റെ ഭാര്യ ബേബി എന്നിവർക്കാണ് നിയമനം നൽകിയിരിക്കുന്നത്.മാനദണ്ഡങ്ങള്‍ അട്ടിമറിച്ചാണ് താത്ക്കാലിക നിയമനമെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.നിയമനത്തിനെതിരെ കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛന് സത്യനാരായണനും രംഗത്തെത്തി.
വാക്സിനേഷന് വേഗത വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം
രാജ്യത്ത് കോവിഡ് വ്യാപന തോത് കുറഞ്ഞുവരുന്ന സാഹചര്യത്തിൽ വാക്സിനേഷൻ വേഗത്തിലാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം.കോവിഡ് വ്യാപന നിരക്ക് തകർക്കുന്നതിൽ നിർണായകമാണ് പ്രതിരോധ കുത്തുവെപ്പെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറഞ്ഞു.കോവിഡ് പ്രോട്ടോക്കോളുകളിൽ അലംഭാവം പാടില്ല. പരിശോധന-ചികിത്സ-വാക്സിനേഷൻ എന്നിവയിൽ വിട്ടുവീഴ്ച വരുത്തരുത്.
ഓരോ പ്രദേശത്തേയും സ്ഥിതിഗതികൾ വിലയിരുത്തിയാകണം നിയന്ത്രണം എടുത്തുകളയാനും ഏർപ്പെടുത്താനും. കേസുകൾ കുറയുന്നതോടെ ഇളവുകൾ നൽകേണ്ടത് ആവശ്യമാണ്. എന്നാൽ, എല്ലാം കൃത്യമായി അവലോകനം ചെയ്തുവെന്ന് ഉറപ്പാക്കിയതിന് ശേഷം വേണം എല്ലാം നടപ്പാക്കാനെന്നും അദ്ദേഹം പറഞ്ഞു.
മാതാപിതാക്കളടക്കം കുടുംബത്തിലെ നാലു പേരെ കൊന്നു;19-കാരൻ അറസ്റ്റിൽ
കൊൽക്കത്തയിൽ മാതാപിതാക്കളടക്കം കുടുംബത്തിലെ നാലു പേരെ കൊന്ന് കുഴിച്ചു മൂടിയെന്ന കേസിൽ 19-കാരൻ അറസ്റ്റിൽ. ബംഗാൾ മാൾഡ സ്വദേശിയായ ആസിഫ് മുഹമ്മദിനെയാണ് സഹോദരൻ ആരിഫിന്റെ(21) പരാതിയിൽ അറസ്റ്റ് ചെയ്തത്.മാതാപിതാക്കളെയും സഹോദരിയെയും മുത്തശ്ശിയെയും ആസിഫ് കൊലപ്പെടുത്തി വീടിനോട് ചേർന്ന ഗോഡൗണിൽ കുഴിച്ചിട്ടെന്നാണ് ആരിഫിന്റെ പരാതിയിൽ പറയുന്നത്. ആസിഫ് തന്നെ കൊല്ലാൻ ശ്രമിച്ചതോടെയാണ് പോലീസിൽ പരാതി നൽകിയതെന്നാണ് ആരിഫ് പറയുന്നത്.
ഇരുവരെയും പോലീസ് ചോദ്യംചെയ്തുവരികയാണ്.
ഇന്ത്യയുടെ പുതിയ ഐ.ടി. ചട്ടത്തില്‍ ആശങ്കയറിയിച്ച് ഐക്യരാഷ്ട്ര സഭ
ഇന്ത്യയിലെ ഐ.ടി. ചട്ടങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭ. പുതിയ ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമെന്ന് ചൂണ്ടിക്കാട്ടി യു.എൻ. പ്രത്യേക പ്രതിനിധി കേന്ദ്രത്തിന് കത്ത് നൽകി. പുതിയ ഐ.ടി. നിയമം അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണ്. ഇത് പുനഃപരിശോധിക്കണമെന്നും കത്തിൽ പറയുന്നു.ഇന്ത്യയുടെ ചട്ടങ്ങൾ പ്രകാരം നിയമവിരുദ്ധമായ പോസ്റ്റുകൾ മാത്രമല്ല, വാസ്തവമുള്ള പോസ്റ്റുകൾ പോലും സമ്മർദ്ദമുണ്ടായാൽ നീക്കേണ്ടി വരും. അത്തരം വ്യവസ്ഥകളുൾപ്പെടുന്നതാണ് ഇന്ത്യയുടെ പുതിയ ഐ.ടി. ചട്ടങ്ങളെന്ന് യു.എൻ. പ്രതിനിധി കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
സിനിമ വ്യാജപതിപ്പ് നിര്‍മിച്ചാല്‍ ജയില്‍ ശിക്ഷയും പിഴയും; കരട് ബില്‍ കേന്ദ്രം പുറത്തിറക്കി
സിനിമയുടെ വ്യാജ പതിപ്പ് ഉണ്ടാക്കിയാൽ ജയില്‍ ശിക്ഷയും പിഴയും. ഇതിനായുള്ള കരട് ബിൽ കേന്ദ്രസർക്കാർ പുറത്തിറക്കി. സിനിമാട്ടോഗ്രാഫ് ഭേദഗതി 2021 പ്രകാരം സിനിമയുടെ വ്യാജപതിപ്പ് നിർമിച്ചാൽ മൂന്ന് മാസം വരെ തടവുശിക്ഷയും മൂന്നു ലക്ഷം വരെ പിഴയും ഈടാക്കാനാണ് വ്യവസ്ഥ.
ഭേദഗതി നിയമപ്രകാരം സെൻസർ ബോർഡിന്റെ തീരുമാനത്തിൽ ഇടപെടാൻ കേന്ദ്രസർക്കാരിന് സാധിക്കും. വ്യാജപതിപ്പെന്ന പരാതി ലഭിച്ചാൽ സെൻസർബോർഡ് അനുമതി നൽകിയ സിനിമകൾ കേന്ദ്രത്തിന് പുനഃപരിശോധിക്കാം.
സംസ്ഥാനത്തെ
കോവാക്സിൻ ക്ഷാമത്തിന്
പരിഹാരം;97,500 ഡോസ് എത്തി
സംസ്ഥാനത്തെ കോവാക്സിൻ ക്ഷാമത്തിന് പരിഹാരം. 97,500 ഡോസ് കോവാക്സിൻ കേരളത്തിലെത്തി. 1.55 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനും ഇന്ന് രാത്രിയോടെ തിരുവനന്തപുരത്തെത്തിക്കും.
രണ്ടാഴ്ചയ്ക്ക് ശേഷമാണ് കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് കോവാക്സിൻ ലഭിക്കുന്നത്. ജൂൺ അഞ്ചിനാണ് അവസാനം വാക്സിൻ ലഭിച്ചത്. ഇവ ഒരാഴ്ചയ്ക്കുള്ളിൽ തീർന്നതോടെ എല്ലാ ജില്ലകളിലും കോവാക്സിൻ ക്ഷാമം രൂക്ഷമായിരുന്നു.നാളെയും മറ്റന്നാളുമായി വിവിധ ജില്ലകളിൽ കോവാക്സിൻ കുത്തിവെപ്പ് പുനരാരംഭിച്ചേക്കും.
സിനിമ തിയേറ്ററുകളുടെ പ്രവര്‍ത്തനം കുറയുന്നതിന് അനുസരിച്ച്
കോവിഡ് വ്യാപനം കുറയുന്നതിന് അനുസരിച്ച് മാത്രമേ സിനിമ തിയേറ്ററുകൾ തുറക്കാൻ സാധിക്കൂവെന്ന് മന്ത്രി സജി ചെറിയാൻ.സർക്കാർ നിയന്ത്രണത്തിലുളള ഒ.ടി.ടി. പ്ലാറ്റ്ഫോം വഴി സിനിമകൾ പ്രദർശിപ്പിക്കുന്നതിനുളള നടപടികൾ പുരോഗമിക്കുന്നുണ്ട്.നിലവിൽ സിനിമകൾക്ക് വിനോദ നികുതി ഒഴിവാക്കുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ടുണ്ട്.സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വിനോദനികുതി ഒഴിവാക്കണമെന്ന സിനിമാസംഘടനകളുടെ ആവശ്യവും സർക്കാരിന് മുന്നിലുണ്ട്. ഇക്കാര്യത്തിൽ പ്രയോഗിക ബുദ്ധിമുട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് മൂന്നാം തരംഗം ആഴ്ചകൾക്കകം; മുന്നറിയിപ്പുമായി എയിംസ് മേധാവി
രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം അടുത്ത് ആറ്– എട്ട് ആഴ്ചയ്ക്കകം ഉണ്ടാകുമെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ.വിവിധ സംസ്ഥാനങ്ങൾ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എയിംസ് മേധാവിയുടെ വെളിപ്പെടുത്തൽ. കോവിഡിന്റെ ഒന്ന് രണ്ട് തരംഗങ്ങളിൽ നിന്ന് ആളുകൾ ഒന്നും പഠിച്ചതായി തോന്നുന്നില്ല. ആൾക്കൂട്ടങ്ങളുണ്ടാകുന്നു, ജനം ഒത്തുചേരുന്നതായും അദ്ദേഹം പറഞ്ഞു. പ്രതിദിന കോവിഡ് കണക്ക് കുറഞ്ഞുവരുന്നതിനിടെയാണ് മൂന്നാം തരംഗമെന്ന മുന്നറിയിപ്പ് വരുന്നത്.
കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.https://bit.ly/3jhwCp6