
ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ പ്രധാനമന്ത്രി മോഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യക്തമാക്കിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ചൈനീസ് ആക്രമണത്തിന് മുന്നില്‍ ഇന്ത്യന്‍ ഭൂപ്രദേശം മോഡി അടിയറ വെച്ചുവെന്ന് ആരോപിച്ച രാഹുല്‍ ഗാന്ധി, ശക്തമായ ചോദ്യങ്ങളും ചോദിച്ചു. ചൈനയുടെ ഭൂപ്രദേശമാണെങ്കില്‍ എങ്ങനെ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നും എവിടെ വെച്ചാണ് അവര്‍ കൊല്ലപ്പെട്ടതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് രാഹുല്‍ മോഡിക്കെതിരെ ആഞ്ഞടിച്ചത്. ഇന്ത്യയുടെ അതിര്‍ത്തി ആരും മറികടന്നിട്ടില്ലെന്നും ഇന്ത്യയുടെ പോസ്റ്റുകള്‍ പിടിച്ചെടുത്തിട്ടില്ലെന്നുമാണ് സര്‍വ്വകക്ഷി യോഗത്തിന് ശേഷം രാജ്യത്തോട് പ്രധാനമന്ത്രി പറഞ്ഞത്.