ചൈനീസ് അതിര്‍ത്തിയില്‍ അഴിച്ചുപണി… പതിറ്റാണ്ടുകള്‍ പഴക്കമുള്ള പ്രതികരണരീതിയില്‍ മാറ്റം വരുത്താനൊരുങ്ങി ഇന്ത്യന്‍ സൈന്യം


Spread the love

ഡല്‍ഹി: ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ ചൈനയോടുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള പ്രതികരണ രീതിയില്‍ മാറ്റം വരുത്താന്‍ ഇന്ത്യന്‍ സൈന്യം ആലോചിക്കുന്നതായി വിവിധ ദേശിയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗല്‍വാന്‍ സംഘര്‍ഷത്തിന് പിന്നാലെ പ്രതികരണരീതിയില്‍ മാറ്റം വരുത്താന്‍ സൈന്യം ആലോചിക്കുന്നതായി എന്‍.ഡി.ടി.വിയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. സംഘര്‍ഷമുണ്ടായാല്‍ വെടിവയ്ക്കരുത് എന്നതുള്‍പ്പെടെയുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള പ്രതികരണരീതിയാണ് ഇന്ത്യന്‍ സൈന്യം ഇപ്പോഴും അതിര്‍ത്തിയില്‍ പിന്തുടരുന്നത്.
തിങ്കളാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. സംഘര്‍ഷത്തില്‍ ചൈനീസ് പക്ഷത്തിലും വന്‍ ആള്‍നാശം ഉണ്ടായിട്ടുണ്ട്. കൃത്യമായ കണക്കുള്‍ പുറത്തുവന്നിട്ടില്ലെങ്കിലും 45 ഓളം ചൈനീസ് സൈനികര്‍ മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് സൂചന.
അതേസമയം ഇന്ത്യചൈന അതിര്‍ത്തിയില്‍ ജീവന്‍ വെടിഞ്ഞ ധീരസൈനികരുടെ ത്യാഗം വ്യര്‍ഥമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ എന്നും സമാധാനമാണ് ആഗ്രഹിച്ചത്, എന്നാല്‍ പ്രകോപിപ്പിച്ചാല്‍ ഏതു സാഹചര്യത്തിലും കനത്ത മറുപടി കൊടുക്കാന്‍ ഇന്ത്യ സര്‍വസജ്ജമാണ്. കോവിഡ് പ്രതിസന്ധി വിലയിരുത്താന്‍ വിളിച്ച മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിങ് കൂടിക്കാഴ്ചയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ചൈനീസ് സൈനികരുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച ഇന്ത്യന്‍ ജവാന്മാരെയോര്‍ത്ത് രാജ്യം അഭിമാനിക്കുന്നു. രാജ്യത്തിന്റെ പരമാധികാരവും ഐക്യവുമാണു പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. സൈനികരുടെ വീരമൃത്യുവില്‍ ആദരമര്‍പ്പിച്ച് രണ്ട് മിനിറ്റ് മൗനമാചരിക്കുകയും ചെയ്തു. അതിന് ശേഷമാണ് യോഗം ആരംഭിച്ചത്. 15 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും മുഖ്യമന്ത്രിമാരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close