
രാജ്യത്തെ തൊഴിലവസരങ്ങൾ പരമാവധി വർധിപ്പിക്കുവാനും, അതുവഴി വ്യാവസായിക പുരോഗതി ഉറപ്പ് വരുത്തുവാനുമുള്ള ശ്രമത്തിലാണ് കേന്ദ്ര ഗവൺമെന്റ്. അതിനായി ഇറക്കുമതി കഴിവതും ഒഴിവാക്കി പ്രതിരോധ ഉപകരണങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുവാനുള്ള വഴികൾ തേടുകയാണ് പ്രതിരോധ വകുപ്പ്. ആർമിയുടെ ആവശ്യങ്ങൾക്കായുള്ള ഉയർന്ന ഭാര വാഹക ശേഷിയുള്ള ട്രക്കുകളുടെ നിർമാണത്തിനായുള്ള ഒരു ലക്ഷം കോടി രൂപയുടെ കരാർ ടാറ്റാ മോട്ടോഴ്സുമായി പ്രതിരോധ വകുപ്പ് ഒപ്പ് വച്ചു.
ചെക്ക് റിപ്പബ്ലിക്കിൽ നിന്നും കിറ്റുകളായി ഇറക്കുമതി ചെയ്ത് പൊതുമേഖല സ്ഥാപനമായ ഭാരത് എർത് മൂവേഴ്സ് ലിമിറ്റഡ് അവരുടെ പാലക്കാട്, കഞ്ചിക്കോട്ടുള്ള പ്ലാന്റിൽ അസ്സെംബിൾ ചെയ്തിരുന്ന ഹെവി ഡ്യൂട്ടി ട്രക്കുകൾക്ക് പകരക്കാരനായാണ് ടാറ്റ മോട്ടോർസ് എത്തുന്നത്. 1239 ഹെവി ഡ്യൂട്ടി ട്രക്കുകളുടെ നിർമാണത്തിന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം ടാറ്റാ മോട്ടോഴ്സുമായി കരാർ ഒപ്പു വച്ചതോടെ ദശാബ്ദങ്ങളോളം നീണ്ടുനിന്ന ചെക്ക് റിപ്പബ്ലിക്കൻ നിർമിത മിലിറ്ററി ട്രക്കുകളായ “ടാട്ര” യുടെ ഇന്ത്യൻ പ്രതിരോധ മേഖലയിലെ ഏകാധിപത്യത്തിനാണ് തിരശീല വീഴുന്നത്.
പ്രതിരോധ വകുപ്പ് ടാറ്റാ മോട്ടോഴ്സുമായി 6 X 6, H.M.V. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന 6 X 6 വീൽ ഡ്രൈവ് ഹൈ മൊബിലിറ്റി വെഹിക്കിൾസ് നിർമിക്കുവാനുള്ള കരാറാണ് ഒപ്പ് വച്ചത്. അശോക് ലെയ്ലാൻഡ് ഡിഫെൻസ് സിസ്റ്റംസ് ലിമിറ്റഡ്, ചെക്ക് റിപ്പബ്ലിക്ക് ആസ്ഥാനമായുള്ള മിലിട്ടറി വാഹന നിർമാതാക്കളായ ടാട്രയ്ക്ക് വേണ്ടി അവരുടെ ഇന്ത്യൻ നിർമ്മാണ പങ്കാളികളായ B.E.M.L., ജർമനിയിലെ M.A.N. നു വേണ്ടി അവരുടെ ഇന്ത്യയിലെ പങ്കാളികളായ ഫോഴ്സ് മോട്ടോർസ് തുടങ്ങിയ പ്രതിരോധ വാഹന നിർമ്മാണ രംഗത്തെ അതികായന്മാരെ പിന്തള്ളിയാണ് ടാറ്റ മോട്ടോർസ് കരാർ സ്വന്തമാക്കിയത്. ഉയർന്ന ഭാരവാഹക ശേഷിയുള്ള ഇത്തരം വാഹനങ്ങളിൽ, ഭാരം സ്വയം കയറ്റുവാനും, ഇറക്കുവാനും കഴിയുന്ന ക്രെയിനുകൾ കൂടി ഉൾപ്പെടുത്തിയായിരിക്കും നിർമിക്കുന്നത്. നിലവിലെ 8 വീൽ ഡ്രൈവ് ഹൈ മൊബിലിറ്റി ട്രക്കുകളുടെയും, ഹൈ ഫീൽഡ് ആർട്ടിലറി ട്രക്കുകളുടെയും (F.A.T.) കരാറുകൾ തുടരും. 400 കോടി ഇന്ത്യൻ രൂപ വിലമതിക്കുന്ന 8 വീൽ ഡ്രൈവ് H.M.V. യുടെ 255 യൂണിറ്റുകളും, ഫീൽഡ് ആർട്ടിലെറി ട്രാക്ടറുകളുടെ 80 കോടി രൂപ വിലമതിക്കുന്ന 100 യൂണിറ്റുകളുമാണുള്ളത്.
രാജ്യത്തിൻറെ പ്രതിരോധ ആവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ കഴിവതും ഇന്ത്യയിൽ തന്നെ നിർമ്മിക്കണം എന്നുള്ളത് തികച്ചും സ്വാഗതാർഹമായ ഒരു തീരുമാനം തന്നെയാണ്. ന്യൂക്ലിയർ അന്തർ വാഹിനികൾ തദ്ദേശീയമായി നിർമിച്ച, പുത്തൻ തലമുറ ഫൈറ്റർ ജെറ്റുകളും, ഭൂഖണ്ടാനന്തര മിസൈലുകളും വികസിപ്പിച്ചെടുത്ത ഇന്ത്യ, ട്രക്കുകളുടെ നിർമ്മാണത്തിനായി വിദേശ കമ്പനികളെ ആശ്രയിക്കുകയും, ഇറക്കുമതി ചെയ്യുന്നതും വൈരുധ്യമാണ്, അത് കൊണ്ട് തന്നെയാണ് പ്രതിരോധ വകുപ്പിലെ സുപ്രധാനമായ കരാറിൽ വിദേശ രാജ്യങ്ങളെ പുറംതള്ളി കൊണ്ട് ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയായ ടാറ്റയ്ക്ക് കരാർ ലഭിച്ചത് രാജ്യ സ്നേഹികളായ എല്ലാ ഇന്ത്യക്കാരുടെയും അഭിമാനം ഉയർത്തുന്നത്.
Read also : “മഹീന്ദ്ര രക്ഷക്”
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2