യുദ്ധമുഖത്തെ ഇന്ത്യയുടെ പോർവിമാനങ്ങൾ


Spread the love

ലോകത്തിലെ വ്യോമ സേനകളിൽ നാലാം സ്ഥാനത്തു നിൽക്കുന്ന ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ചങ്കുറപ്പോടെയും, രാജ്യ സ്നേഹത്തോടെയും പൊരുതുന്ന സേനാംഗങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. വ്യോമ സേനാംഗങ്ങളെ കൃത്യതയോടെ ആകാശമാർഗം ശത്രുക്കൾക്കെതിരെ പോരാടുവാൻ സഹായിക്കുന്ന പോർ വിമാനങ്ങളുടെ പങ്കും ഇന്ത്യൻ വ്യോമസേനയിൽ വളരെ നിർണായകമാണ്. ഇന്ത്യയുടെ പ്രധാനപെട്ട പോർവിമാനങ്ങളെ പരിചയപ്പെടാം.

സുഖോയ് 30 എം കെ ഐ

ഇന്ത്യൻ വ്യോമസേനയുടെ ആകാശദൗത്യങ്ങൾ നിറവേറ്റുവാൻ സഹായിക്കുന്ന പ്രധാന പോർ വിമാനമായ സുഖോയ് 30 എം.കെ.ഐ റഷ്യൻ ഏയ്‌റോസ്പേസ് കമ്പനിയായ സുഖോയ് വികസിപ്പിച്ചെടുത്തതും തുടർന്നു ലഭിച്ച ലൈസൻസ് പ്രകാരം ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് അഥവാ എച്ച്.എ.എൽ നിർമ്മിച്ചതുമാണ്. ഒരേ സമയം രണ്ട് പൈലറ്റുമാരെ വഹിക്കുവാൻ ശേഷിയുള്ളതും രണ്ട് എൻജിനുകളാൽ പ്രവർത്തിക്കപ്പെടുന്നവയും ആയതിനാൽ സുഖോയ് 30 എം.കെ.ഐ യുടെ ഏതെങ്കിലുമൊരു എൻജിന് അപ്രതീക്ഷിതമായി തകരാറ് സംഭവിച്ചാലും വിമാനത്തിന്റെ പ്രവർത്തന ക്ഷമത രണ്ടാം എഞ്ചിനാൽ ഭദ്രമാക്കപെടുന്നു. ഇന്ത്യൻ നിർമ്മിതമായ ബ്രഹ്മോസ് മിസൈലിനൊപ്പം മറ്റ് പല ആകാശത്തുനിന്നും നിന്ന് ആകാശത്തേക്കും, ആകാശത്തു നിന്നും ഭൂമിയിലേയ്ക്കും തൊടുക്കാവുന്ന മിസൈലുകൾ പ്രയോഗിക്കുവാനും കഴിയും. പല തവണ സുഖോയ് 30 എം.കെ.ഐ പരിഷ്‌ക്കരിച്ച് ആധുനികം ആക്കുകയും ചെയ്തിട്ടുണ്ട്. മണിക്കൂറിൽ 2500 കി.മി പരമാവധി വേഗത ലഭിക്കുന്ന 200 ൽ പരം സുഖോയ് 30 എം.കെ. ഐ. വിമാനങ്ങൾ ഇന്ത്യൻ വ്യോമസേന ഉപയോഗിച്ച് വരുന്നു.

ഡസാൾട്ട് മിറേജ് 2000
ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ ദൗത്യങ്ങൾക്ക് കരുത്തേകുന്ന ഡസാൾട്ട് മിറേജ് 2000 ഫ്രഞ്ച് എയർക്രാഫ്റ്റ് നിർമ്മാതാക്കളായ ഡസാൾട്ട് ഏവിയേഷനാണ് നിർമ്മിച്ചത്. 1980ൽ ഇന്ത്യൻ വ്യോമസേന 49 മിറേജ് 2000 ശ്രേണിയിലെ വിമാനങ്ങൾ ഡസാൾട്ട് ഏവിയേഷനിൽ നിന്ന് വാങ്ങി. അതിൽ 42 എണ്ണം ഒരു പൈലറ്റിന് മാത്രം ഇരിക്കുവാൻ കഴിയുന്ന സിംഗിൾ സീറ്റർ വിമാനങ്ങളും ബാക്കി 7 എണ്ണം ഡ്യൂവൽ സീറ്റർ വിമാനങ്ങളുമായിരുന്നു. 2004 ൽ ഇന്ത്യൻ വ്യോമ സേനക്കായി 10 മിറേജ് 2000 യുദ്ധവിമാനങ്ങൾ കൂടി വാങ്ങുവാൻ പദ്ധതിയിട്ടു. ഡസാൾട്ട് ഏവിയേഷൻ തന്നെ വികസിപ്പിച്ചെടുത്ത സ്നേക്‌മ എം.53 ആഫ്റ്റർ ബർണിങ് ടർബോ ഫാനോടുകൂടിയ എൻജിൻ മിറേജ് 2000 ന് യുദ്ധമേഖലയിലേക്ക് അതിവേഗം പറന്നുയരുവാനുള്ള കരുത്തേകുന്നു. ലേസർ നിയന്ത്രിത ബോംബുകളും, ആകാശത്തു നിന്ന് ആകാശത്തേക്കും, ഭുമിയിലേയ്ക്കും മിസൈലുകൾ തൊടുക്കുവാൻ ശേഷിയുള്ളവയും അതിനോടൊപ്പം 6.3 ടൺ വരെ ഭാരം വഹിച്ച് മണിക്കൂറിൽ 2336 കി.മി വേഗതയിൽ പറക്കുവാനും കഴിയുന്ന മിറേജ് 2000 ഇന്ത്യൻ വ്യോമസേനയ്ക്ക് എന്നും മുതൽക്കൂട്ടാണ്.

സെപേകേറ്റ് ജാഗ്വാർ
ഇന്ത്യൻ വ്യോമസേന എക്കാലവും വിശ്വസ്തതയോടെ ഉപയോഗിച്ചു പോരുന്ന ഒരു യുദ്ധവിമാനമാണ് ഫ്രഞ്ച് കമ്പനിയായ ബ്രെഗുയെറ്റിന്റെയും, ബ്രിട്ടീഷ് കമ്പനിയായ ബ്രിട്ടീഷ് എയർക്രാഫ്റ്റ് കോർപ്പറേഷന്റേയും സംയുക്ത പങ്കാളിത്തത്തോടെയുള്ള സെപേകേറ്റ് നിർമിച്ച ആംഗ്ലോ ഫ്രഞ്ച് യുദ്ധവിമാനമായ സെപേകേറ്റ് ജാഗ്വാർ. ഒറ്റ സീറ്റും രണ്ട് എൻജിനുകളോട് കൂടിയതുമായ സെപേകേറ്റ് ജാഗ്വാർ മോണോപ്ലെയിൻ ഡിസൈൻ എന്ന പ്രത്യേകതയുള്ള ഡെൽറ്റ ഷേപ്പിലുള്ള ചിറകോടു കൂടിയാണ് നിർമ്മിച്ചിരിക്കുന്നത്. റോൾസ് – റോയ്‌സ് ടർബോ നിർമിത അഡോർ ടർബോ ഫാൻ എൻജിൻ ഉപയോഗിച്ചിരിക്കുന്ന സെപേകേറ്റ് ജാഗ്വാറിന് മണിക്കൂറിൽ 1350 കി.മി വേഗതയിൽ പറക്കുവാനാകും. 40 ജാഗ്വാർ വിമാനങ്ങൾ യൂറോപ്പിൽ നിർമ്മിക്കുകയും ബാക്കി 120 ജാഗ്വാർ വിമാനങ്ങൾ ഇന്ത്യയിലെ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡിൽ ഷംഷേർ എന്ന പേരിൽ നിർമ്മിക്കുവാൻ കരാറൊപ്പിട്ട ഇന്ത്യ ഇതിനോടകം തന്നെ എൺപതിൽപരം ജാഗ്വാർ വിമാനങ്ങൾ എച്ച്.എ.എല്ലിന്റെ കീഴിൽ പല അത്യാധുനിക മിസൈൽ വാഹക ശേഷിയോടെ കൂടി ഇന്ത്യയിൽ നിർമ്മിച്ചു കഴിഞ്ഞു.

എച്.ഏ.എൽ. തേജസ്

ഇന്ത്യൻ വ്യോമസേനയുടെയും ഇന്ത്യൻ നാവികസേനയുടെയും വിവിധ ആവശ്യങ്ങൾക്കായി ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമായ ഏറോനോട്ടിക്കൽ ഡെവലപ്മെൻറ് ഏജൻസിയും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും സംയുക്തമായി നിർമ്മിച്ച യുദ്ധവിമാനമാണ് എച്ച്.എ.എൽ. തേജസ്. ഇവ ഡെൽറ്റ വിംഗ് അഥവ ത്രികോണ ആകൃതിയിലുള്ള ചിറകോട് കൂടിയതും ഒറ്റ എഞ്ചിനിൽ പ്രവർത്തിക്കുന്നവയുമാണ്. ഫ്ലൈ ബൈ വയർ ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റം എന്ന സാങ്കേതിക വിദ്യ വഴി വിമാനത്തിനെ ഇലക്ട്രോണിക്സ് സിഗ്നൽ സംവിധാനം വഴി നിയന്ത്രിക്കുവാൻ കഴിയുന്നു. കോംപോസിറ്റ് മെറ്റീരിയൽ കൊണ്ടാണ് എച്.എ.എൽ. തേജസിന്റെ പുറം ചട്ട ശക്തിപ്പെടുത്തിയിരിക്കുന്നത്. 5300 kg ഭാരം വഹിച്ച് മണിക്കൂറിൽ 2205 കി.മി വേഗതയിൽ പറക്കുവാൻ കഴിയുന്ന എച്ച്.എ.എൽ തേജസിൽ ജനറൽ ഇലക്ട്രിക് എഫ് 404- ജിഇ- എഫ് 2 ജെ 3 ടർബോ ഫാൻ വിത്ത് ആഫ്റ്റർ ബർണർ ഉള്ള എൻജിൻ ആണ് ഉപയോഗിച്ചിരിക്കുന്നത്. വായുവിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിസൈലുകളായ അസ്ത്ര, ഡെർബി തുടങ്ങിയവയും മറ്റു പല നൂതന ആയുധ സംവിധാനങ്ങളും എച്ച്.എ.എൽ തേജസിൽ ഉപയോഗിച്ചു പോരുന്നു.

ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ് ഇന്ത്യൻ മൾട്ടി നാഷണൽ കമ്പനിയായ ടാറ്റാ ഗ്രൂപ്പിന്റെ ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ് നിർമിക്കുന്ന ആളില്ലാ നിരീക്ഷണ വിമാനങ്ങൾ ആയ അക്വിലോൺ യു.എ.വി., അക്വിലോൺ മിനി യു.എ.വി. എന്നിവയും, അമേരിക്കയിലെ ബോയിങ്ങും ടാറ്റ ഗ്രൂപ്പും സംയുക്തമായി സ്ഥാപിച്ച ടാറ്റാ ബോയിങ് ഏറോസ്പേസ് ലിമിറ്റഡ് പൂർണമായും ഇന്ത്യയിൽ നിർമിക്കുന്ന അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഇന്ത്യൻ എയർ ഫോഴ്‌സിന്റെ നെടുംതൂണുകൾ ആണ്. ഇവയെ പറക്കുന്ന പാറ്റൺടാങ്കുകൾ എന്ന് വിശേഷിപ്പിക്കാവുന്നതാണ്. ബോയിങ്ങിന്റെ ചിനൂക്, എ.എച് 64, ജർമൻ നിർമിത ഡോണിയർ ട്രാൻസ്‌പോർട് വിമാനങ്ങൾ, എന്നിവയെ കൂടാതെ എച്.എ.എൽ നിർമിതമായ ധ്രുവ്, ചേതക്, ചീറ്റ, രുദ്ര, കിരൺ, എന്നി കരുത്തുറ്റ ഇന്ത്യൻ നിർമിത യുദ്ധ വിമാനങ്ങളും ഇന്ത്യൻ വ്യോമ സേനയുടെ കരുത്തായി ആകാശ ദൗത്യങ്ങളിൽ കൂടെയുണ്ട്, അവ ദേശസ്നേഹികളായ എല്ലാ ഇന്ത്യക്കാരുടെയും അഭിമാനം കൂടിയാണ്.

ഫ്രഞ്ച് വിമാന നിർമാതാക്കളായ ഡസാൾട്ട് ഏവിയേഷനാൽ നിർമിതമായ റാഫേൽ ഓർഡർ പ്രകാരം എത്തേണ്ട സമയം കഴിഞ്ഞു, യൂറോപ്യൻ രാജ്യങ്ങളിലെ കൊറോണ ബാധ കാരണം ഇവ എത്തിക്കുന്നതിൽ കുറച്ച് കാലതാമസം നേരിട്ടിട്ടുണ്ട്. റാഫേൽ യുദ്ധവിമാനങ്ങൾ കൂടി എത്തുന്നതോടെ ഇന്ത്യൻ വ്യോമസേന കൂടുതൽ കരുത്തോടെ പൊരുതാൻ സുസജ്ജരായിത്തീരും.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനപ്രദമായെങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യു.. കൂടുതൽ അറിവുകൾക്കും വർത്തകൾക്കുമായ് എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക്‌ ചെയ്യുക.
Expose kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close