
തിരുവനന്തപുരം: തിരുവനന്തപുരം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് തനിക്ക് ഐ ഫോണ്‍ നല്‍കിയെന്ന ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്തോഷ് ഈപ്പന് വക്കീല്‍ നോട്ടീസ് അയച്ചു. സന്തോഷ് ഈപ്പന് നല്കിയ ഹര്‍ജിയിലെ തെറ്റായ ആരോപണങ്ങള്‍ തനിക്ക് അപകീര്‍ത്തി ഉണ്ടാക്കിയെന്ന് ചെന്നിത്തല വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.യു.എ.ഇ. ദിനാഘോഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന് സ്വപ്ന വഴി ഐ ഫോണ്‍ സമ്മാനിച്ചുവെന്നായിരുന്നു സന്തോഷ് ഈപ്പന്റെ ആരോപണം. ലൈഫ് മിഷന് ക്രമക്കേടുമായി ബന്ധപ്പെട്ട സി.ബി.ഐ. അന്വേഷണത്തിനെതിരേ സന്തോഷ് ഈപ്പന് ഹൈക്കോടതയില്‍ നല്കിയ ഹര്‍ജിയിലാണ് ഐ ഫോണ്‍ നല്കിയ കാര്യം വ്യക്തമാക്കിയത്.
പതിനഞ്ച് ദിവസത്തിനകം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. ഏറ്റവും കുറഞ്ഞത് മൂന്ന് പ്രധാന മാധ്യമങ്ങളിലൂടെ ഇക്കാര്യം പ്രസിദ്ധീകരിക്കണം. അല്ലാത്തപക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്നും ചെന്നിത്തല വക്കീല്‍ നോട്ടീസില്‍ അറിയിച്ചു. തനിക്കെതിരായ സന്തോഷ് ഈപ്പന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ സിപിഎം ആണെന്നും സിപിഎമ്മിനെ പ്രീതിപ്പെടുത്തി സിബിഐ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനാണ് സന്തോഷ് ഈപ്പന്റെ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു.