
ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ 12 വർഷമായി തുടരുന്ന ഭരണത്തിന് അവസാനമായി. തീവ്രദേശീയവാദിയായ നാഫ്തലി ബെനറ്റ് ആണ് പുതിയ പ്രാധാനമന്ത്രി.നെതന്യാഹുവിന്റെ മുൻ അനുയായിയും വലതുപക്ഷ പാർട്ടി യമിനയുടെ നേതാവുമാണ് നാഫ്തലി ബെനറ്റ്.59 നെതിരെ 60 വോട്ടുകൾക്കാണ് സഖ്യകക്ഷി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയത്. അടിയന്തിര ക്നെസ്സെറ്റ് ചേർന്നാണ് വിശ്വാസ വോട്ടെടുപ്പ് നടത്തിയത്.ഇസ്രായേലിലെ പരമോന്നത ഏകീകൃത ദേശീയ നിയമസഭയാണ് ക്നെസ്സെറ്റ്.
നാഫ്തലി ബെനറ്റും മറ്റൊരു പ്രതിപക്ഷ കക്ഷി നേതാവായ യെയിർ ലാപിഡും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം പ്രധാനമന്ത്രിപദത്തിലെ ആദ്യ ഊഴം നാഫ്തലിക്ക് ആയിരിക്കും. ഇതുപ്രകാരം 2023 സെപ്റ്റംബർ വരെ ആയിരിക്കും നാഫ്തലിയുടെ കാലാവധി. അതിനു ശേഷമുള്ള രണ്ടുവർഷം ലാപിഡ് ആയിരിക്കും ഭരിക്കുക.
വിശ്വാസ വോട്ടെടുപ്പിനു മുൻപുതന്നെ എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് ഫെയ്സ്ബുക്കിലും ട്വിറ്ററിലും നെതന്യാഹു പോസ്റ്റുകൾ ഇട്ടിരുന്നു. ഇസ്രയേലിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി ആയ ആളാണ് നെതന്യാഹു. അതേസമയം നെതന്യാഹു അധികാരത്തിൽനിന്ന് പുറത്താകുന്നതോടെ അഴിമതി ഉൾപ്പെടെ നിരവധി കേസുകളിൽ വിചാരണ നേരിടേണ്ടി വന്നേക്കും.
ഇസ്രായേല്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സംഭവം ആയിരുന്നു നെതന്യാഹുവിനെതിരെയുള്ള കൈക്കൂലി കേസ്.ധനികരില്‍ നിന്ന് വില കൂടിയ സമ്മാനങ്ങള്‍ സ്വീകരിച്ചു, തിരഞ്ഞെടുപ്പ് വിജയത്തിനായി മാധ്യമങ്ങളെ സ്വാധീനിച്ചു തുടങ്ങിയ മൂന്ന് കേസുകളാണ് നെതന്യാഹുവിനെതിരെയുള്ളത്.
ഇലക്ഷൻ നടക്കാൻ ഇരിക്കെ
ഏതാനും മാസങ്ങൾക്ക് മുൻപ് നെതന്യാഹുവിൻെറ
അഴിമതിക്കെതിരെ പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിലിറങ്ങിയിരുന്നു.അധികാരത്തിലിരിക്കെ വിചാരണ നേരിടേണ്ടി വരുന്ന ആദ്യത്തെ ഇസ്രായേല്‍ പ്രധാനമന്ത്രിയാണ് നെതന്യാഹു.