ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ പട്ടികയിലേക്ക് ഇനി ഒന്ന് കൂടി…; ജയ്‌പൂർ ക്രിക്കറ്റ് സ്റ്റേഡിയം


Spread the love

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയമാകാനൊരുങ്ങുകയാണ് ജയ്പൂർ സ്റ്റേഡിയം. ഇതോടെ ലോകത്തെ ഏറ്റവും വലിയ രണ്ട് ക്രിക്കറ്റ് സ്റ്റേഡിയങ്ങളാണ് ഇന്ത്യക്ക് സ്വന്തമാകുന്നത്. 75,000 പേർക്ക് ഇരുന്ന് കാണാവുന്ന സൗകര്യമുള്ള ഭീമൻ സ്റ്റേഡിയമാണ് ജയ്‌പൂരിലെ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്. രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ 350 കോടി മുതൽ മുടക്കിലാണ് സ്റ്റേഡിയം നിർമിക്കുന്നത്. സ്റ്റേഡിയത്തിനായി 100 ഏക്കർ സ്ഥലം അസോസിയേഷൻ ഏറ്റെടുത്തു കഴിഞ്ഞതായാണ് വിവരം . ജയ്പൂരിൽ നിന്ന് 25 കിലോമീറ്റർ അകലെ ചോമ്പ് ഗ്രാമത്തിലാണ് സ്റ്റേഡിയം നിർമിക്കുന്നത്. ജയ്പൂർ-ഡൽഹി ഹൈവേയിലാണ് സ്ഥലം. രണ്ട് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

കോവിഡ് വ്യാപനം പ്രതിസന്ധി സൃഷ്ടിക്കുമെങ്കിലും നാലു മാസത്തിനുള്ളിൽ സ്റ്റേഡിയം നിർമാണം ആരംഭിക്കുമെന്ന് രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. 30,000 പേർക്ക് ഇരിക്കാവുന്ന സവായ് മാൻസിംഗ് സ്റ്റേഡിയത്തിലാണ് നിലവിൽ ജയ്പൂരിലെ മത്സരങ്ങൾ നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ മൊട്ടേര സ്റ്റേഡിയവും ഇന്ത്യയിലാണ്. അഹമ്മദാബാദിലുള്ള ഈ സ്റ്റേഡിയത്തിൽ 110,000 പേർക്ക് ഇരിക്കാനാകും. മെൽബണിലെ ക്രിക്കറ്റ് സ്റ്റേഡിയമാണ് വലുപ്പത്തിൽ രണ്ടാമതുള്ളത്. 1.02 ലക്ഷം പേരെയാണ് ഇവിടെ ഉൾക്കൊള്ളുക. 63 ഏക്കറിൽ പണിതുയർത്തിയതാണ് മൊട്ടേരയിലെ കൂറ്റൻ സ്റ്റേഡിയമെങ്കിൽ, ജയ്പൂരിലെ സ്റ്റേഡിയം 100 ഏക്കറോളം സ്ഥലത്താണ് നിർമിക്കുന്നത് എന്നതാണ് പ്രത്യേകത. 75,000ത്തോളം പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന് പ്രതീക്ഷിക്കുന്ന ചെലവ് ഏതാണ്ട് 350 കോടി രൂപയാണ്.45,000 പേർക്ക് ഇരിക്കാവുന്ന തരത്തിലാണ് ആദ്യ ഘട്ട നിർമാണം.

രണ്ടാം ഘട്ടത്തിൽ ഇതു വിപുലീകരിക്കും. രണ്ടു വർഷമാണ് നിർമാണ കാലാവധി. ഇൻഡോർ ഗെയിംസിനുള്ള സൗകര്യങ്ങൾ സ്റ്റേഡിയത്തിലുണ്ടാകും. സ്പോർട്സ് ട്രെയിനിംഗ് അക്കാദമികൾ, ക്ലബ് ഹൗസ് എന്നിവയ്ക്കു പുറമെ 4,000 വാഹനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യാനുള്ള സംവിധാനവും സ്റ്റേഡിയത്തിൽ ഒരുക്കും. രഞ്ജി മത്സരങ്ങൾ കൂടി ലക്ഷ്യമിട്ട് രണ്ട് പരിശീലന ഗ്രൗണ്ടുകളുമുണ്ടാകും. കാണികൾക്കായി രണ്ട് റസ്റ്ററന്റുകൾ, കളിക്കാർക്കായി 30 പ്രാക്ടീസ് നെറ്റ്സ്, 250 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന പ്രസ് കോൺഫറൻസ് റൂം എന്നിവയും ഉണ്ടാകും.സ്റ്റേഡിയം നിർമാണത്തിന് ബി.സി.സി.ഐ രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷന് 90 കോടി രൂപ നൽകുമെന്നാണ് റിപ്പോർട്ട്. ഇതിനു പുറമെ 100 കോടിയുടെ പ്രത്യേക സഹായം അസോസിയേഷൻ ബിസിസിഐയോടു തേടും. 100 കോടി രൂപ വായ്പയെടുക്കാനും തീരുമാനിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

Ad Widget
Ad Widget

Recommended For You

About the Author: admin

Close