ജെ.സി.ബി….  പൊളിയുടെ രാജാവ് 


Spread the love

 ലോകമെമ്പാടും സുപരിചിതമായ ബ്രാൻഡ് നെയിം ആണ് ജെ.സി.ബി. നിർമ്മാണ, വ്യാവസായിക, കാർഷിക മേഖലകളിൽ വൻ കുതിച്ചു ചാട്ടമാണ് കുറഞ്ഞ കാലയളവിന് ഉള്ളിൽ ഈ ബ്രാൻഡ് നെയിമിൽ നിർമിക്കപ്പെട്ട ഉപകരണങ്ങൾ ലോകത്തിനു നൽകിയത്. J.C.B. എന്ന മൂന്നു അക്ഷരങ്ങൾ കമ്പനിയുടെ സ്ഥാപകൻ തന്നെയായ ജോസഫ് സിറിൽ ബാംഫോർഡിന്റെ പേരിന്റെ ആദ്യ അക്ഷരങ്ങൾ ആണെന്നറിയുന്നവർ വിരളമാണ്. അതെ അക്ഷരങ്ങൾ തന്നെ പിൽക്കാലത്ത് ഓക്സ്ഫോർഡ് ഇംഗ്ലീഷ് ഡിക്ഷ്ണറിയിൽ എക്സ്കവേറ്റർ, മെക്കാനിക്കൽ ടിഗർ എന്നിവയ്ക്ക് നിർവചനമായി മാറുക ആയിരുന്നു. ഒരു പേരിൽ എന്തിരിക്കുന്നു എന്ന ചോദ്യത്തിന്, തന്റെ പേരിൽ ഒരു ബ്രാൻഡ് തന്നെ ഇരിക്കുന്നു എന്ന് ഇന്നായിരുന്നെങ്കിൽ ജോസഫ് സിറിൽ ബാംഫോർഡ് മറുപടി നൽകിയേനെ. 

1945 ൽ ഇംഗ്ലണ്ടിലെ കച്ചവട പട്ടണമായ യൂട്ടക്സിട്ടറിൽ ഒരു പൂട്ടിയിട്ടിരുന്ന ഗാരേജ് വാടകയ്‌ക്ക്‌ എടുത്ത ജോസഫ് സിറിൽ ഇംഗ്ലീഷ് ഇലക്ട്രിക് കമ്പനിയിൽ നിന്നും ഒരു വെൽഡിങ് സെറ്റ് വിലയ്ക്ക് വാങ്ങി. വ്യവസായിയും എഞ്ചിനീയറുമായ അദ്ദേഹം സ്വയം ആദ്യ ടിപ്പിങ് ട്രെയിലർ നിർമിച്ചു. യുദ്ധ ആവശ്യങ്ങൾക്കായി ചെറുകിട വാഹനങ്ങൾ നിർമ്മിക്കുക ആയിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം. തന്റെ പുതിയ കണ്ടുപിടുത്തം 45 പൗണ്ടിന് ടൗണിലെ മാർക്കറ്റിൽ വിൽക്കുകയും ചെയ്തു. ഇത്തരം വാഹങ്ങളുടെ സാധ്യത മുൻകൂട്ടി കണ്ടുകൊണ്ട്  തന്നെ തുടർച്ചയായി ഇതേ വാഹനങ്ങൾ അദ്ദേഹം വീണ്ടും നിർമിച്ചു. ഈ വാഹനങ്ങൾ പിൽക്കാലത്തു ബ്രിട്ടീഷ് വ്യോമാക്രമണ പ്രതിരോധ കേന്ദ്രങ്ങളിലെ  അവശ്യ ഘടകമായി മാറിയിരുന്നു. 1948 ഓടെ 6 പേർ കൂടി പങ്കാളികളായി എത്തുകയും കമ്പനി വൈവിധ്യവത്കരിക്കപ്പെടുകയും ചെയ്തു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജെ.സി.ബി യൂറോപ്പിലെ ആദ്യത്തെ ഹൈഡ്രോളിക് ടിപ്പിങ്  ട്രൈലെർ നിർമിച്ചുകൊണ്ട്  യൂറോപ്പ്യൻ രാജ്യങ്ങളിലെ കൺസ്ട്രക്ഷൻ മേഖലയിൽ  കാര്യക്ഷമതയുടെ പുതിയ അധ്യായം തുറന്നു. 

1950 ൽ ജെ.സി.ബി.യുടെ  സുവർണ്ണ കാലഘട്ടം ആരംഭിച്ചു. ബ്രിട്ടീഷ് പട്ടണമായ റോഷ്‌ടെർലെ ഒരു പഴയ ചീസ് ഫാക്ടറി വിലയ്ക്ക് വാങ്ങി നിർമാണം വർധിപ്പിച്ചു. തുടർന്നുള്ള വർഷങ്ങളിൽ ജെ.സി.ബി. ലോഗോ പതിപ്പിച്ച നാം ഇന്നു കാണുന്ന മഞ്ഞ പെയിന്റ് ചെയ്ത കൺസ്ട്രക്ഷൻ ഉപകരണങ്ങൾ  വിപണിയിൽ എത്തിത്തുടങ്ങി. അതിവേഗത്തിലുള്ള  ഡാമുകളുടെയും, കെട്ടിടങ്ങളുടെയും, എയർപോർട്ടുകളുടെയും  റോഡുകളുടെയും നിർമാണവും, വ്യവസായിക ഉത്പാദനവും ലോക ഗതിയെ നിയന്ത്രിച്ച നാളുകളായിരുന്നു 1960 കൾ. ഹൈഡ്രോളിക് ട്രാക്ടറുകളുടെയും, എക്സ്കവേറ്ററുകളുടെയും വലിയ തോതിലുള്ള  ഉത്പാദനത്തിന് ആ കാലഘട്ടം സാക്ഷ്യം വഹിക്കുകയും ചെയ്തു. ജെ.സി.ബി. വടക്കൻ അമേരിക്കൻ വിപണികൾ കയ്യടക്കി മുന്നേറുകയും ചെയ്തു. തുടർന്നുള്ള നാലു വർഷങ്ങളിൽ 3000 ത്തിൽ പരം കൺസ്ട്രക്ക്ഷൻ ഉപകരണങ്ങളാണ്  ജെ.സി.ബി. അമേരിക്കയിൽ മാത്രമായി വിറ്റഴിച്ചത്. 

JCB7 എന്ന പേരിൽ 1965 ൽ 360 ഡിഗ്രി തിരിക്കാവുന്ന എക്സ്കവേറ്ററുകൾ  വിപണിയിലെത്തിച്ചു. കാർഷിക രംഗത്ത് വൻ കുതിച്ചു കയറ്റമുണ്ടാക്കിയ ടെലിസ്കോപിക് ഹാൻഡ്‌ലെറുകളുടെ ആദ്യ രൂപം 1978 കളിൽ  ജെ.സി.ബി. നിർമ്മിക്കുകയും അടുത്ത വർഷങ്ങളിൽ തന്നെ ഇന്ത്യയിൽ നിർമ്മാണ യൂണിറ്റ്  ആരംഭിക്കുകയും ചെയ്തു. ജെ.സി.ബി പടിഞ്ഞാറൻ ജർമനി കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന റോഡ് റോളർ നിർമാതാക്കൾ വിബ്‌റോ മാക്സിനെ വിലയ്ക്ക് വാങ്ങുകയും ചെയ്തു. തുടർന്ന് ചൈനയിലെ പുബോങ്ലും പുതിയ ഫാക്ടറി ആരംഭിച്ചു.

വ്യവസായിക  പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയെ 2009 ഓടെ തങ്ങളുടെ ഏറ്റവും വലിയ മാനുഫാക്ച്ചറിങ്  ഹബ് ആക്കുക എന്നതായിരുന്നു കമ്പനിയുടെ തുടർന്നുള്ള ലക്ഷ്യം. ഹരിയാനയിലെ ബലാബ്ഗാർഹിൽ ആരംഭിച്ച പ്ലാന്റ് ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ബാക് ഹോ ലോഡർ നിർമ്മാണ യൂണിറ്റായി  മാറുകയും ചെയ്തിരിക്കുന്നു. യു.കെ, ജർമനി, വടക്കേ അമേരിക്ക, ബ്രസീൽ, ആസ്‌ട്രേലിയ, ഇന്ത്യ, ചൈന തുടങ്ങി 150 രാജ്യങ്ങളിലായി 22 ഓളം നിർമാണ പ്ലാന്റുകളും 1500 ഡീലർഷിപ്പുകളുമായി  ജെ.സി.ബി. തങ്ങളുടെ സാമ്രാജ്യം വിപുലീകരിച്ചിരിക്കുന്നു.

ട്രാക്ക്ഡ്, വീൽഡ് എന്നിങ്ങനെ രണ്ടു തരത്തിലുള്ള ബാക് ഹോ ലോഡറുകളുടെ നിർമ്മാണത്തിലാണ് ജെ.സി.ബി  ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഭാരമുള്ള വസ്തുക്കളെ വഹിച്ചു യഥാസ്ഥാനത്ത്‌ എത്തിക്കുന്ന ഫോക് ലിഫ്റ്റ് വെഹിക്കിളുകളും കൂടുതൽ പ്രയത്‌നം ആവശ്യമായി വരുന്നതും കൺസ്ട്രക്ഷൻ രംഗത്ത് ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഹാൻഡ്‌ലറുകളുമാണ് പ്രധാനപ്പെട്ടവ. നമ്മൾ ജെ.സി.ബി  എന്ന പ്രതിച്ഛായ  മനസ്സിൽ സൂക്ഷിച്ച ഷോവൽ ഘടിപ്പിച്ച മണ്ണുമാന്തി യന്ത്രങ്ങളും ഇക്കൂട്ടത്തിൽ പെടുന്നു. 360 ഡിഗ്രി ചലന സ്വന്തന്ത്ര്യം ഉള്ള ഖനനമേഖലകളിൽ വിപുലമായി ഉപയോഗിക്കുന്ന എക്സ്കവേറ്റേഴ്സ് വിഭാഗത്തിൽ ഉൾപ്പെട്ടവയാണ് JZ70, JS460, JS520 മോഡലുകൾ. 25 ടൺ വാഹക ശേഷിയുള്ള വീൽഡ് ലോഡറുകളാണ് ജെ.സി.ബിയുടെ  മറ്റൊരു പ്രധാന ഉപകരണം. ഹൈഡ്രോളിക് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന ലോഡറുകൾ വ്യാവസായിക, കാർഷിക, നിർമ്മാണ മേഖലകളിൽ ഒഴിച്ചു കൂടാനാവാത്ത മുൻ നിര വാഹനങ്ങളാണ്.

നമുക്കേറെ സുപരിചിതമായ ജെ.സി.ബി  ട്രാക്ടറുകൾ ആണ് മറ്റൊരു വിഭാഗം, സാധാരണ റോഡുകളിലൂടെ സുഗമമായി സഞ്ചരിക്കാൻ സാധിക്കാത്ത സസ്‌പെൻഷൻ സംവിധാനം കമ്പനി ആദ്യമായി ഉപയോഗപ്പെടുത്തിയത് ഇവയിലാണ്. ആദ്യ ഘട്ടങ്ങളിൽ നിർമാണത്തിലെ സങ്കീർണതകളും സസ്‌പെൻഷൻ സംവിധാനത്തിലെ പോരായ്മകളും പാതകളിലൂടെയുള്ള ജെ.സി.ബി മോഡലുകളുടെ സുഗമമായ യാത്രയെ ദുഷ്കരമാക്കിയിരുന്നു. 1990 ൽ JCB ഫാസ്‌ട്രേ എന്ന ട്രാക്ടർ മോഡലിന്റെ വരവോടെ റോഡുകളിൽ ആവശ്യമായ വേഗതയിൽ കാര്യക്ഷമമായി സഞ്ചരിക്കാമെന്നായി. ഇന്ന് സുലഭമായി ഇവ ഉപയോഗിക്കപ്പെടുന്നു. പ്രതിരോധ മേഖലയിലും JCB കൈവയ്ച്ചിട്ടുണ്ട്. JCB HMEE മോഡൽ മിലിട്ടറി ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ്. ഖനനം, ലോഡ് ഹാൻഡ്ലിങ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ഇവ ഉപയോഗിക്കപ്പെടുന്നു.

ചെറിയ കാലയളവിനുള്ളിൽ തന്നെ JCB ജനപ്രീതി ആർജിച്ചത് കമ്പനിയുടെ സ്ഥിരോത്സാഹവും നവീന സാങ്കേതിക വിദ്യകളെ ഏറ്റവും എളുപ്പം പ്രയോജനപ്പെടുത്തിയ വിവേക പൂർണമായ ഇടപെടലുകളും കഠിനാധ്വാനവുമാണെന്നു മനസിലാക്കാം. പ്രതിബന്ധങ്ങളെയും പാളിച്ചകളെയും പൊളിച്ചടുക്കി ജോസഫ് സിറിൽ ബാം ഫോർഡിന്റെ സ്വപ്നം അതിവേഗം കാലത്തിനൊപ്പം മുന്നേറിക്കൊണ്ടിരിക്കുന്നു.

Read also : പ്രതിരോധ മേഖലയിൽ ഒരു ലക്ഷം കോടി രൂപയുടെ കരാർ ടാറ്റാ മോട്ടോഴ്സിന്.

കൂടുതൽ അറിവുകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://bit.ly/3jhwCp6

Ad Widget
Ad Widget

Recommended For You

About the Author: Aiswarya S

Close