
കന്നു കാലി ചന്തകൾ നമ്മുടെ രാജ്യത്ത് സജീവമാണ്. എണ്ണത്തിൽ കുറവാണെങ്കിലും കച്ചവടത്തിൽ നല്ല രീതിയിൽ സജീവമായ പാലക്കാട്ടിലെ വാണിയംകുളം ചന്തയും, തൃശൂരിലെ പെരുംപിലാവ് ചന്തയും ഒക്കെ ഉൾപ്പടെ കുറച്ച് കാലി ചന്തകൾ നമ്മുടെ നാട്ടിലും ഉണ്ട്. എന്നാൽ ഏഷ്യാ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും വലിയ കന്നു കാലി മേള നമ്മുടെ ഇന്ത്യയിൽ എല്ലാ വർഷവും നടക്കുന്നത് എത്ര പേർക്ക് അറിയാം. കന്നു കാലി മാത്രം അല്ല കുതിരയും, ആടും, അലങ്കാര പക്ഷികളും എന്തിനധികം, നിയമപരമായി നിരോധിച്ച ആനയുടെ വില്പന വരെ അവിടെ നടക്കുന്നുണ്ട്. പേര് സോൺപൂർ മേള. ഇങ്ങനൊരു മേളയെ പറ്റി എത്ര പേർ കേട്ടിട്ടുണ്ട്? കേട്ടിട്ടില്ലാത്തവർ തീർച്ചയായും കേൾക്കേണ്ടതാണ്. കേട്ടാൽ മാത്രം പോരാ, നന്നായി അറിഞ്ഞിരിക്കുകയും വേണം. ഭാവിയിൽ പോത്തു കൃഷിയോ, എരുമ കൃഷിയോ, പശു വളർത്തലോ, ആട് വളർത്തലോ തുടങ്ങിയവ ഒക്കെ നടത്താൻ ഉള്ള പദ്ധതി ഉണ്ടെങ്കിൽ തീർച്ചയായും ഈ അറിവ് ഉപകാരപ്രദം ആകുന്നതാണ്. മാത്രമല്ല നിലവിൽ അങ്ങനെയുള്ള സംരംഭങ്ങൾ നടത്തി വരുന്നവർക്ക് അവ വിപുലീകരിക്കുവാനും ഉപകാരപ്പെടും.
പേര് സൂചിപ്പിക്കുന്നത് പോലെ സോൺപൂർ എന്ന സ്ഥലത്താണ് വർഷാ വർഷം ഈ മേള അരങ്ങേറാറുള്ളത്. ബീഹാറിന്റെ തലസ്ഥാനമായ പാട്നയിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയാണ് സോൺപൂർ സ്ഥിതി ചെയ്യുന്നത്. എല്ലാ വർഷവും നവംബറിൽ കാർത്തിക പൗർണ്ണമിയിൽ ആണ് സോൺപൂർ മേള ആരംഭിക്കുവാറുള്ളത്. ഏകദേശം ഒരു മാസത്തോളം ഈ മേള നീണ്ടു നിൽക്കുന്നതായിരിക്കും. ഗംഗാ നദിയും, ഗാന്ധക് നദിയും കൂടിച്ചേരുന്നതിന് സമീപം ഉള്ള ഏക്കർ കണക്കിനുള്ള മാവിൻ തോപ്പിൽ ആണ് ഈ മേള സജ്ജീകരിക്കുന്നത്. ചുരുങ്ങിയത് മൂന്ന് ദിവസം കൊണ്ട് മാത്രമേ ഈ മേള മുഴുവനായി ഒന്ന് കണ്ടു തീർക്കുവാൻ പോലും സാധിക്കുകയുള്ളു.
നൂറ്റാണ്ടുകളുടെ പാരമ്പര്യമാണ് സോൺപൂർ മേളയ്ക്ക് പറയുവാനുള്ളത്. കാലി ചന്തയുടെ മാത്രമല്ല, മറിച്ച് ആനയും, കുതിരയും, പല വ്യത്യസ്ത ബ്രീഡുകളിൽ ഉള്ള നായകളും, അലങ്കാര മൽസ്യങ്ങൾ, അലങ്കാര പക്ഷികൾ, കഴുതകൾ, മുയലുകൾ എന്നിങ്ങനെ അവിടെ വിൽപ്പനയ്ക്ക് കൊണ്ട് വരാത്ത വളർത്തു മൃഗങ്ങൾ ഇല്ല എന്ന് തന്നെ പറയാം. മൃഗങ്ങൾ മാത്രമല്ല വസ്ത്ര വിപണന ശാലയും, ആഭരണ വിപണന ശാലയും, ഫർണിച്ചർ വില്പനയും, കൃഷി ഉപകരണങ്ങളുടെ വിപണിയും, ഭക്ഷണ മേളയും എന്തിനധികം പറയുന്നു, കുട്ടികൾക്കായി ഒരു ചെറിയ ‘ഡിസ്നി ലാൻഡ്’ ഉൾപ്പടെ അടങ്ങുന്നതാണ് സോൺപൂർ മേള. ആന ലേലം നിയമപരമായി നിരോധിച്ചതാണെങ്കിൽ പോലും ഇപ്പോഴും സോൺപൂർ മേളയിൽ അത് നടന്നു വരുന്നു. ആനകളെ വാങ്ങുവാൻ വേണ്ടി മാത്രം മേളയിൽ വർഷാ വർഷം വരുന്നവർ ആയിരങ്ങൾ.
നാനാ സ്ഥലത്ത് നിന്നുള്ള കന്നു കാലികളാണ് ഓരോ മേളയ്ക്കും ഇവിടെ എത്തി ചേരാറുള്ളത്. ഒരു വിധം എല്ലാ ഇനത്തിൽ പെടുന്ന കാലി വർഗ്ഗങ്ങളും മേളയിൽ സജീവമാണ്. ഒറ്റ സ്ഥലത്ത് തന്നെ ഇത്രയും വ്യത്യസ്ത ഇനങ്ങൾ വന്നു ചേരുന്ന ഒരു സ്ഥലം വളരെ അപ്പൂർവ്വമാണ്. എല്ലാത്തിനെയും വ്യക്തമായി നിരീക്ഷിച്ച ശേഷം വാങ്ങാൻ യോഗ്യമായതിനെ നമുക്ക് വില പേശി ഇവയെ വാങ്ങാവുന്നതാണ്. എപ്പോഴും ഇവയെ പറ്റി നല്ല ഗ്രാഹ്യമുള്ള ആളുകളെയോ, അല്ലെങ്കിൽ വർഷങ്ങളായി കന്നുകാലി കൃഷി നടത്തിയ പരിചയമുള്ളവരെയോ കൂടെ കൂട്ടാവുന്നതാണ്. നമ്മുടെ നാട്ടിൽ നിന്നും ഒന്നോ രണ്ടോ കാളയെയോ, പോത്തിനേയോ വാങ്ങുവാൻ വേണ്ടി മാത്രം സോൺപൂർ വരെ പോകുന്നത് സാമ്പത്തികമായി നഷ്ടമുണ്ടാക്കും. അതിനാൽ ഒരുപ്പാട് എണ്ണത്തെ വാങ്ങുവാൻ ആഗ്രഹിക്കുന്നുവെങ്കിലോ, അല്ലാത്ത പക്ഷം കാലികളെ വാങ്ങുവാൻ ആഗ്രഹിക്കുന്ന 3-4 പേർ ഒന്നിച്ചു ചേർന്ന് പോകുന്നതോ നല്ലതായിരിക്കും. വിവിധ ഇനങ്ങളിൽ നിന്നും അഴക് കൊണ്ടും, ആരോഗ്യം കൊണ്ടും നമുക്ക് ഇഷ്ടമുള്ളവയെ തിരഞ്ഞെടുക്കുവാനുള്ള ഒരു വലിയ അവസരം ഉണ്ട് എന്നതാണ് സോൺപൂർ മേളയുടെ പ്രത്യേകത. ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽ നിന്നും മേള കാണുവാൻ വരുന്നവർ സജീവമാണ്. ഏഷ്യയിൽ നിന്ന് മാത്രമല്ല അങ്ങ് യൂറോപ്പിൽ നിന്ന് വരെ നമ്മുടെ മേള കാണുവാൻ വേണ്ടി ധാരാളം ആളുകൾ നവംബർ – ഡിസംബർ മാസങ്ങളിൽ സോൺപൂരിൽ എത്തി ചേരാറുണ്ട്.
ട്രെയിൻ ഗതാഗതം വഴിയും, വിമാന സർവീസുകൾ വഴിയും, റോഡ് മാർഗ്ഗത്തിലൂടെയും ഇവിടെ എത്തി ചേരാവുന്നതാണ്. കൂടാതെ തന്നെ സോൺപൂർ മേള നടക്കുന്ന നവംബർ – ഡിസംബർ മാസങ്ങളിൽ ബീഹാർ സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത്, ഇവിടേക്ക് എത്തി ചേരുവാനുള്ള ഗതാഗത സൗകര്യവും ഒരുക്കുന്നതാണ്. ബീഹാർ ടൂറിസത്തിന്റെ ഒരു പ്രധാന ഭാഗമാണ് വർഷത്തിൽ ഒരിക്കൽ സോൺപൂരിൽ നടക്കുന്ന ഈ മേള. സംസ്ഥാനത്തിന്റെ വാർഷിക വരുമാനത്തിന്റെ ഒരു പങ്ക് സോൺപൂർ മേളയിൽ നിന്നും അവർക്ക് ലഭിക്കുന്നതാണ്. ഇത്രയും വലിയൊരു മേള നമ്മുടെ രാജ്യത്ത് നടക്കുന്നത് കാലിവളർത്തലിൽ താല്പര്യമുള്ളവർ ഒരിക്കലും അറിയാതെ പോകരുത്. വിദേശത്ത് നിന്ന് വരെ ആളുകൾ ഈ മേള തേടി വരികയാണെങ്കിൽ സംഗതി അത്ര നിസ്സാരം ഒന്നും അല്ലെന്ന് ഊഹിക്കാമല്ലോ. സാധിക്കുകയാണെങ്കിൽ തീർച്ചയായും ഒരിക്കൽ എങ്കിലും ഒന്ന് പോയി കണ്ടിരിക്കേണ്ടത് ആണ് ആ ഉത്സവം. നല്ല ഇനം പോത്തിനേയും എരുമയെയും ഒക്കെ വാങ്ങുവാൻ വേണ്ടി ഉത്തർ പ്രദേശിലും, പഞ്ചാബിലും വരെ പോകുന്ന കച്ചവടക്കാർ നമ്മുടെ നാട്ടിൽ ഉണ്ട്. അവരെ പോലുള്ളവർ തീർച്ചയായും ഈ സോൺപൂർ മേളയെ കുറിച്ച് കൂടുതൽ അറിഞ്ഞിരിക്കുന്നതും, അവിടെ നിന്ന് വാങ്ങാൻ ശ്രമിക്കുന്നതും നന്നായിരിക്കും.
Read also: ഒരു പോത്തിനെ വാങ്ങിയാലോ?
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യു http://bitly.ws/8Nk2