ബിരിയാണികളിലെ വിത്യസ്തൻ -കപ്പ ബിരിയാണി


Spread the love

കപ്പ ബിരിയാണി എന്താണെന്നറിയാതെ, ആദ്യമായി കപ്പ ബിരിയാണി ഓർഡർ ചെയ്തിട്ട് അമളി പറ്റിയ ഒരുപാടുപേർ നമുക്കിടയിലുണ്ടാകും. ചിക്കെൻ ബിരിയാണി, മുട്ട ബിരിയാണി എന്നിവയെ പോലെ നെയ്യിൽ വറുത്തെടുത്ത സവാള വിതറിയ ചോറിനടിയിൽ ഒളിപ്പിച്ച, മസാല പുരണ്ട കപ്പയെ പ്രതീക്ഷിച്ചിരുന്നവർ ഒറിജിനൽ കപ്പ ബിരിയാണി കണ്ട് അന്തിച്ചിരുന്നു പോയിട്ടുണ്ടാകും, പിന്നെ പറ്റിയ അമളി ഓർത്തു പൊട്ടിച്ചിരിച്ചിട്ടുണ്ടാകും. കേരളത്തിന്‌ വടക്കോട്ടുള്ളവർക്കു അത്ര പരിചിതമായിരിക്കില്ല കപ്പ ബിരിയാണിയും അതിന്റെ വേറിട്ട രുചിയും.
കോട്ടയംകാരുടെ പ്രിയ വിഭവമാണ് കപ്പ ബിരിയാണി, എല്ലും കപ്പ, കപ്പ ഇറച്ചി എന്നൊക്കെ പേരിട്ടു വിളിക്കുന്ന ഈ വിഭവം വടക്കൻ മലയോര മേഖലകളിൽ ആഘോഷങ്ങൾക്കു തലേദിവസം വിളമ്പുന്ന പ്രധാന വിഭവമാണ്. വെണ്ണ പോലെ അലിയുന്ന കപ്പയിൽ നെയ്യുള്ള പോത്തിറച്ചി എല്ലോടു കൂടി വേവിച്ചു ചേർത്ത് കുഴച്ചെടുക്കുന്നതാണ് കപ്പ ബിരിയാണി.ഒരു ഗ്രേവി ടൈപ്പ് വിഭവമാണെങ്കിലും നല്ല കപ്പയുടെയും മസാലയിട്ടു വച്ച ബീഫിന്റെയും വെളിച്ചെണ്ണയിൽ മൊരിഞ്ഞ കറിവേപ്പിലയുടെയും ആസ്വാദ്യകരമായ സുഗന്ധം ആരുടേയും രസമുകുളങ്ങളെ ഉണർത്താൻ പോന്നവയാണ്. പണ്ട് കോട്ടയം, ഇടുക്കിക്കാരുടെ വീട്ടു വിഭവമായിരുന്ന കപ്പ ബിരിയാണി ഇപ്പോൾ തട്ട് കടകളിലെയും ബിരിയാണി ഹട്ടുകളിലെയും ഫൈവ്സ്റ്റാർ ഹോട്ടലുകളിലെയും താരമാണ്.പാകം ചെയ്യാൻ അധികം ബുദ്ധിമുട്ടില്ലാത്ത ഈ വിഭവം പോത്തിറച്ചി വച്ചാണ് ഉണ്ടാക്കാറുള്ളതെങ്കിലും ചിക്കൻ, പന്നി, ആട്ടിറച്ചി എന്നിവയിലും ചിലർ തയ്യാറാക്കാറുണ്ട്.
നാടൻ രീതിയിൽ കപ്പ ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ
1.കപ്പ
2.എല്ലോടു കൂടിയ പോത്തിറച്ചി
3.ഗരം മസാല
4.മീറ്റ് മസാല
5.കുരുമുളക് പൊടി
6.മഞ്ഞൾപൊടി
7.മല്ലിപൊടി
8.മുളക് പൊടി
9.തേങ്ങ ചിരവിയത്
10.വെളുത്തുള്ളി
11.ചുവന്നുള്ളി
12.പച്ചമുളക്
13.ഇഞ്ചി
14.സവാള
15.ഉപ്പ്
16.മല്ലിയില
17.കറിവേപ്പില
18.വെളിച്ചെണ്ണ
19.തേങ്ങ കൊത്ത്
പാകം ചെയ്യുന്ന വിധം :
കപ്പ വൃത്തിയാക്കി, കഴുകി പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക. അധികം വെന്ത് ഉടയരുത്.വെള്ളം ഊറ്റി കളഞ്ഞു മാറ്റി വെക്കുക. ഒരു ഉരുളിയിൽ, അല്ലെങ്കിൽ വാ വട്ടമുള്ള പാത്രത്തിൽ തേങ്ങ ചിരവിയത് എണ്ണ ചേർക്കാതെ വറുക്കുക, പകുതി കറിവേപ്പിലയും ചേർത്ത് ബ്രൗൺ നിറത്തിൽ വറുത്തെടുക്കുക.ഇതിൽ ചുവന്നുള്ളിയും പകുതി വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ചേർത്ത് നന്നായി ചതച്ചെടുത്ത് മാറ്റി വെക്കുക.പിന്നീട് ഉരുളിയിൽ വെളിച്ചെണ്ണ ഒഴിച്ച് തേങ്ങക്കൊത്ത് ചേർത്ത് സ്വർണ നിറത്തിൽ വറുത്ത് കോരുക.ബാക്കി എണ്ണയിൽ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവാള വഴറ്റുക.ശേഷം മഞ്ഞപ്പൊടി, മല്ലിപൊടി, മുളക്പൊടി, ഗരം മസാല, ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ചെറുതായി മുറിച്ച് കഴുകി വൃത്തിയാക്കിയ ഇറച്ചി ചേർത്ത് നന്നായി ഇളക്കുക. ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ഇറച്ചി നന്നായി വേവിക്കുക. ഇറച്ചി നന്നായി വെന്ത് വെള്ളം വറ്റിയാൽ അതിനു മുകളിൽ വേവിച്ച കപ്പ നിരത്തുക. മുകളിൽ ചതച്ചു വെച്ച തേങ്ങ കൂട്ട്, വറുത്ത തേങ്ങാക്കൊത്ത്, അല്പം ഗരം മസാല, കുരുമുളക് പൊടി എന്നിവ വിതറി വാഴയില കൊണ്ട് മൂടി, മുകളിൽ ഒരു അടപ്പ് വച്ചു മൂടി അൽപ നേരം ആവി കയറ്റുക. അതിനു ശേഷം മൂടി തുറന്നു അരപ്പും കപ്പയും ഇറച്ചിയും നന്നായി മിക്സ്‌ ചെയ്ത് എടുക്കണം. കപ്പയും ഇറച്ചിയും നന്നായി യോജിക്കും വരെ മിക്സ്‌ ചെയ്താലേ കപ്പ ബിരിയാണിയുടെ തനത് രുചി കിട്ടൂ. ചൂടോടു കൂടി കഴിക്കുന്നതാണ് രുചി.വിളമ്പുന്ന നേരത്ത് ബിരിയാണിയുടെ മുകളിൽ സവാള കൊത്തി അരിഞ്ഞതും മല്ലിയില അരിഞ്ഞതും വിതറുക.

കപ്പ ബിരിയാണി തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1.ചില കപ്പയ്‌ക്ക്‌ കയ്പ് രുചി അനുഭവപ്പെടും. കയ്പുള്ള കപ്പയാണെങ്കിൽ തിളപ്പിച്ച ശേഷം ആ കയ്പുള്ള വെള്ളം ഊറ്റി കളയുക. വീണ്ടും വെള്ളം ചേർത്ത് വേവിച്ച് എടുക്കാം
2.ബിരിയാണി തയ്യാറാക്കാൻ എപ്പോഴും എല്ലോടു കൂടിയ ഇറച്ചി എടുക്കണം. വാരിയെല്ലൊട് കൂടിയ ഇളം പോത്തിറച്ചി ആണ് കൂടുതൽ രുചികരം
3.സാദാരണ കപ്പ ബിരിയാണി തയ്യാറാക്കാൻ തക്കാളി ചേർക്കാറില്ല, ഇഷ്ടമുള്ളവർക്ക് ചേർക്കാം
4.പോത്തിറച്ചി നന്നായി വേവണം.ഒരു ചിരട്ട കഷ്ണമോ ഒരു കഷ്ണം പപ്പായയോ ചേർത്താൽ പെട്ടെന്ന് വെന്ത് കിട്ടും
5.പലയിടത്തും പല രീതിയിലാണ് കപ്പ ബിരിയാണി വെക്കുന്നത്. ചിലർ ആദ്യം കപ്പ കുഴച്ചു വച്ചു പിന്നീട ഇറച്ചിയുമായി മിക്സ്‌ ചെയ്യും, മറ്റു ചിലർ പോത്തിറച്ചി കറിവെച്ച് കപ്പയുമായി മിക്സ്‌ ചെയ്യും. ഇറച്ചി മുക്കാൽ വേവാകുമ്പോൾ കപ്പ കൂടി ചേർത്ത് വേവിച്ചു മിക്സ്‌ ചെയ്തെടുക്കുകയുമാകാം
6.അവസാനം മല്ലിയില ചേർക്കാൻ ഇഷ്ടമില്ലാത്തവർക്ക് കറിവേപ്പില വറുത്ത് ചേർക്കാം. പച്ച കറിവേപ്പില കയ്യിൽ വച്ച് തിരുമ്മി ചേർത്താൽ നല്ല സുഗന്ധം ലഭിക്കും.
7.സവാള കൊത്തിയരിഞ്ഞു നാരങ്ങ നീരും ചേർത്ത് തിരുമ്മി കപ്പ ബിരിയാണിയുടെ മുകളിൽ വിതറിയാൽ നല്ല രുചി ആയിരിക്കും
തയ്യാറാക്കാൻ എളുപ്പമുള്ള ഇ വിഭവം ഇടക്കൊക്കെ വീട്ടിൽ തയ്യാറാക്കി നോക്കണം.കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപെടുന്ന വേറിട്ട രുചിയായിരിക്കും കപ്പ ബിരിയാണി.

ഈ വാർത്ത നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കും വർത്തകൾക്കുമായ് എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക്‌ ചെയ്യുക.
http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close