
മത്സ്യ കൃഷി രംഗത്തു ഏറ്റവും ലാഭകരമായി ചെയ്യാവുന്ന ഒരു കൃഷിയാണ് കരിമീൻ കൃഷി. മലയാളികളുടെ പ്രിയ മത്സ്യ വിഭവം ആണ് കരിമീൻ. നല്ല വില ലഭിക്കും എന്നതാണ് കരിമീൻ കൃഷിയുടെ പ്രധാന മേന്മ. സാധാരണയായി കരിമീനിനെ ഉപ്പു വെള്ളത്തിലെ വളർത്തുവാനാകു എന്നൊരു ധാരണ പലരിലും ഉണ്ട്. എന്നാൽ ഇവയെ ശുദ്ധ ജലത്തിലും, പടുത കുളത്തിലിട്ടും ഒക്കെ വളർത്താം എന്നതാണ് വസ്തുത. എന്നാൽ മറ്റു മത്സ്യ കൃഷികളെ വച്ച് നോക്കുമ്പോൾ വളരെ അധികം ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണ് കരിമീൻ കൃഷി. സാധാരണയായി തെളിഞ്ഞ ജലത്തിൽ മാത്രമേ കരിമീൻ വളരുകയുള്ളു. ഏകദേശം 150 ഗ്രാം മുതൽ 200 ഗ്രാം വരെ കരിമീന് ശരാശരി വളർച്ച ഉണ്ടാകാറുണ്ട്. കരിമീൻ വളർത്തുന്നതിനൊപ്പം തന്നെ പ്രജനനവും ചെയ്യാൻ സാധിക്കും എന്നതിനാൽ മത്സ്യ കുഞ്ഞുങ്ങളെ ഒരു തവണ വാങ്ങിയാൽ മതിയാകും.
സാധാരണ കുളങ്ങളിൽ കരിമീൻ കൃഷി നടത്തുന്നതിന് മുൻപ്, കുളം നല്ലതുപോലെ വൃത്തിയാക്കുക എന്നത് ഒരു പ്രധാന പ്രക്രിയ ആണ്. കുളത്തിലെ ജലം മുഴുവൻ വറ്റിച്ചു കളഞ്ഞതിനു ശേഷം, അതിലെ ചെളിയും, മറ്റു അവശിഷ്ടങ്ങളും പൂർണ്ണമായി നീക്കം ചെയ്യുക. ശേഷം കുമ്മായ പൊടി വിതറി കുളം ശുദ്ധമാക്കുക. ഒരു സെന്റിന് 3 കിലോഗ്രാം എന്ന കണക്കിൽ കുമ്മായം ഉപയോഗിക്കാം. ശേഷം മണ്ണിൽ നിന്നും പതിയെ ഊറി വരുന്ന ജലത്തിന്റെ പി.എച്ച് പരിശോധിക്കാവുന്നതാണ്. ശേഷം അടുത്ത ജല ശ്രോതസ്സിൽ നിന്നും ജലം കുളത്തിലേക്ക് നിറയ്ക്കാം. ജലം നിറയ്ക്കുന്ന സമയത്ത് നന്നായി അരിച്ച ശേഷമേ കുളത്തിലേക്ക് കടത്തി വിടാൻ പാടുള്ളു. കുറഞ്ഞത് 3 തവണ എങ്കിലും ജലം നന്നായി അരിച്ചു വൃത്തിയാക്കണം. കുളത്തിൽ ജലം നിറച്ചതിനു ശേഷം 4-5 ദിവസങ്ങൾ കഴിഞ്ഞ് ജലത്തിന്റെ പി. എച്ച് വീണ്ടും പരിശോധിക്കാവുന്നതാണ്. പി.എച്ച് ലായനി ഉപയോഗിച്ച് പി.എച്ച് പരിശോധിക്കാം. സാധാരണയായി 6.5 മുതൽ 8 വരെയുള്ള പി.എച്ച് ൽ കരിമീനെ വളർത്താവുന്നതാണ്. പി.എച്ച് പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം 7 മുതൽ 15 ദിവസങ്ങൾക്കുള്ളിൽ കുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിക്കാവുന്നതാണ്.
ഒന്ന് മുതൽ ഒന്നര ഇഞ്ചുള്ള കുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിക്കാം. ഒരു സെന്റിൽ 60 എണ്ണം വരെ നിക്ഷേപിക്കാവുന്നതാണ്. മത്സ്യം നിക്ഷേപിച്ച് ആദ്യ മൂന്ന് -നാല് ദിവസം തീറ്റ നൽകാതിരിക്കുക. ഈ ദിവസങ്ങളിൽ കുഞ്ഞിന് വേണ്ടുന്ന തീറ്റ കുളത്തിൽ തന്നെ കാണുന്നതാണ്. ക്രമേണ കുഞ്ഞുങ്ങളുടെ വളർച്ചയ്ക്ക് അനുസരിച്ചുള്ള തീറ്റ നൽകാവുന്നതാണ്. പ്രധാനമായും പെല്ലറ്റുകൾ. സാധാരണയായി 3 മില്ലി മീറ്റർ വരെയുള്ള പെല്ലറ്റുകൾ ആണ് കരിമീനിനു നൽകുന്നത്. ഒപ്പം തന്നെ നാടൻ തീറ്റകളും നൽകാവുന്നതാണ്. പായലുകളും, പച്ചിലകളും തീറ്റ ആയി നൽകാം. അതേ പോലെ തന്നെ തലേ ദിവസം വെള്ളത്തിൽ ഇട്ട് കുതിർത്തു വച്ച ഗോതമ്പ് പുഴുങ്ങി നൽകാവുന്നതാണ്. കരിമീനിന്റെ ഭാരം വർധിപ്പിക്കാൻ ഇത് സഹായകമാകും. തെളിഞ്ഞതും, മാലിന്യ രഹിതവുമായ ജലത്തിലാണ് കരിമീൻ വളരുന്നത്. അതിനായി ജലത്തിലെ അമോണിയയുടെ അളവ് ഇടയ്ക്ക് പരിശോധിക്കുന്നത് നല്ലതാണ്. അമോണിയയുടെ അളവ് പരിശോധിക്കാൻ, അമോണിയ ലായനി ഉപയോഗിക്കാവുന്നതാണ്. ഇതിനാൽ 10 മില്ലി ലിറ്റർ ജലത്തിൽ, അമോണിയ ഒന്നാം ലായനി 8 തുള്ളി ഒഴിക്കണം. ശേഷം അമോണിയ രണ്ടാം ലായനി 8 തുള്ളി ഒഴിക്കുക. അപ്പോൾ കിട്ടുന്ന നിറം, ലായനിയുടെ ഒപ്പം ലഭിക്കുന്ന ചാർട്ടുമായി താരതമ്യം ചെയ്ത് പരിശോദിച്ചാൽ ജലത്തിലെ അമോണിയയുടെ അളവ് അറിയുവാൻ സാധിക്കുന്നതാണ്. 0.5 ppm ന് താഴെ നിൽക്കുന്നതാണ് എപ്പോഴും ഉചിതം.
അതുപോലെ തന്നെ പ്രധാനമായ ഒന്നാണ് കരിമീനിന്റെ പ്രജനനം. സാധാരണയായി 6 മാസം കഴിയുമ്പോൾ കരിമീനുകൾ പ്രജനനത്തിനു ക്ഷമതരാകും. അതിനായി സാധാരണ കുളത്തിൽ ആണെങ്കിൽ കരയിലുള്ള ഓടുകളിലോ, പായൽ ചെടികളിലോ, മൺ തിട്ടകളിലോ, കല്ലുകളിലോ ഒക്കെ ഇവ മുട്ടയിടാറുണ്ട്. മുട്ടയിട്ട ശേഷം ആൺ -പെൺ കരിമീനുകൾ മുട്ട സംരക്ഷിക്കും. ശേഷം മണ്ണിൽ കുഴി എടുത്ത ശേഷം അതിൽ നിക്ഷേപിക്കുന്നതാണ്. ഈ മുട്ട കുഞ്ഞായി മാറുന്നത് വരെ ആൺ -പെൺ കരിമീനുകൾ ഇവയ്ക്ക് മറ്റു മത്സ്യങ്ങളിൽ നിന്നും സംരക്ഷണം നൽകും. മുട്ട വിരിഞ്ഞു കുഞ്ഞുങ്ങളായി മാറിയതിനു ശേഷം 45 മുതൽ 50 ദിവസം വരെ അമ്മക്കരിമീൻ കുഞ്ഞുങ്ങളെയും കൂടെ കൊണ്ട് നടക്കാറുണ്ട്. അതിനു ശേഷം പൂർണ ആരോഗ്യവാന്മാരായ കുഞ്ഞുങ്ങൾ അമ്മയിൽ നിന്നും വിട്ടു മാറി സ്വയം തീറ്റ എടുക്കുവാൻ തുടങ്ങും. പടുത കുളങ്ങളിൽ കൃഷി നടത്തുന്നവർ ഇതിനായുള്ള സൗകര്യങ്ങൾ ചെയ്ത് കൊടുക്കേണ്ടതാണ്. ഇതിനായി കുളത്തിൽ മണ്ണ് നിറയ്ക്കുകയും, കൊച്ചു സ്ളാബുകൾ ഓട് കഷ്ണങ്ങൾ എല്ലാം നിരത്തി ഇവയ്ക്ക് പ്രജനനത്തിനുള്ള സൗകര്യം ഒരുക്കി കൊടുക്കേണ്ടതാണ്. കുളത്തിനു മുകളിൽ, ചുറ്റിനും വല കൊണ്ട് മൂടി സംരക്ഷണം കൊടുക്കുകയാണെങ്കിൽ, കുളത്തിലേക്കുള്ള മറ്റു ഇഴ ജന്തുക്കളുടെയോ, മീൻ പിടിക്കാൻ വരുന്ന പക്ഷികളുടെയും ഒക്കെ ശല്യം തടയാം.
ശ്രദ്ധയോട് കൂടി പരിചാരിച്ചാൽ, നല്ല വിളവും അതിലൂടെ തന്നെ നല്ല ലാഭവും കരിമീൻ കൃഷിയിലൂടെ നേടി എടുക്കുവാൻ സാധിക്കുന്നതാണ്. കേരളത്തിനുള്ളിലും, പുറത്തും ഒരുപാട് ആവശ്യക്കാർ ഉള്ള ഒരു മത്സ്യ ഇനമാണ് കരിമീൻ. സാധാരണ നിലയിൽ കിലോഗ്രാമിന് 350 മുതൽ 600 രൂപ വരെ വില ലഭിക്കുന്നതാണ്. നല്ല പരിചരണത്തിലൂടെ ഇവയ്ക്ക് 250 മുതൽ 300 ഗ്രാം വരെ തൂക്കം ഉണ്ടാകും. സാധാരണ നിലയിൽ 8 മാസം ആകുമ്പോഴാണ് കരിമീൻ വിളവെടുപ്പ് നടത്താറുള്ളത്. കരിമീൻ കൃഷിക്ക് സർക്കാർ തലത്തിൽ നിന്നും സഹായങ്ങൾ ലഭിക്കാറുണ്ട്. സബ്സിഡി ഇനത്തിൽ കൃഷി വകുപ്പിൽ നിന്നും വിവിധ ഇനത്തിൽ സഹായം ലഭിക്കും. ഇതിനെ പറ്റി കൂടുതൽ അറിയാൻ നിങ്ങളുടെ ജില്ലയിലെ ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടുക.
Read also: തിലാപ്പിയ കൃഷി
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2