
ആഗോള മഹാമാരിയായ കൊവിഡിന് പിന്നാലെ കസാഖിസ്ഥാനില്‍ മറ്റൊരു അജ്ഞാതരോഗം പടർന്നു പിടിക്കുന്നതായി സൂചന. ‘അജ്ഞാത ന്യൂമോണിയ’ എന്ന് വിളിക്കുന്ന ഈ രോഗം മൂലം കഴിഞ്ഞ മാസം കസാക്കിസ്ഥാനിൽ 600-ലേറെ പേര് മരിച്ചതായാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. കൊറോണ വൈറസിനേക്കാള്‍ മാരകമായ രോഗമാണ് കസാഖിസ്ഥാനില്‍ പടരുന്നതെന്ന് ചൈനയും മുന്നറിയിപ്പ് നല്കി. ചൈനീസ് പൗരന്മാര്ക്ക് കസാഖിസ്ഥാനിലെ ചൈനീസ് എംബസി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വടക്ക് പടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ് ഉയിഗുര്‍ മേഖലയുമായി കസാഖിസ്ഥാന്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്.
അതിനാല്‍ ചൈന അതീവ ജാഗ്രതയിലാണ്. ഈ വര്‍ഷം ഇതുവരെ കസാഖിസ്ഥാനില്‍ അജ്ഞാത ന്യൂമോണിയ ബാധിച്ച് 1772 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 628 പേര് ചൈനീസ് പൗരന്മാരാണെന്നും കസാഖിസ്ഥാനിലെ ചൈനീസ് എംബസി വീ ചാറ്റിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. പുതിയ രോഗത്തിന്റെ മരണ നിരക്ക് കൊവിഡ് 19നേക്കാള്‍ വളരെ കൂടുതലാണെന്നും എംബസി ചൂണ്ടിക്കാട്ടുന്നു.
ചൈനീസ് അധികൃതരാണ് കസാഖിസ്ഥാനില്‍ പടരുന്നത് അജ്ഞാത ന്യൂമോണിയയാണെന്ന് പറയുന്നത്. എന്നാല്‍ അജ്ഞാത രോഗമെന്ന് വിളിക്കാനുള്ള കാരണം ചൈന വ്യക്തമാക്കുന്നില്ല.
അതേസമയം ഇത് സാധാരണ ന്യൂമോണിയ മാത്രമാണെന്നാണ് കസാഖിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് 19നെക്കാൾ മരണനിരക്കിൽ മുന്നിലാണ് ഈ ന്യുമോണിയയ്ക്കെന്നാണ് റിപ്പോർട്ട്. കസാഖിസ്ഥാൻ ആരോഗ്യ വകുപ്പ് ഇതേക്കുറിച്ചു പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, ഈ ന്യുമോണിയയ്ക്കു കാരണമായ വൈറസിന് കൊവിഡ് 19 വൈറസുമായി ബന്ധമില്ലെന്നാണു പ്രാഥമിക നിഗമനം.
അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരുകോടി ഇരുപത്തിനാല് ലക്ഷത്തിലേക്ക് എത്തുകയാണ്. രണ്ട് ലക്ഷത്തി ഇരുപതിനായിരത്തിലേറെ പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അഞ്ച് ലക്ഷത്തി അമ്പത്തി ആറായിരം പേർ ഇതുവരെ മരിച്ചു. അയ്യായിരത്തി മുന്നൂറിലേറെ പേരാണ് ഇന്നലെ മാത്രം മരിച്ചത്. അമേരിക്കയിൽ ഇന്നലെ അറുപതിനായിരം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഫ്ലോറിഡയിലും കാലിഫോർണിയയിലും ഇന്നലെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്.
കോവിഡിന് പിന്നാലെ ചൈനയെ ഭീതിയിലാഴ്ത്തി പ്ളേഗും.
കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു. https://exposekerala.com/plague-causing-from-rats/
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് http://Expose Kerala like ചെയ്യുക