ആരോഗ്യ സർവകലാശാലയുടെ പരീക്ഷകൾ 21 മുതൽ: ക്രമീകരണങ്ങൾ പൂർത്തിയായി


Spread the love

* മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ വിലയിരുത്തി

ആരോഗ്യ സർവകലാശാലയുടെ പരീക്ഷാ നടത്തിപ്പിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. എല്ലാ പരീക്ഷകളും ജൂൺ 21 മുതലാണ് ആരംഭിക്കുന്നത്. 34 ഓളം പരീക്ഷകളുടെ വിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്തണമെന്ന് മന്ത്രി സർവകലാശാലയ്ക്ക് നിർദേശം നൽകി.

പരീക്ഷയെഴുതുന്ന എല്ലാ വിദ്യാർത്ഥികളും ആന്റിജൻ പരിശോധന നടത്തണം. പരിശോധനയിൽ നെഗറ്റീവായ വിദ്യാർത്ഥികളെയാണ് പ്രധാന ഹാളിലിരുത്തുക. പോസീറ്റീവായ വിദ്യാർത്ഥികളെ മറ്റൊരു ഹാളിലിരുത്തും. പരീക്ഷാ ഹാളിൽ രണ്ടു മീറ്റർ അകലത്തിലാണ് വിദ്യാർത്ഥികൾ ഇരിക്കേണ്ടത്. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സർവകലാശാല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

ഹോസ്റ്റലിൽ കഴിയുന്ന വിദ്യാർത്ഥികൾ കഴിവതും നേരത്തെ കോവിഡ് പരിശോധന നടത്തി ഹോസ്റ്റലിൽ എത്തണം. ഹോസ്റ്റലിലെ വിദ്യാർത്ഥികളും വീട്ടിൽ നിന്നും വരുന്ന വിദ്യാർത്ഥികളും തമ്മിൽ ഇടപഴകാൻ അനുവദിക്കില്ല. പോസിറ്റീവായ വിദ്യാർത്ഥികളെ തിയറി എഴുതാൻ അനുവദിക്കുമെങ്കിലും അവരെ പ്രാക്ടിക്കലിൽ പങ്കെടുക്കാൻ ഉടനനുവദിക്കില്ല. പോസിറ്റീവായ വിദ്യാർത്ഥികൾ 17 ദിവസം കഴിഞ്ഞതിന് ശേഷം പ്രിൻസിപ്പൽമാരെ വിവരം അറിയിക്കണം. ഇവർക്ക് പ്രത്യേകമായി പ്രാക്ടിക്കൽ പരീക്ഷ നടത്തും. രോഗലക്ഷണമുള്ളവരിൽ ആന്റിജൻ പരിശോധന നെഗറ്റീവാണെങ്കിൽ ആർ.ടി.പി.സി.ആർ. പരിശോധന കൂടി നടത്തണം. രോഗലക്ഷണങ്ങളില്ലാത്തവർ ആന്റിജൻ പരിശോധന മാത്രം നടത്തിയാൽ മതി.

പരീക്ഷ നടത്തേണ്ട ഏതെങ്കിലും സ്ഥാപനങ്ങൾ കണ്ടൈൻമെന്റ് സോണിലാണെങ്കിൽ വിവരം ഉടൻ സർവകലാശാലയെ അറിയിക്കണം. ആ സ്ഥാപനത്തിന് പരീക്ഷ നടത്താൻ സർക്കാർ പ്രത്യേക അനുമതി നൽകും. കണ്ടൈൻമെന്റ് സോണിലുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ പോകാൻ അനുമതി നൽകും. പൊതുഗതാഗതത്തിന് ബുദ്ധിമുട്ടെങ്കിൽ അത്യാവശ്യമുള്ള വാഹന സൗകര്യങ്ങൾ കോളേജ് തന്നെ ഒരുക്കണം.
പരിശോധിച്ച ശേഷം ജൂലൈ ഒന്നോടെ ഘട്ടംഘട്ടമായി നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കും. അവസാന വർഷ വിദ്യാർത്ഥികൾക്കുള്ള ക്ലാസുകളായിരിക്കും ആദ്യം ആരംഭിക്കുക. തിയറി ക്ലാസുകൾ കോളേജ് തുറന്നാലും ഓൺലൈനായി തന്നെ നടത്തും. പ്രാക്ടിക്കൽ ക്ലാസുകളും ക്ലിനിക്കൽ ക്ലാസുകളുമാണ് ജൂലൈ ആദ്യം ആരംഭിക്കുക.
ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാബീവി, ജോ. ഡയറക്ടർ ഡോ. തോമസ് മാത്യു, പ്രോ. വൈസ് ചാൻസലർ ഡോ. സി.പി. വിജയൻ, കൺട്രോളർ ഓഫ് എക്സാമിനേഷൻ ഡോ. അനിൽ കുമാർ, രജിസ്ട്രാർ ഡോ. മനോജ് കുമാർ, ഡീൻ സ്റ്റുഡന്റ് അഫയോഴ്സ് ഡോ. ഇക്ബാൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close