പിക്ചർ അഭി ബാക്കി ഹേ ഭായ്….!


Spread the love

പിക്ചർ അഭി ബാക്കി ഹേ ഭായ്….
ഒരു മാസ് സിനിമയ്ക്ക് ഏതൊക്കെ തരത്തിൽ പ്രേക്ഷകനെ പ്രീതിപ്പെടുത്താൻ സാധിക്കുമോ അതെല്ലാം കെ.ജി.എഫ്. 2-വിലൂടെ പ്രശാന്ത് നീൽ ചെയ്തുവെച്ചിട്ടുണ്ട്.
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ കളക്ഷൻ റെക്കോഡുകൾ കെ.ജി.എഫ്. തകർത്താൽ അതിൽ തെല്ലും അദ്ഭുതപ്പെടാനില്ല.
അടിമുടി ഒരു യഷ് ഷോയാണ് ചിത്രം. തുടക്കം മുതൽ ഒടുക്കം വരെ യഷിന്റെ സ്ക്രീൻ പ്രസൻസ് ചിത്രത്തെ മറ്റൊരു തലത്തിലേക്കെത്തിക്കുകയാണ്. മാസ് സിനിമയ്ക്കും മാസ് കഥാപാത്രത്തിനും ഒരു ബെഞ്ച് മാർക്ക് സെറ്റ് ചെയ്തിരിക്കുകയാണ് പ്രശാന്ത് നീൽ രണ്ടാം ഭാഗത്തിലൂടെ. ആദ്യ ഭാഗത്തിലേതു പോലെ തന്നെ പഞ്ച് ഡയലോഗുകളും കോരിത്തരിപ്പിക്കുന്ന മാസ് സീനുകളും അതിനോട് കൃത്യമായി ബ്ലെൻഡ് ചെയ്തു നിൽക്കുന്ന പശ്ചാത്തല സംഗീതവുമെല്ലാം ചേർന്ന് ചിത്രത്തെ മികച്ച അനുഭവമാക്കി മാറ്റിയിരിക്കുന്നു.
2018 ഡിസംബറിൽ ഇന്ത്യയിലെ തിയേറ്ററുകളിലേക്ക് കാര്യമായ ഓളമൊന്നും ഉണ്ടാക്കാതെ എത്തിയ സിനിമയായിരുന്നു കെ.ജി.എഫ്. കെജിഎഫും എൽ ഡൊറാഡോയും റോക്കി ഭായിയുമെല്ലാം പ്രേക്ഷകപ്രീതി വലിയ തോതിൽ പിടിച്ചുപറ്റിയത് കെ.ജി.എഫ്. ആദ്യഭാഗത്തിന്റെ ടൊറന്റ് റിലീസോടെയായിരുന്നു. എന്നാൽ, മൂന്നര വർഷം മുമ്പ് തിയേറ്ററുകളിലേക്ക് അലയടിച്ചെത്തിയത് ഒരു തിരമാലയായിരുന്നെങ്കിൽ ഇന്ന് ആ തിരമാല ഒരു സുനാമിയായി മാറുന്ന കാഴ്ചയാണ് കെ.ജി.എഫ്. 2 റിലീസ് ചെയ്യുമ്പോൾ കാണാനാകുന്നത്.
ഇത്തവണ റോക്കിയുടെ കഥ പറയുന്നത് അനന്ത് നാഗല്ല, അദ്ദേഹത്തിന്റെ അഭാവം രണ്ടാം ഭാഗത്തിൽ നിഴലിക്കുന്നുണ്ട്. നാരാച്ചിയിൽ ഗരുഡയുടെ മരണത്തോടെ റോക്കി കെ.ജി.എഫിന്റെ നിയന്ത്രണം സ്വയം ഏറ്റെടുക്കുന്നതോടെയാണ് രണ്ടാം ഭാഗത്തിന്റെ കഥയാരംഭിക്കുന്നത്.റോക്കി കെ.ജി.എഫിൽ അധികാരം സ്ഥാപിക്കുന്നതോടെ ശത്രുക്കളും തലപൊക്കുന്നു. ഇവിടെയാണ് ആദ്യഭാഗത്തിൽ നിഴൽ മാത്രമായിരുന്ന കെ.ജി.എഫ്. സ്ഥാപകൻ സൂര്യവർദ്ധന്റെ അനുജൻ അധീര രംഗപ്രവേശം ചെയ്യുന്നത്. യഷിനൊപ്പം പിടിക്കാൻ സാധിക്കുന്നില്ലെങ്കിലും അധീരയെ അവതരിപ്പിച്ച സഞ്ജയ് ദത്ത് തന്റെ പ്രകടനം കൊണ്ട് കൈയടി നേടുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സഞ്ജയ് ദത്തിനെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചോ എന്ന് സംശയം തോന്നിയേക്കാം. അതിനാൽ തന്നെ അദ്ദേഹത്തിന്റെ അധീരയേക്കാൾ ഒരുപടി സ്കോർ ചെയ്തിരിക്കുന്നത് രവീണ ടണ്ഠന്റെ രമിക സെൻ എന്ന പ്രധാനമന്ത്രി കഥാപാത്രമാണ്.
ആദ്യഭാഗത്തേക്കാൾ മികച്ച തിരക്കഥയുടെ പിൻബലവും രണ്ടാം ഭാഗത്തിനുണ്ട്. അതിനൊപ്പം കഥാപാത്രങ്ങളുടെ മികവ് കൂടിയായപ്പോൾ റിലീസിന് മുമ്പ് ലഭിച്ച വമ്പൻ ഹൈപ്പിനോട് ചിത്രം നീതി പുലർത്തുന്നുണ്ട്. ഭുവൻ ഗൗഡയുടെ ഛായാഗ്രാഹണത്തിനും ഉജ്ജ്വൽ കുൽക്കർണി എന്ന 19-കാരന്റെ എഡിറ്റിങ് മികവിനും കൈയടി നൽകാതെ വയ്യ.കെ.ജി.എഫ്. എന്ന തന്റെ സമ്രാജ്യത്തിന് ഭീഷണി ഉയർത്തുന്നവരെ റോക്കി എങ്ങനെ നേരിടുന്നു എന്നതാണ് രണ്ടാം ഭാഗത്തിൽ. ആദ്യഭാഗത്തേക്കാൾ കൈയടി നേടുന്നു സീക്വൻസുകൾ രണ്ടാം ഭാഗത്തിൽ യഷിനുണ്ട്. ആദ്യഭാഗത്തിനു പിന്നാലെ റോക്കി എന്ന കഥാപാത്രത്തിന് കിട്ടിയ ഹൈപ്പ് പരമാവധി രണ്ടാം ഭാഗത്തിൽ പ്രശാന്ത് നീൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
കെ.ജി.എഫിന് അടുത്ത ഒരു ഭാഗം കൂടിയുണ്ടാകുമെന്ന പ്രതീതിയുണ്ടാക്കിയാണ് ചിത്രം അവസാനിക്കുന്നത്. അതിനാൽ ചിത്രത്തിന്റെ എൻഡ് ക്രെഡിറ്റ് തുടങ്ങിയത് കണ്ട് തിയേറ്ററിൽനിന്ന് എഴുന്നേറ്റ് പോകാൻ നിൽക്കേണ്ട, പിക്ചർ അഭി ബാക്കി ഹേ ഭായ്….! രണ്ടു മണിക്കൂർ 48 മിനിറ്റ് സ്ക്രീനിൽനിന്ന് കണ്ണെടുക്കാനാകാതെ ഒരു ലാഗ് പോലും ഫീൽ ചെയ്യാതെ ഒരു ചിത്രം കാണണമെങ്കിൽ കെ.ജി.എഫ് 2-വിന് ടിക്കറ്റെടുക്കാം, പ്രശാന്ത് നീലും യഷുമടക്കം ചെയ്തുവെച്ചിരിക്കുന്ന അദ്ഭുതം ആസ്വദിക്കാം.

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close