പാവങ്ങളുടെ അമ്മ: മദർ തെരേസ


Spread the love

 

‘പാവങ്ങളുടെ അമ്മ’ എന്ന വിശേഷണത്തിന് ഉടമയായ വ്യക്തിയാണ് മദർ തെരേസ. വെറുമൊരു പേരിനുള്ള വിശേഷണം മാത്രമല്ല, മറിച്ച് മദർ തെരേസ ശരിക്കും ആശ്രയ രഹിതർക്ക് ഒരു അമ്മ തന്നെ ആയിരുന്നു. ഒരു അമ്മ തന്റെ മക്കളോട് കാണിക്കുന്ന അതേ തോതിലുള്ള സ്നേഹവും, കരുതലും മദർ തെരേസ അവരുടെ മുന്നിൽ എത്തിയവരോടെല്ലാം കാണിച്ചു. എല്ലാവരെയും അങ്ങേയറ്റം സ്നേഹിച്ചു, ബഹുമാനിച്ചു. ജന്മം കൊണ്ട് ഒരു ഇന്ത്യക്കാരി അല്ലായെങ്കിലും മദർ തെരേസ പ്രവർത്തിച്ചത് മുഴുവൻ ഇന്ത്യയിലെ പാവങ്ങൾക്ക് വേണ്ടിയായിരുന്നു. നിസ്വാർത്ഥ സ്നേഹത്തിനുടമയായ ആ അമ്മയെ കുറിച്ച് നമ്മൾ ഏവരും കൂടുതൽ അറിയേണ്ടതുണ്ട്.          

1910 ഓഗസ്റ്റ് 26-ന് മാക്‌സിഡോണിയയിലെ, സോകോപ്‌ജേയിൽ ഒരു അൽബേനിയൻ കുടുംബത്തിലായിരുന്നു മദർ തെരേസയുടെ ജനനം. നിക്കോളെ ബൊജാക്‌സ്ഹ്യുവിന്റേയും, ഡ്രാണഫൈൽ ബൊജാക്സിഹ്യുവിൻറെയും മൂന്ന് മക്കളിൽ അവസാനത്തെ മകളായിരുന്നു തെരേസ. ആദ്യകാല പേര് ആഗ്നസ് എന്നായിരുന്നു. വളരെ നല്ല രീതിയിൽ കഴിഞ്ഞു പോയിരുന്ന ഒരു കുടുംബം ആയിരുന്നു അത്. വളരെ ചെറിയ പ്രായം മുതലേ പള്ളികളിൽ സമയം ചിലവഴിക്കുന്നത് അവളിൽ സന്തോഷവും, സമാധാനവും ഉളവാക്കിയിരുന്നു. അങ്ങനെ സന്തോഷത്തോടെ കഴിഞ്ഞു പോയിരുന്ന ആ കുടുംബത്തിൽ വിധി വില്ലനായി മാറിയത് അവളുടെ എട്ടാം വയസ്സിലുള്ള, അച്ഛന്റെ മരണത്തോടെയാണ്. അത് ആ കുടുംബത്തിനേറ്റ വലിയൊരു ആഘാതം തന്നെയായിരുന്നു.            

 പിന്നീട്, ആഗ്നസ് പള്ളിയിൽ കൂടുതൽ സമയം ചിലവഴിക്കാൻ തുടങ്ങി. വിശുദ്ധന്മാരുടെയും, പുരോഹിതരുടെയും കഥകൾ അവളെ ത്രസിപ്പിച്ചു. ശേഷം കൗമാരത്തിൽ തന്റെ ജീവിത ലക്ഷ്യം കർത്താവിന്റെ മണവാട്ടി ആയി തീരുവാനുള്ളതാണെന്ന് അവൾ തിരിച്ചറിഞ്ഞു. ആഗ്നസ് ആ വഴിയേ തിരിഞ്ഞു. 1922-ൽ അയർലണ്ടിൽ ‘ലോറാറ്റോ’ കോൺവെന്റിൽ ഒരു സന്യാസിനിയായി ആഗ്നസ് ചേർന്നു. അതോടപ്പം തന്നെ, വിശുദ്ധ കൊച്ചുത്രേസ്യയുടെ പേര് സ്വീകരിച്ച് സിസ്റ്റർ തെരേസ എന്ന നാമത്തിൽ അവൾ അറിയപ്പെട്ടു. അന്ന് തന്റെ കൗമാരകാലത്തിൽ അവൾ വായിച്ച, ഇന്ത്യയിൽ ധർമ്മ പ്രവർത്തനങ്ങൾക്കായി പോയ ഒരു പുരോഹിതന്റെ കുറിപ്പിൽ നിന്നായിരുന്നു അവൾ ആദ്യമായി ഇന്ത്യ എന്ന രാജ്യത്തെ പറ്റി അറിയുന്നത്. അന്ന് ഏഷ്യൻ ഭൂഖണ്ഡത്തിലെ ഒരു ദരിദ്ര രാജ്യം എന്നതിലുപരി ഭാരതത്തെക്കുറിച്ച് അവൾക്ക് ഒന്നും അറിവ് ഉണ്ടായിരുന്നില്ല. 

       1928-ൽ തെരേസ അയർലണ്ടിൽ കന്യാമറിയത്തിന്റെ പേരിലുള്ള ഒരു സ്ഥാപനത്തിൽ ചേർന്ന് പ്രവർത്തിച്ചു. തന്റെ ജീവിതം ദൈവത്തിനു സമർപ്പിച്ചതു കൊണ്ട് മാത്രം ഒന്നുമായില്ല, മറിച്ച് ദൈവത്തിന്റെ ഒരു കയ്യാളായി നിന്ന് പാവങ്ങളുടെ കണ്ണീർ ഒപ്പാൻ ശ്രമിച്ചാൽ മാത്രമേ താൻ നയിക്കുന്ന ഈ സന്യാസ ജീവിതത്തിന് ഒരു അർത്ഥം ഉണ്ടാവുകയുള്ളു എന്ന തിരിച്ചറിവ് അവളിലുണ്ടായി. അങ്ങനെ പണ്ട് ദരിദ്ര രാഷ്ടം എന്ന വായിച്ചറിഞ്ഞ ഇന്ത്യയിൽ അവൾ 1929-ൽ കാലു കുത്തി. ഇവിടെ ഡാർജീലിംഗിൽ ‘ലൊറേറ്റോ’ സന്യാസിനികളുടെ കൂടെ ചേർന്ന് സജീവമായി തന്റെ പ്രവർത്തനം ആരംഭിച്ചു. പിന്നീട് അവർ കൊൽക്കത്തയിലെ സെന്റ് മേരീസ് കോൺവെന്റിൽ അദ്ധ്യപികയായി സ്ഥാനമേറ്റു. ഏകദേശം 20 വർഷത്തോളം അവർ അവിടെ പ്രവർത്തനം അനുഷ്‌ഠിച്ചു. തന്റെ മുന്നിൽ വരുന്നവർക്ക് മാത്രം അറിവ് പകർന്നു കൊടുത്തിട്ട് കാര്യമില്ല, മറിച്ചു അതിനു അർഹതപ്പെട്ടവരെ എല്ലാം കണ്ടു പിടിച്ച് എല്ലാവരിലേക്കും വിദ്യ എന്ന വെളിച്ചം എത്തിക്കണം എന്നവൾ മനസ്സിലാക്കി. അതിനായി അവർ ചേരികളിലേക്ക് തിരിഞ്ഞു. ഒരു നേരത്തെ അന്നത്തിനു വേണ്ടി പരിശ്രമിക്കുന്ന, നിർദ്ധനരായ കുട്ടികൾ ഒരിക്കലും വിദ്യ അഭ്യസിക്കാനായി അവരുടെ മുന്നിൽ എത്തുകയില്ല എന്ന് തെരേസയ്ക്ക് വളരെ നന്നായി അറിയാമായിരുന്നു. അതിനാൽ വിദ്യയെ അവരുടെ മുന്നിൽ എത്തിക്കാൻ തെരേസ തീരുമാനിച്ചു. അതിന്റെ ഭാഗമായി 1948-ൽ മദർ തെരേസ കൊൽക്കത്തയിലെ പ്രഥമ ചേരിയിൽ സ്കൂൾ സ്ഥാപിച്ചു.             

ഇന്ത്യയിലെ ദാരിദ്യം അവരെ വലിയ രീതിയിൽ സ്വാധീനിച്ചിരുന്നു. 1943-ലെ ക്ഷാമ കാലം ബംഗാളിൽ ധാരാളം മരണം വിതച്ചിരുന്നു. ഇതിലെല്ലാം അവർ വളരെ അസ്വസ്ഥയായിരുന്നു. കൂടാതെ 1946-ൽ, അവിടെ നടന്ന ഹിന്ദു – മുസ്ലിം കലാപം അവിടുത്തെ അവസ്ഥ വീണ്ടും രൂക്ഷമാക്കി. എവിടെ നോക്കിയാലും ദുഃഖത്താലും, ദുരിതത്താലും വിങ്ങുന്ന ജനങ്ങൾ. ഈ കാഴ്ചകളെല്ലാം അവരുടെ നെഞ്ചിലേക്ക് തുളഞ്ഞു കയറുകയായിരുന്നു. 1946 സെപ്റ്റംബർ 10-ന് കെൽക്കത്തയിൽ നിന്നും ഡാര്‍ജീലിംഗിലേക്കുള്ള ഒരു ട്രെയിൻ യാത്രയിൽ അവർക്ക് ‘ദൈവ വിളി’ ഉണ്ടായതായി അനുഭവപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. “അവർ കോൺവെന്റ് വിട്ട് സാധാരണ ജനങ്ങളിലേക്കിറങ്ങി, അവരുടെ കൂടെ ജീവിച്ച്, അവർക്ക് വേണ്ടി പ്രവർത്തിക്കണം” എന്നായിരുന്നു അതെന്നാണ് പിന്നീട് മദർ തെരേസ പറഞ്ഞത്. ശേഷം ദൈവഹിതം അനുസരിച്ചു തന്നെ ജീവിക്കാൻ തെരേസ തയ്യാറാവുകയായിരുന്നു. കൊൽക്കത്തയിൽ ദുരിതമനുഭവിക്കുന്ന ജന വിഭാഗങ്ങൾക്ക് വേണ്ടി അവർ പല സ്ഥാപനങ്ങളും രൂപീകരിക്കാൻ തുടങ്ങി. നിർമ്മൽ ഹൃദയ്, ശിശു ഭവൻ എന്നിവ അവയിൽ ചിലതാണ്. ആസംഷോളിൽ, ശാന്തി നഗർ എന്ന പേരിൽ കുഷ്ഠ രോഗികൾക്കായി ഒരു കോളനിയും സ്ഥാപിച്ചു. മാത്രമല്ല, കഷ്‌ടത അനുഭവിക്കുന്നവരെ സംരക്ഷിക്കാനുള്ള അനേകം സ്ഥാപനങ്ങൾ അവർ ലോകമെമ്പാടും രൂപീകരിച്ചു.             

 എന്നാൽ ഇവ എല്ലാം നടത്തിക്കൊണ്ട് പോകുവാനുള്ള വരുമാനം ഇല്ലാത്തതിനാൽ തുടക്കത്തിൽ അവർക്ക് വളരെയധികം കഷ്ടപ്പെടേണ്ടി വന്നിരുന്നു. എന്നിരുന്നാലും, താൻ പരിപാലിക്കുന്നവരുടെ വിശപ്പകറ്റുവാനായി അവർ മറ്റുള്ളവരുടെ മുന്നിൽ യാചിച്ചിരുന്നു. കടകളിലും, കച്ചവടക്കാരുടെയും കയ്യിൽ നിന്നും യാചിച്ചു വാങ്ങിയ ഭക്ഷണ സാധനങ്ങൾ കൊണ്ട് വന്ന് കുട്ടികൾക്കും മറ്റും കൊടുത്തിട്ട്, പല ദിവസങ്ങളിലും അവർ പട്ടിണി കിടന്ന കാലം  ഉണ്ടായിരുന്നു. എന്നാൽ 1959 ആയപ്പോഴേക്കും കൊൽക്കത്തയ്ക്ക് വെളിയിലും അവർ നേരിട്ട് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുവാൻ തുടങ്ങി. 1970-ൽ, മദർ തെരേസയെ കുറിച്ച് ബി. ബി. സി. യിൽ ഒരു ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. അതോടു കൂടി അവർ ലോക പ്രശസ്തയാകുകയായിരുന്നു. അനേകം പെൺകുട്ടികൾ നാനാലോകത്തു നിന്നും ഈ മിഷനറിയിൽ ചേരാൻ തുടങ്ങി. അതോടു കൂടി ഇത് വളരാനും, കൂടുതൽ ആളുകളുടെ ശ്രദ്ധ ആകർഷിക്കുവാനും ആരംഭിച്ചു. നിലവിൽ 133 രാജ്യങ്ങളിലായി ഏകദേശം 4500-ഓളം സന്യാസിനിമാർ ഇതിൽ ചേർന്ന് പ്രവർത്തിക്കുന്നു. 

         

1964-ൽ പോൾ ആറാമൻ മാർപാപ്പ തെരേസയെ സന്ദർശിച്ചിരുന്നു. അന്ന് അദ്ദേഹം അവരുടെ സന്നദ്ധ പ്രവർത്തനങ്ങളിൽ സന്തുഷ്ടനായി അവർക്ക് ഒരു ആഡംബര കാർ സമ്മാനമായി നൽകിയിരുന്നു. എന്നാൽ, മദർ തെരേസ ആ കാർ ലേലം ചെയ്തു വിൽക്കുകയാണ് ചെയ്തത്. ശേഷം ഈ തുക കുഷ്ഠ രോഗികളുടെ ചികിത്സയ്ക്കും, മറ്റ് ആവശ്യങ്ങൾക്കുമായി സംഭാവന ചെയ്തു. ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും മദർ തെരേസയെ അംഗീകരിച്ചുകൊണ്ട് പുരസ്കാരങ്ങൾ തേടി എത്തി. 1962-ൽ ഫിലിപ്പിയൻ സർക്കാർ മാഗ്ഗ്സസെ പുരസ്കാരം നൽകി അംഗീകരിച്ചു. 1962-ൽ, ഭാരതം മദറിന് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1972-ൽ മദർ തെരെസയെ നോബൽ സമ്മാനത്തിനായി നാമ നിർദ്ദേശം ചെയ്യപ്പെട്ടെങ്കിലും, ആ കൊല്ലം ആർക്കും നോബൽ സമ്മാനം നൽകിയിരുന്നില്ല. ശേഷം 1979 ലോകം അവരെ നോബൽ സമ്മാനം നൽകിയും ആദരിച്ചു. എന്നാൽ നോബൽ സമ്മാനം ആയി ലഭിച്ച 1,92,000 അമേരിക്കൻ ഡോളർ അവർ പാവപ്പെട്ടവർക്ക് നൽകി. പലരിൽ നിന്നും ലഭിച്ച തുകയിൽ നിന്നും സ്വന്തം ആവിശ്യങ്ങൾക്ക് വേണ്ടി ഒരു തുക പോലും, മദർ എടുത്തിരുന്നില്ല. എല്ലാം പാവങ്ങൾക്ക് വീതിച്ചു കൊടുക്കുന്നതായിരുന്നു അവർക്ക് സന്തോഷം. 1980-ൽ ഭാരതത്തിന്റെ പരമോന്നത ബഹുമതിയായ ഭാരത രത്നം നൽകി ഇന്ത്യൻ മദറിനെ ആദരിച്ചു. 

             

1996-ൽ മദർ ഒന്ന് വീഴുകയും, അതേ തുടർന്ന് തോളെല്ലിന് സാരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. അത് കൂടാതെ പിന്നീട്, മദർ തെരേസ മലേറിയ എന്ന രോഗത്തിനും അടിമപ്പെട്ടു. അങ്ങനെ 1997 സെപ്റ്റംബർ 5-ന് തന്റെ എൺപത്തി ഏഴാം വയസ്സിൽ ആ മാലാഖ ഈ ഭൂമിയോട് വിട പറഞ്ഞു. 2003-ൽ വത്തിക്കാനിൽ ജോൺ പോൾ മാർപാപ്പ രണ്ടാമൻ മദറിനെ “വാഴ്ത്തപ്പെട്ടവൾ” ആയി അംഗീകരിച്ചു.              

ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ വാഴ്ത്തപ്പെടുന്ന വ്യക്തികളിൽ ഒരാളാണ് “വാഴ്ത്തപ്പെട്ട മദർ തെരേസ”. തന്റെ ജീവിതം കഷ്ടപ്പെടുന്നവർക്ക് വേണ്ടി സമർപ്പിച്ചു അവൾ വീട്ടിൽ നിന്നും ഇറങ്ങിയ ശേഷം പിന്നീട് ഒരിക്കലും അവൾ തന്റെ അമ്മയെയോ, സഹോദരങ്ങളെയോ നേരിട്ട് കണ്ടിട്ടില്ല. “ജന്മം കൊണ്ട് അൽബേനിയനും, കർമ്മം കൊണ്ട് ഇന്ത്യനും, ജീവിതം കൊണ്ട് കത്തോലിക്കാ സന്യാസിനിയുമാണ് താൻ “എന്ന അവർ പറയുമായിരുന്നു. മറ്റുള്ളവരുടെ നന്മയ്ക്കായി സ്വന്തം കുടുംബം ഉപേക്ഷിച്ചു, സ്വന്തം നാടു ഉപേക്ഷിച്ചു, സ്വന്തം ജീവിതം ത്യജിച്ച വേറെ എത്ര സ്ത്രീകളെ ഇന്ന് ചൂണ്ടിക്കാട്ടാനാകും? മാത്രമല്ല മദർ തെരേസ ഒരിക്കലും സ്വന്തം സുഖങ്ങൾക്കോ, ആഗ്രഹങ്ങൾക്കോ ഒരു മുൻതൂക്കവും നൽകിയിരുന്നില്ല. മറ്റുള്ളവരുടെ വയർ നിറയ്ക്കണം, അവരെ സംരക്ഷിക്കണം, അവരുടെ മുഖത്തെ സന്തോഷം കാണണം. അതായിരുന്നു മദർ തെരേസയ്ക്ക് എല്ലാം. ഒരായിരം മനുഷ്യ ജന്മങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്ര പുണ്യം, ഒരൊറ്റ ജന്മം കൊണ്ട് ഭൂമിയിൽ ചെയ്ത് തീർത്തവൾ. അവർ ചെയ്ത പുണ്യ പ്രവർത്തികൾ കാരണം ആളുകൾ അവരെ “അമ്മേ” എന്ന് വിളിച്ചിരുന്നത് തീർത്തും ഉള്ളിന്റെ ഉള്ളിൽ നിന്ന് തന്നെയായിരുന്നു.   

Read also : ഒരു ജനതയുടെ സ്വാതന്ത്ര്യത്തിനായി ജീവിതം പകരം നൽകിയ മനുഷ്യൻ: നെൽസൺ മണ്ടേല

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Rani Raj

Close