
കേരളത്തിലെ ആദ്യ മെട്രോ പ്രൊജക്റ്റായ കൊച്ചി മെട്രോ നിലവിൽ വന്നിട്ട് അഞ്ച് വർഷം തികയാൻ പോകുകയാണ്. ഈ വിശിഷ്ടവേളയിൽ മെട്രോ റെയിലിന്റെ രണ്ടാംഘട്ട വിപുലീകരണം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കെ.എം ആര്.എല്‍. മെട്രോ പാതയുടെ വിപുലീകരണം, പുതിയ സ്റ്റേഷനുകളുടെ നിർമ്മാണം, അതത് സ്റ്റേഷനിലെ വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തനം തുടങ്ങിയ കാര്യങ്ങൾ നടപ്പിലാക്കാനുള്ള കാര്യപരിപാടികളിലാണ് ഇപ്പോൾ കെ.എം.ആർ.എൽ. കൊച്ചിൻ എയർപോർട്ടിലേക്കുള്ള പാത വികസിപ്പിച്ചുകൊണ്ട് കൂടുതൽ ലാഭം നേടാനാണ് മെട്രോ അധികൃതർ ലക്ഷ്യമിടുന്നത്. ഇത് കൂടാതെ ജില്ലയിലെ തിരക്കേറിയ അഞ്ച് നഗരങ്ങൾ കൂടി മെട്രോ റെയിൽ വഴി ബന്ധിപ്പിക്കാൻ കെ.എം.ആർ.എൽ പദ്ധതിയിട്ടിട്ടുണ്ട്. ഈ പദ്ധതികൾ എല്ലാം ചുരുങ്ങിയ കാലത്തിൽ തന്നെ നടപ്പിലാക്കാൻ സാധിച്ചാൽ രാജ്യത്തെ മികച്ച ട്രാവല്‍ ഹബ്ബായി കൊച്ചി മാറുമെന്നാണ് കൊച്ചി മെട്രോ ഡയറക്ടറായ ലോകനാത് ബെഹറ അഭിപ്രായപ്പെടുന്നത്.
കൊച്ചി മെട്രോയുടെ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് ഒട്ടനവധി ചടങ്ങുകൾ നഗരത്തിൽ നടന്നിട്ടുണ്ട്. അതുകൂടാതെ യാത്രക്കാർക്ക് വെറും അഞ്ച് രൂപ മാത്രം നൽകികൊണ്ട് മെട്രോയിൽ സഞ്ചരിക്കാനുള്ള സൗകര്യവും കെ.എം.ആർ.എൽ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ യാത്രക്കാരെ മെട്രോ ട്രെയിനിലേക്ക് ആകർഷിപ്പിച്ചു കൊണ്ട് പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കാനാണ് അധികൃതർ ഇതുവഴി ലക്ഷ്യമിടുന്നത്. ഇന്ന് ഒരു ദിവസത്തേക്ക് മാത്രമാണ് അഞ്ച് രൂപയ്ക്ക് യാത്ര നടത്താൻ ജനങ്ങൾക്ക് സാധിക്കുക.
പ്രതിദിനയാത്രക്കാരുടെ എണ്ണം കുറഞ്ഞത് ഒരു ലക്ഷം എങ്കിലും ഉണ്ടായാൽ മാത്രമേ കൊച്ചി മെട്രോ ലാഭത്തിൽ നടത്തികൊണ്ട് പോകാൻ സാധിക്കൂ.
കൂടുതല്‍ മെട്രോ റെയിൽ പാതകൾ വരുമ്പോൾ ഈ എണ്ണം ക്രമാതീതമായി ഉയർത്തേണ്ടി വരും. അതിനു വേണ്ടിയാണ് വാട്ടർ മെട്രോ, ഇലക്ട്രിക് ഫീഡർ ബസ്, തുടങ്ങിയ സംരംഭങ്ങൾ കെ.എം.ആർ.എൽ ആരംഭിച്ചിട്ടുള്ളത്. ഈ സംരംഭങ്ങൾ വഴി വരുമാനം ഉയർത്താനും കൊച്ചി മെട്രോയെ കൂടുതൽ പേരിലേക്ക് എത്തിക്കാനും സാധിക്കും. ജില്ലയിലെ ഇന്‍ഫോപാര്‍ക്കിലേക്കുള്ള പാതയ്ക്കായി നൽകിയ അപേക്ഷയിൽ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
English summary :- kochi metro planning to start their second phase.