കോന്നി സിഎഫ്ആർഡി കേന്ദ്രം ഭക്ഷ്യമന്ത്രി സന്ദർശിച്ചു; ക്യാമ്പസിന്റെ വിപുലീകരണവും വികസനവും നടപ്പാക്കും: മന്ത്രി


Spread the love

കോന്നി സിഎഫ്ആർഡി(കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ്) ക്യാമ്പസിന്റെ വിപുലീകരണത്തിനും വികസനത്തിനും ഉതകുന്ന പദ്ധതികൾ തയാറാക്കി നടപ്പാക്കുമെന്ന് ഭക്ഷ്യ മന്ത്രി അഡ്വ.ജി.ആർ.അനിൽ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന സിഎഫ്ആർഡി ക്യാമ്പസ് സന്ദർശിക്കുകയായിരുന്നു മന്ത്രി. ക്യാമ്പസിന്റെ വിപുലീകരണത്തിനും വികസനത്തിനും ഉതകുന്ന പദ്ധതികൾ തയാറാക്കാൻ ഉന്നതതല യോഗം തിരുവനന്തപുരത്ത് ചേരും. ലേഡീസ് ഹോസ്റ്റലിന് ഉൾപ്പെടെ കെട്ടിടം നിർമിക്കാനുള്ള സാധ്യത പരിശോധിക്കും. മിനി ഭക്ഷ്യ പാർക്ക് ആരംഭിക്കണമെന്ന കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നിർദ്ദേശവും പരിശോധിക്കും. ഇതു സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കാൻ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു.
കോന്നി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡായ പെരിഞ്ഞൊട്ടയ്ക്കലിലെ 35 ഏക്കർ സ്ഥലമാണ് സിഎഫ്ആർഡിക്ക് ഉള്ളത്. ഭക്ഷ്യഗുണനിലവാര പരിശോധനാ ലാബ്, കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്‌നോളജി, ഫുഡ് പ്രൊസസിംഗ് ട്രെയിനിംഗ് സെന്റർ എന്നിവയാണ് സിഎഫ്ആർഡിയുടെ ചുമതലയിൽ പ്രവർത്തിക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ ജില്ലകളിൽ നിന്നും ഭക്ഷ്യ സാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാര പരിശോധന നടത്തി നൽകുന്നതും സിഎഫ്ആർഡിയാണ്.
സ്‌കൂൾ ഓഫ് ഫുഡ് ബിസിനസ് മാനേജ്‌മെന്റ് എന്ന പേരിൽ ഒരു മാനേജ്‌മെന്റ് പരിശീലന സ്ഥാപനവും ഉടൻ ആരംഭിക്കും. എം.ജി സർവകലാശാലയുടെ നേതൃത്വത്തിൽ ഫുഡ് ബിസിനസ് മാനേജ്‌മെന്റിൽ എം.ബി.എ കോഴ്‌സ് ആണ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്. 60 വിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കാൻ കഴിയുന്ന കെട്ടിട നിർമാണവും പൂർത്തിയായിട്ടുണ്ട്.
കെ.യു.ജനീഷ് കുമാർ എം.എൽ.എ, ഭക്ഷ്യവകുപ്പ് സെക്രട്ടറി പി.വേണുഗോപാൽ, സിവിൽ സപ്ലൈസ് എം.ഡി അലി അസ്ഗർ പാഷ, സിവിൽ സപ്ലൈസ് ഡയറക്ടർ ഹരിത.വി.കുമാർ, ജില്ലാ സപ്ലൈ ഓഫീസർ സി.വി.മോഹൻകുമാർ, സിപിഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.മണിയമ്മ, കോന്നി ഗ്രാമപഞ്ചായത്തംഗം ജിഷ ജയകുമാർ, പ്രിൻസിപ്പൽ ഡോ.പ്രവീണ, ചീഫ് അനലിസ്റ്റ് ഗ്രേസ് ബേബി, ട്രെയിനിംഗ് കോ-ഓർഡിനേറ്റർ കെ.ആർ.മോഹനൻ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.https://bit.ly/3jhwCp6

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close