കൂൺ കൃഷിയിലൂടെ വിജയം കൊയ്യാം


Spread the love

രുചിയുടെയും പോഷക ഗുണത്തിന്റെയും കാര്യത്തിൽ ഏറെ മുൻപന്തിയിലാണ് കൂൺ.അതിയായ രോഗ പ്രതിരോധ ശേഷിയുമുള്ള കൂണിന് കൊളെസ്ട്രോൾ, രക്തസമ്മർദ്ദം, ട്യൂമർ എന്നിവയെ നിയന്ത്രിക്കാനുമുള്ള കഴിവുണ്ട്.പുരാതന കാലം മുതൽക്കേ കൂണിനെ ആഹാരമായി പോന്നിരുന്ന നമുക്കിടയിൽ കൂൺ കൃഷിക്കും ഇപ്പോൾ പ്രാധാന്യമേറി വരികയാണ്.കൂൺ യഥാർത്ഥത്തിൽ ഒരു തരം കുമിള അഥവാ ഫംഗസ് ആണ്.സ്വന്തമായി ആഹാരം പാചകം ചെയ്യാൻ കഴിവില്ലാത്ത ഇവ അഴുകിയ പ്രതലങ്ങളിലാണ് വളരുന്നത്.ഭക്ഷ്യയോഗ്യമായ ചിപ്പിക്കൂൺ, പാൽക്കൂൺ, കച്ചികൂൺ തുടങ്ങിയവ നമുക്കു വ്യവസായിക അടിസ്ഥാനത്തിൽ വളർത്താവുന്നതാണ്.വലിയ അളവിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്ന കൂൺ വിറ്റാമിൻ ബി, സി, ഡി, കൂടാതെ റിബോഫ്‌ളാവിന്റെയും കലവറയാണ്.

വർഷത്തിൽ 365 ദിവസവും നമുക്ക് കൃഷി ചെയ്യാനാകും എന്നതാണ് കൂണിന്റെ പ്രത്യേകത.പാൽ കൂൺ ഒറ്റക്കാണ് മുളക്കുന്നത്. 40 ദിവസം കൊണ്ട് വിളവെടുക്കാം. ചിപ്പിക്കൂൺ കൂട്ടമായാണ് വളരുന്നത്.വിളവെടുത്തു കഴിഞ്ഞാൽ കൂടുതൽ കാലം സൂക്ഷിച്ചു വെക്കാൻ കഴിയില്ല. കൂൺ കൃഷി തുടങ്ങാൻ പ്ലാസ്റ്റിക് കവറുകൾ, വൈക്കോല്, ചകിരിച്ചോറ്, എന്നിങ്ങനെ വളരെ കുറച്ച് സാധനങ്ങളുടെ ചിലവ് മാത്രമേ ഉള്ളൂ എന്നതും മേന്മയാണ്. വീട്ടിലെ ഒരു മുറിയിലോ മട്ടുപ്പാവിലോ കൃഷി തുടങ്ങാം. മുറിയിലെ ഊഷ്മാവ് ഏതു രീതിയിലും ക്രമീകരിക്കാം എന്നുള്ളതിനാൽ വേനൽക്കാലത്തും വർഷകാലത്തും വിളവ് ലഭിക്കും.ഒരു കിലോ കൂൺ ഉല്പാദിപ്പിക്കാൻ 70 രൂപയാണ് ചിലവ്.പാൽ കൂണായാലും ചിപ്പി കൂണിനാണേലും കിലോക്ക് 300 രൂപ വരെ വില ലഭിക്കും.ആദ്യമായി തുടങ്ങുമ്പോൾ ചെറിയ രീതിയിൽ കൃഷി ചെയ്ത് തുടങ്ങുക.

സാദാരണയായി കൃഷി തുടങ്ങാൻ വൈക്കോലാണ് മാധ്യമമായി ഉപയോഗിക്കുന്നത്. അണുവിമുക്തമാക്കിയ അറക്കപൊടിയും ചകിരിച്ചോറും ഉപയോഗിക്കാം.വൈക്കോൽ ശുദ്ധജലത്തിൽ 8 മുതൽ 10 മണിക്കൂർ വരെ മുക്കി വെക്കുക. ശേഷം 1 മണിക്കൂറോളം ആവിയിൽ പുഴുങ്ങണം. ഇത് പരന്ന പ്രതലത്തിൽ ഈർപ്പം മാറാൻ ഇടുക.കണ്ടാൽ നനവ് തോന്നുകയും എന്നാൽ പിഴിഞ്ഞാൽ വെള്ളം വരാത്തതുമായ അവസ്ഥയാണ് വൈക്കോലിന് വേണ്ടത്.പിന്നീട് ഇത് രണ്ടിഞ്ചിൽ കുറയാത്ത കനത്തിൽ, വട്ടത്തിൽ തെരിക പോലെ ചുറ്റിയെടുക്കണം.ഇത് പോളിത്തീൻ കവറിൽ നിറയ്ക്കണം.ഓരോ തെരികക്കുമിടയിൽ വശങ്ങളിൽ കൂൺ വിത്തുകൾ വിതറുക. ഏറ്റവും മുകളിൽ മുഴുവനായും വിത്ത് വിതറുക.മുകൾഭാഗം കൂട്ടി കെട്ടി ഓരോ ലയറിനോട് ചേർന്നും സുഷിരങ്ങൾ ഇടുക.ഇത് വായു സമ്പർക്കമുള്ള സൂര്യപ്രകാശം കടക്കാത്ത മുറിയിൽ സൂക്ഷിക്കാം. 15 മുതൽ 27 ദിവസത്തിനുള്ളിൽ ആദ്യ വിളവ് ലഭിക്കും.

പ്രത്യേകം സജ്ജീകരിച്ച മുറികളിലോ കൂടാരത്തിലോ കൂൺ കൃഷി ചെയ്യുന്ന രീതിയാണ് ഹൈടെക് റൂം കൾട്ടിവേഷൻ.സംസ്ഥാന ഹോൾട്ടികൾച്ചർ മിഷൻ അംഗീകാരം നൽകിയ ഹൈ ടെക് കൂൺ കൃഷിക്ക് യൂണിറ്റുകൾ നിർമിക്കാനും കൂൺകൃഷി പ്രോത്സാഹിപ്പിച്ചു കൂടുതൽ ഉത്പാദനം നടത്തുവാനും മറ്റും ഒരു ലക്ഷം രൂപ സബ്‌സിഡിയും നൽകുന്നുണ്ട്.ഏത് കാലാവസ്ഥയിലും ഉപയോഗിക്കാൻ പറ്റുന്ന കൂൺ പുരയാണ് ഹൈ ടെക് കൾട്ടിവേഷന്റെ പ്രത്യേകത.താപ നില വ്യത്യാസപ്പെടുത്താൻ കഴിയുന്ന ഇത്തരം യൂണിറ്റുകൾ കൊടുങ്ങല്ലൂരിലെ അഗ്രോ മഷ്‌റൂംസ് നിർമിച്ചു കൊടുക്കുന്നുണ്ട്. വിവിധ കൃഷി വിജ്ഞാന കേന്ദ്രങ്ങൾ വിത്തുല്പാദനം, കൂൺ കൃഷി, പരിചരണം, വിളവെടുപ്പ് എന്നിവയിൽ പരിശീലനം നൽകുന്നുണ്ട്. വിത്തുല്പാദന സംരംഭത്തിന് പതിനായിരം രൂപയിൽ കുറവ് ചിലവ് മാത്രമേ വരുന്നുള്ളൂ.

ശുചിത്വവും ക്ഷമയും ഉള്ള ആർക്കും കൂൺ കൃഷിയിൽ നിന്ന് നല്ല വരുമാനം നേടാം. കൂൺ വിപണനത്തോടൊപ്പം കൂൺ കൊണ്ടുണ്ടാക്കിയ വിഭവങ്ങളും വിൽക്കാം. കൂൺ അച്ചാർ, കൂൺ കട്ലെറ്റ്, മഷ്‌റൂം പൌഡർ, മഷ്‌റൂം പായസം എന്നിവക്ക് മാർക്കറ്റിൽ നല്ല ഡിമാൻഡ് ആണ്. അത്തരം കുറച്ചു വിഭവങ്ങളെ അടുത്ത ആർട്ടിക്കിളിൽ പരിചയപ്പെടുത്തുന്നതാണ്. കുറഞ്ഞ ചിലവിൽ വീട്ടമ്മമാർക്കും വിദ്യാർത്ഥികൾക്കും പരീക്ഷിച്ചു നോക്കാവുന്നതാണ് കൂൺ കൃഷി. സ്വന്തം വീട്ടാവശ്യത്തിന് ഉപയോഗിക്കാവുന്ന തരത്തിൽ മൂന്നോ നാലോ കവറിൽ മാത്രം ആദ്യം പരീക്ഷിച്ചു നോക്കൂ.

ഈ വാർത്ത നിങ്ങൾക്ക് ഉപകാരപ്രദമായി എങ്കിൽ നിങ്ങളുടെ അടുത്ത സുഹൃത്തുകൾക്കും ബന്ധുക്കൾക്കും കൂടി കൂൺ കൃഷിയുടെ സാധ്യതകളെ കുറിച്ച് അറിയാനായി ഈ പേജ് ഷെയർ ചെയ്യുക. കൂടുതൽ വാർത്തകൾക്കും അറിവുകൾക്കുമായി എക്സ് പോസ് കേരളയുടെ പേജ് ലൈക്ക് ചെയ്യുക.
http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close