നല്ല നാടൻ ‘കോഴി നിറച്ചത്’.


Spread the love

കോഴി നിറച്ചത് എന്ന വിഭവത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കം ആയിരിക്കും. എന്നാൽ കഴിച്ചിട്ടുള്ളവർ വിരളവും. ചിക്കന്റെ ഒരു രുചിയൂറും വിഭവം ആയ കോഴി നിറച്ചത്, നമുക്ക് എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. കുട്ടികൾക്കും, മുതിർന്നവർക്കും എല്ലാം ഇഷ്ടമാകുന്ന രീതിയിൽ കോഴി നിറച്ചത് എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ

ചിക്കൻ: 2 എണ്ണം
സവാള: 8 എണ്ണം
തക്കാളി: 5 എണ്ണം
പച്ച മുളക്: 6 എണ്ണം
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്: 4 ടേബിൾ സ്പൂൺ
മുളക് പൊടി: 6 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി: 3 tsp
കുരുമുളക് പൊടി: 1 tsp
ഗരം മസാല: 2 tsp
നാരങ്ങ : 1 എണ്ണം
തൈര്: 2 ടേബിൾ സ്പൂൺ
മുട്ട പുഴുങ്ങിയത്: 2 എണ്ണം
ഉപ്പ്: ആവശ്യത്തിന്
എണ്ണ: ആവശ്യത്തിന്
അണ്ടിപ്പരിപ്പ്: 10 എണ്ണം
ഉണക്ക മുന്തിരി: 15 എണ്ണം
കറി വേപ്പില: 2 തണ്ട്

തയ്യാറാക്കുന്ന വിധം

കോഴി നിറച്ചത് തയ്യാറാക്കുവാൻ വേണ്ടി, ചിക്കൻ മുഴുവൻ ആയി, മുറിയ്ക്കാതെ ആണ് എടുക്കേണ്ടത്. ആദ്യമായി ചിക്കൻ നല്ലത് പോലെ കഴുകി വൃത്തിയാക്കി എടുക്കുക. അടുത്തതായി ചിക്കനിൽ പുരട്ടി എടുക്കുവാനുള്ള മസാല തയ്യറാക്കാം. ഇതിനായി 4 ടേബിൾ സ്പൂൺ മുളക് പൊടി, 1 tsp മഞ്ഞൾ പൊടി, 1 നാരങ്ങയുടെ നീര്, 2 ടേബിൾ സ്പൂൺ തൈര്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൂട്ടി യോജിപ്പിച്ചു എടുക്കുക. ശേഷം ഈ മസാല കഴുകി വെച്ചിരിക്കുന്ന ചിക്കനിലേക്ക് നല്ലത് പോലെ തേച്ചു പിടിപ്പിയ്ക്കുക. ശേഷം മസാല ചിക്കനിൽ നല്ലത് പോലെ പിടിച്ചു വരുവാൻ വേണ്ടി, കുറഞ്ഞത് ½ മണിക്കൂർ നേരത്തേയ്ക്ക് എങ്കിലും മാറ്റി വെയ്ക്കേണ്ടതാണ്.

അടുത്തതായി ചിക്കന്റെ ഉള്ളിൽ വെയ്ക്കുവാൻ ഉള്ള കൂട്ട് തയ്യാറാക്കാം. ഇതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ 2 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടാകുമ്പോൾ ഇതിലേക്ക് 2 തണ്ട് കറിവേപ്പില ഇട്ട് മൂപ്പിച്ചു എടുക്കുക. ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന സവാളയുടെ പകുതി, 2 ടേബിൾ സ്പൂൺ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് എന്നിവ ഇതിലേക്ക് ചേർത്തു നല്ലത് പോലെ വഴറ്റി എടുക്കുക. കൂട്ട് നല്ലത് പോലെ വരണ്ട് വന്നതിന് ശേഷം 2 tsp സ്പൂൺ മഞ്ഞൾ പൊടി, 2 ടേബിൾ സ്പൂൺ മുളക് പൊടി പാകത്തിന് ഉപ്പ് എന്നിവ ചേർത്തു പച്ച മണം മാറുന്നത് വരെ ഇളക്കി യോജിപ്പിച്ചു നല്ല വഴറ്റിയ പരുവം ആക്കി എടുക്കുക.

മസാല തേച്ചു വെച്ചിരിക്കുന്ന ചിക്കൻ എടുത്ത്, അതിന്റെ വയറിനുള്ളിലേയ്ക്ക് തയ്യാറാക്കി വെച്ചരിക്കുന്ന മസാല കൂട്ട് നിറച്ചു കൊടുക്കുക. ശേഷം 1 മുട്ട പുഴുങ്ങിയത് കൂടി മസാലയോടൊപ്പം ചിക്കന്റെ വയറിനുള്ളിൽ വെച്ച് നിറച്ചു എടുക്കുക. പാകം ചെയ്ത് എടുക്കുന്ന നേരം മസാല ചിക്കനിൽ നിന്നും പുറത്ത് വരാത്ത രീതിയിൽ ടൂത്ത് പിക് കൊണ്ടോ മറ്റോ, ചിക്കന്റെ വയറു മൂടി എടുക്കേണ്ടതാണ്. ശേഷം ചിക്കന്റെ 2 കാലുകൾ തമ്മിലും , 2 കൈകൾ തമ്മിലും കൂട്ടി കെട്ടി, ഒരു കിഴി രൂപത്തിൽ ആക്കി എടുക്കുക. അതിന് ശേഷം ഈ ചിക്കൻ കുക്കറിലേയ്ക്ക് വെച്ച്, ¼ കപ്പ്‌ വെള്ളം കൂടി ഒഴിച്ച് കൊടുത്ത് വേവിയ്ക്കാൻ വെക്കുക. കുക്കറിൽ 1 വിസിൽ വരുമ്പോൾ ഓഫ്‌ ചെയ്യുക

അടുത്തതായി ഒരു പാൻ അടുപ്പിൽ വെച്ച് 2 ടേബിൾ സ്പൂൺ എണ്ണ ഒഴിയ്ക്കുക. എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് കുറച്ചു അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി എന്നിവ ചേർത്തു മൂപ്പിച്ചു മാറ്റുക. ശേഷം ഈ പാനിലേയ്ക്ക് മാറ്റി വെച്ചിരിക്കുന്ന പകുതി സവാള 1 ടേബിൾ സ്പൂൺ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്തു നല്ലത് മൂപ്പിച്ചു എടുക്കുക. സവാള ഇളം തവിട്ട് നിറം ആകുമ്പോൾ അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളി, പച്ച മുളക് കീറിയത് എന്നിവ കൂടി ചേർത്ത് നല്ലത് പോലെ വഴറ്റി എടുക്കുക. അടുത്തതായി ഈ കൂട്ടിലേയ്ക്ക് 1 ടേബിൾ സ്പൂൺ മുളക് പൊടി, 1tsp കുരുമുളക് പൊടി, 1 tsp മഞ്ഞൾ പൊടി, 1 tsp ഗരം മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തു കൊടുക്കുക. ശേഷം കുക്കറിൽ ചിക്കൻ വെന്ത് ബാക്കി വന്ന വെള്ളം കൂടി ഈ കൂട്ടിലേക്ക് ചേർക്കുക. ശേഷം 1 കപ്പ്‌ വെള്ളം കൂടി ഈ മസാലയിലേക്ക് ചേർത്തു കൊടുക്കുക. മസാല കൂട്ട് തിളയ്ച്ചു വരുമ്പോൾ, വേവിച്ചു വെച്ചിരിക്കുന്ന ചിക്കൻ കൂടി ഇതിലേക്ക് ചേർത്തു കൊടുത്ത്, ചിക്കനിൽ മുഴുവനായി ഒരു സ്പൂൺ ഉപയോഗിച്ച് മസാല പുരട്ടി കൊടുക്കുക. ശേഷം 5 മിനുട്ട് നേരത്തേയ്ക്ക് അടച്ചു വെച്ച് വേവിയ്ക്കുക. അവസാനമായി തയ്യാറാക്കി വെച്ചിരിക്കുന്ന അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി എന്നിവ ഇതിന് മുകളിലേയ്ക്ക് വിതറി തീ ഓഫ്‌ ചെയ്യാവുന്നതാണ്. സ്വാദിഷ്ടമായ കോഴി നിറച്ചത് തയ്യാർ.

കൊതിയൂറും ചിക്കൻ ടിക്ക മസാല.

കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttp://bit.ly/3qKLVbK

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close