നല്ല പഞ്ചാബി സ്റ്റൈൽ ലംഗർ ദാൽ ഉണ്ടാക്കി നോക്കിയാലോ…


Spread the love

പേര് കേട്ടു ഞെട്ടുകയൊന്നും വേണ്ട. ലംഗർ ദാൽ എന്ന് പറഞ്ഞാൽ നമ്മുടെ സിഖ്കാരുടെ ഒരു സ്പെഷ്യൽ വിഭവം ആണ്. ‘ലംഗർ’ പഞ്ചാബിലെ ഗുരു ദ്വാരകളിൽ നടന്നു വരുന്ന ‘കമ്മ്യൂണിറ്റി കിച്ചൻ’ ആണ്. അതായത് ജാതി മത ഭേദം അന്യേ എല്ലാ ജനങ്ങൾക്കും ഗുരു ദ്വാരയുടെ നേതൃത്വത്തിൽ ആഹാരം നൽകുന്ന സ്ഥലം. ഇവിടുത്തെ ദാൽ ലോക പ്രശസ്തം ആണ്. അല്ലെങ്കിലും ദാൽ കറിയിൽ പഞ്ചാബികളെ തോൽപ്പിക്കുവാൻ ആർക്കും കഴിയില്ലല്ലോ. എന്നാൽ ആ രുചിയൂറും ലംഗർ ദാൽ നമ്മുടെ അടുക്കളയിൽ ഒന്ന് പരീക്ഷിച്ചു നോക്കിയാലോ…

ആവശ്യമായ സാധനങ്ങൾ.

തൊലിയുള്ള ഉഴുന്ന്: 300 ഗ്രാം
കടല പരിപ്പ്: 200 ഗ്രാം
കറുവ പട്ട ഇല: 2 എണ്ണം
സവാള: 4 എണ്ണം
തക്കാളി: 4 എണ്ണം
പച്ച മുളക്: 6 എണ്ണം
ഇഞ്ചി: 1 ചെറു കഷ്ണം
വെളുത്തുള്ളി: 15 അല്ലി
നെയ്യ്: 5 ടേബിൾ സ്പൂൺ
മുളക് പൊടി: ആവശ്യത്തിന്
മഞ്ഞൾ പൊടി ആവശ്യത്തിന്
മല്ലി പൊടി: ആവശ്യത്തിന്
ഉപ്പ്: ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം.

ലംഗർ ദാലിന് വേണ്ട തൊലിയുള്ള ഉഴുന്നും, കടല പരിപ്പും തലേ ദിവസം രാത്രി തന്നെ വെള്ളത്തിൽ കുതിരാനായി വെയ്ക്കുക. പിറ്റേ ദിവസം കുതിർന്ന ഉഴുന്ന്, കടല പരിപ്പ്, 2tsp മുളക് പൊടി, 1tsp മഞ്ഞൾ പൊടി, 1 tsp ഉപ്പ്, 2 കറുവ പട്ട ഇല എന്നിവ ചേർത്ത്, ഇവ മുങ്ങി കിടക്കത്തക്ക വെള്ളം ഒഴിച്ച് കുക്കറിൽ 4-5 വിസിൽ വരുന്നത് വരെ വരെ വേവിക്കുക.

അടുത്തതായി, എടുത്ത് വെച്ചിരിക്കുന്ന പച്ച മുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ മിക്സിയോ, കല്ലോ ഉപയോഗിച്ച ചതച്ചു എടുക്കുക. ശേഷം ഒരു പാൻ എടുത്ത് അതിൽ 4-5 സ്പൂൺ വരെ നെയ് ഒഴിക്കുക. നെയ്യ് ചൂടായതിന് ശേഷം അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർത്ത് നല്ലത് പോലെ വഴറ്റുക. സവാള വരണ്ട് ഇളം തവിട്ട് നിറം ആകുമ്പോഴേക്കും, അതിലേക്ക് ചതയ്ച്ചു വെച്ചിരിക്കുന്ന പച്ച മുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർക്കുക. അതിനു ശേഷം ഈ കൂട്ടിലേക്ക് 2tsp മല്ലി പൊടി, 1tsp മുളക് പൊടി, 1tsp മഞ്ഞൾ പൊടി, 1tsp ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളി കൂടി ചേർത്ത് ഇളക്കാവുന്നതാണ്.

തക്കാളി വെന്ത് ഉടഞ്ഞ പരുവം ആകുമ്പോൾ ഇതിലേക്ക് കുക്കറിൽ തയ്യാർ ആക്കി വെച്ചിരിക്കുന്ന ദാൽ ഒന്ന് ഉടച്ചു ചേർക്കുക (സ്പൂൺ/ തവി വെച്ചു തന്നെ ഉടച്ചു എടുക്കാവുന്നതാണ്). അടുപ്പ് കുറഞ്ഞ ഫ്ളേമിൽ ഇട്ടതിനു ശേഷം, കുക്കറിലെ ദാൽ മിശ്രിതം ഈ പാനിലേക്ക് ഒഴിച്ച് നല്ലത് പോലെ ഇളക്കി യോജിപ്പിച്ച ശേഷം 5 മിനിറ്റിൽ തീ ഓഫ്‌ ചെയ്യുക.

സിഖ്കാരുടെ സ്പെഷ്യൽ ലംഗർ ദാൽ തയ്യാർ. നമ്മുടെ എല്ലാം വീട്ടിൽ തന്നെ ലഭ്യം ആകുന്ന സാധനങ്ങൾ ഉപയോഗിച്ച്, വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഈ രുചിക്കൂട്ട് എല്ലാവരും തീച്ചയായും പരീക്ഷിക്കുക.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close