ലോക്ഡൗൺ ഘട്ടത്തിൽ പുലർത്തിയ ജാഗ്രത തുടരണം: മുഖ്യമന്ത്രി


Spread the love

ലോക്ക്ഡൗൺ ഘട്ടത്തിൽ പുലർത്തിയ ജാഗ്രത കേരളം തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് അതിനനുസൃതമായ നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്. ഇതിനോട് പൂർണമായ സഹകരണം എല്ലാവരുടെയും ഭാഗത്തു നിന്നുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തീവ്രവ്യാപന ശേഷിയുള്ള ഡെൽറ്റാ വൈറസിനെയാണ് നമ്മളിപ്പോൾ അഭിമുഖീകരിക്കുന്നത്. അതിനാൽ തന്നെ കർശനമായ രീതിയിൽ മുൻകരുതലുകൾ സ്വീകരിക്കണം. ഇരട്ട മാസ്‌ക്കുകൾ ധരിക്കാനും ചെറിയ കൂടിച്ചേരലുകൾ പോലും ഒഴിവാക്കാനും പൊതുസ്ഥലത്തെന്ന പോലെ വീടുകൾക്കകത്തും കരുതലുകൾ സ്വീകരിക്കാനും ശ്രദ്ധിക്കണം. കടകളിലും തൊഴിൽ സ്ഥാപനങ്ങളിലും അതീവ ജാഗ്രത പുലർത്തണം. മൂന്നാം തരംഗത്തിന്റെ സാധ്യത പല വിദഗ്ധരും പ്രവചിച്ചിട്ടുണ്ട് എന്നതും കണക്കിലെടുക്കണം. സമൂഹമെന്ന നിലയ്ക്ക് നമ്മളൊന്നാകെ ജാഗ്രത പുലർത്തിയാൽ മൂന്നാം തരംഗത്തെ തടയാൻ സാധിക്കും.

ബ്‌ളാക് ഫംഗസ് അഥവാ മ്യൂകർ മൈകോസിസ് പുതുതായി ഒരു കേസാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ റിപ്പോർട്ട് ചെയ്തത് 73 കേസുകളാണ്. അതിൽ 50 പേർ ഇപ്പോഴും ചികിത്സയിലാണ്. എട്ടു പേർ രോഗവിമുക്തരാവുകയും 15 പേർ മരണപ്പെടുകയും ചെയ്തു.
മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കിൽ കുട്ടികളുടെ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് പീഡിയാട്രിക് ഇന്റൻസീവ് കെയർ സൗകര്യങ്ങൾ ശക്തിപ്പെടുത്തും. മുതിർന്നവർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോടൊപ്പം തന്നെ കുട്ടികളിലെ ചികിത്സയ്ക്കുള്ള വിപുലീകരണവും നടത്തും. മെഡിക്കൽ കോളേജ് ആശുപത്രികളിൽ അധികമായി 10 കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു. സ്ഥാപിക്കുകയോ നിലവിലുള്ള പീഡിയാട്രിക് ഐ.സി.യു.വിലെ കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കുകയോ ചെയ്യും. ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി തുടങ്ങിയവയിൽ എച്ച്.ഡി.യു. (ഹൈ ഡിപ്പൻറൻസി യൂണിറ്റ്) സ്ഥാപിക്കും. അതല്ലെങ്കിൽ നിലവിലുള്ള പീഡിയാട്രിക് ഐ.സി.യു./എച്ച്.ഡി.യു.വിലെ കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് നിർദേശിച്ചിട്ടുള്ളത്.

നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ ചില സ്ഥലങ്ങളിൽ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവ് ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടു. പോലീസിന്റെ നിർദ്ദേശം മറികടക്കുന്നതും വാക്കുതർക്കത്തിൽ ഏർപ്പെടുന്നതും കണ്ടുവരുന്നു. ഇത്തരം സംഭവങ്ങളിൽ നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കാറ്റഗറി എ, ബി വിഭാഗങ്ങളിൽപ്പെട്ട സ്ഥലങ്ങളിലും ഇതു ബാധകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പല സ്ഥലങ്ങളിലും ക്വാറന്റീനിൽ കഴിയുന്നവർ വീട്ടിൽ ഇരിക്കാതെ പുറത്തിറങ്ങുന്നുണ്ട്. ഇങ്ങനെ പുറത്തിറങ്ങുന്നവരെ കണ്ടെത്തി കൗൺസലിംഗ് നൽകി വീടുകളിലേയ്ക്ക് മടക്കുകയാണ് ഇതുവരെ പോലീസ് ചെയ്തിരുന്നത്. ചില സ്ഥലങ്ങളിൽ നിയമാനുസൃതം പിഴയും ഈടാക്കിയിട്ടുണ്ട്. ക്വാറന്റീനിൻ ലംഘിക്കുന്നത് രോഗവ്യാപനം വർദ്ധിപ്പിക്കുമെന്നതിനാൽ നിയമലംഘകർക്കെതിരെ കേരള പകർച്ചാവ്യാധി നിയമം, ഡിസാസ്റ്റർ മാനേജ്‌മെൻറ് ആക്റ്റ് എന്നിവയനുസരിച്ച് പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകി.

വിദേശത്ത് പോകുന്നരുടെ സർട്ടിഫിക്കറ്റ് പ്രശ്‌നത്തിൽ ചില കുറവ് ഇപ്പോഴുണ്ട്. അടിയന്തിരമായി അവ പരിഹരിക്കാൻ നടപടി സ്വീകരിക്കും. ഫീസ് അടച്ചില്ലെന്ന പേരിൽ ഓൺലൈൻ ക്ലാസിൽ പ്രവേശിപ്പിക്കാത്ത സംഭവങ്ങളിൽ ശക്തമായ നടപടിയെടുക്കും. അത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് കർശന നടപടി എടുക്കുവാൻ നിർദേശം നൽകി.
പി എസ് സി പരീക്ഷകൾ മുടക്കമില്ലാതെ നടത്താനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close