സ്വപ്നം നിയന്ത്രിക്കുന്ന വിദ്യയെ പറ്റി കേട്ടിട്ടുണ്ടോ?


Spread the love

നമ്മൾ എല്ലാവരും സ്വപ്നം കാണുന്നവരാണ്. ഒരാൾ ഒരു ദിവസം കുറഞ്ഞത് 4 സ്വപ്‌നങ്ങൾ എങ്കിലും കാണും എന്നാണ് പഠനങ്ങൾ പറയുന്നത്. പക്ഷെ അതിൽ ഭൂരി ഭാഗവും നമുക്ക് ഓർമ്മ നിൽക്കുവാറില്ല. എന്നാൽ നമ്മൾ എല്ലാവരും ഉറങ്ങുമ്പോൾ മാത്രമല്ല, മറിച്ചു ഉണർന്നിരിക്കുമ്പോൾ വരെ സ്വപ്നം കാണുവാറുണ്ട്. പക്ഷെ ഈ രണ്ട് സ്വപ്നത്തിനും ഒരു വ്യത്യാസമുണ്ട്. സാധാരണയായി നമ്മൾ ഉണർന്നിരിക്കുമ്പോൾ കാണുന്ന സ്വപ്നം കൂടുതലായും നമ്മുടെ ഇച്ഛാനുസരണം ആയിരിക്കും. ആ സ്വപ്നം എങ്ങനെ പോകണം, എന്തെല്ലാം അതിൽ സംഭവിക്കണം, എങ്ങനെയെല്ലാം ആയി തീരണം എന്നൊക്കെ നാം ആഗ്രഹിക്കുന്ന പോലെ ആ സ്വപ്നത്തിൽ നടക്കും. ഇതിനെ തീർത്തും ഒരു സ്വപ്നം എന്ന് പറയുവാൻ സാധിക്കുകയില്ല, മറിച്ച് ഒരു ഭാവന എന്നോ, സങ്കൽപം എന്നോ ഒക്കെ പറയാം. കൂടുതലായും ഏകാന്തമായി ഇരിക്കുമ്പോഴോ, യാത്രകളിലോ ഒക്കെ ആയിരിക്കും നമ്മൾ ഇങ്ങനെ ദിവാസ്വപ്നം കാണുവാറുള്ളത്. എന്നിരുന്നാലും ഇത് വെറുമൊരു സങ്കല്പം മാത്രം ആണെന്ന് നമുക്ക് പൂർണ ബോധ്യം ഉണ്ടായിരിക്കും. മറിച്ച് നമ്മൾ ഉറക്കത്തിൽ കാണുന്ന സ്വപ്‌നങ്ങൾ ഉണ്ട്. നമ്മുടെ ഉപബോധ മനസ്സിൽ കാണുന്നവ. ഇവ കാണുന്ന നേരം നമ്മൾ സ്വപ്നത്തിൽ ആണ് എന്ന് ഒരു സൂചന പോലും ലഭിക്കുകയില്ല, മറിച്ച് നമ്മൾ അതിൽ ജീവിക്കുകയായിരിക്കും. ഉപബോധ മനസ്സിലാണ് ഈ സ്വപ്നങ്ങൾ നമ്മൾ കാണുന്നത്. മാത്രമല്ല ഇവ നിയന്ത്രിക്കുവാനോ, ഇച്ഛാനുസരണം കൊണ്ട് വരുവാനോ നമുക്ക് സാധിക്കുന്നതല്ല എന്നതാണ് വെയ്പ്പ്. എന്നാൽ ഇവയെ നമുക്ക് നമ്മുടെ ആഗ്രഹ പ്രകാരം കൊണ്ട് പോകാവുന്ന ഒരു വിദ്യയുണ്ട്. അതായത് സ്വപ്നത്തെ നിയന്ത്രിക്കുവാനുള്ള കഴിവ്. അതാണ് ‘ലൂസിഡ് ഡ്രീമിങ്’. ഈ വിദ്യ വഴി നമുക്ക്, നമ്മുടെ ആഗ്രഹ പ്രകാരം സ്വപ്‌നങ്ങൾ നിർമ്മിച്ചു, അതിൽ ജീവിക്കുവാൻ സാധിക്കുന്നതാണ്.

               ‘ലൂസിഡ് ഡ്രീമിങിൽ’ നമ്മുടെ സങ്കൽപ്പങ്ങൾക്ക് അതിർ വരമ്പുകളില്ല. എവിടെ വേണമെങ്കിലും പോകാം, ആരെ വേണമെങ്കിലും കാണാം, ആരോട് വേണമെങ്കിലും സംസാരിക്കാം. അങ്ങനെ എന്തെല്ലമെന്തെല്ലാം ഇത് വഴി നിഷ്പ്രയാസം സാധ്യമാകുന്നതാണ്. ചുരുക്കി പറഞ്ഞാൽ, സ്വപ്നത്തിൽ ആണെങ്കിൽ പോലും, നമ്മൾ ആഗ്രഹിക്കുന്നത് പോലെ നമ്മൾ ജീവിക്കും. ആ ഒരു അനുഭൂതി ആസ്വദിക്കുവാൻ സാധിക്കും. ഒരിക്കലും ഇത് ഒരു സ്വപ്നമാണ് എന്ന തോന്നൽ നമുക്ക് ഉണ്ടാകുകയില്ല, മറിച്ച് ആ ഒരു സമയത്തേക്ക്, നമ്മുടെ ആഗ്രഹങ്ങളിൽ ജീവിക്കുകയായിരിക്കും. ഇനി വേണമെന്നുണ്ടെങ്കിൽ ഒരാളെ കൊല്ലുകയും ചെയ്യാം. അങ്ങനെ കുറച്ച് നേരത്തേക്ക് നമുക്ക് നമ്മുടെ ആഗ്രഹങ്ങളിലൂടെ ജീവിക്കുവാൻ ഇത് വഴി സാധ്യമാകുന്നതാണ്. 

               ഇനി എങ്ങനെയാണ് ഇത് സാധ്യമാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനു വേണ്ടി ആദ്യമായി നിങ്ങൾ ഒന്ന് ഉറങ്ങുക. ഉറങ്ങുന്നതിനു മുൻപ് തന്നെ എന്തിനെ കുറിച്ചാണ് സ്വപ്നത്തിൽ കാണേണ്ടത് എന്ന ഒരു കൃത്യമായ ഒരു രൂപ രേഖ മനസ്സിൽ ഉറപ്പിച്ചു വെയ്ക്കേണ്ടതാണ്. ഉദാഹരണത്തിന്, നിങ്ങൾ വൈകുന്നേരം 5 മണിക്കാണ് ഉറങ്ങുവാൻ കിടക്കുന്നത് എന്ന് കരുതുക. 7 മണിക്ക് ഒരു അലാറം സെറ്റ് ചെയ്തിട്ട് ആയിരിക്കണം കിടക്കേണ്ടത്. ഉറങ്ങിയ ശേഷം അലാറം അടിക്കുന്ന നേരം നിങ്ങൾ ഞെട്ടി ഉണരുന്നതാണ്. എന്നാൽ കുറച്ചു നിമിഷത്തേക്ക് നിങ്ങളിൽ ആ ഉറക്കത്തിന്റെ ‘ഹാങ് ഓവർ’ നിലനിൽക്കും. ഈ ഒരു സമയത്ത് നമ്മൾ നേരത്തെ മനസ്സിൽ ഓർത്തു വെച്ച കാര്യങ്ങൾ ഒന്നുകൂടി ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുക. ഈ ഒരു പ്രക്രിയയിലൂടെ പെട്ടന്ന് തന്നെ വീണ്ടും നമ്മൾ മയക്കത്തിലേക്ക് പോകുന്നതാണ്. അത് വഴി നമ്മൾ എത്തി ചേരുന്നത് ‘ലൂസിഡ് ഡ്രീം’ എന്ന പ്രതിഭാസത്തിലേക്ക് ആയിരിക്കും. പിന്നീട് നമ്മൾ ഒരു മായിക ലോകത്തേക്കാണ് വഴുതി വീഴുന്നത്. ശേഷം സംഭവിക്കുന്നതെല്ലാം നമ്മുടെ ആഗ്രഹപ്രകാരം തയ്യാറാക്കി വെച്ചിരുന്ന രൂപ രേഖ പ്രകാരം ആയിരിക്കും. ‘ലൂസിഡ് ഡ്രീമിന്റെ’ മറ്റൊരു പ്രത്യേകത എന്തെന്നാൽ, ഈ സ്വപ്‍നം കണ്ടുകൊണ്ടിരിക്കുന്ന സമയത്ത് സാധാരണ കാണുന്ന സ്വപ്നം പോലെ ഇടയ്ക്ക് ഞെട്ടി ഉണരുവാൻ സാധിക്കുന്നതല്ല. മറിച്ചു നമ്മൾ നേരത്തെ തയ്യാറാക്കി വെച്ചിരുന്ന കഥ പോലെ തന്നെ എല്ലാം നടന്നതിന് ശേഷം മാത്രം ഉണരുന്നതാണ്. അത് കൂടാതെ തന്നെ സ്വപ്നം കാണുന്ന നേരം സാധാരണ പോലെ സ്വപ്നത്തിനനുസരിച്ചുള്ള ശരീര ചലനങ്ങൾ ഉറങ്ങിക്കൊണ്ടിരിക്കുന്ന നമ്മുടെ ശരീരത്തിൽ ഉണ്ടാകുവാറുമില്ല. 

                  ‘ലൂസിഡ് ഡ്രീമിന്റെ’ മറ്റൊരു പ്രത്യേകതയാണ്, ഇതിൽ എല്ലാ കാര്യങ്ങളും വളരെ വിശദമായി തന്നെ കാണുവാൻ സാധിക്കുന്നത്. അതായത് ഒരു വീട് കണ്ടാൽ, ആ വീട് എങ്ങനെ ഉള്ളതാണെന്നും, അതിന്റെ നിറം എന്താണ്, മറ്റ് സവിശേഷതകൾ അങ്ങനെ എല്ലാം ഒരു ലൂസിഡ് ഡ്രീമിൽ വളരെ വ്യക്താമായി തന്നെ കാണുവാൻ സാധിക്കും. പല ശാസ്ത്രജ്ഞന്മാരും ഈ ഒരു പ്രക്രിയ തങ്ങളുടെ പരീക്ഷണങ്ങൾക്ക് വേണ്ടി ഉപയോഗിച്ച് വിജയം കണ്ടിട്ടുണ്ട് എന്നതിന് തെളിവുകൾ ഉണ്ട്. തയ്യൽ മെഷീൻ കണ്ട് പിടിച്ച ഏലിയാസ് ഹൌ, പീരിയോഡിക് ടേബിളിന്റെ ഉപജ്ഞാതാവായ മെൻഡിലീവ്, ശ്രീനിവാസ രാമാനുജൻ, എന്തിനധികം പറയുന്നു ആൽബർട്ട് ഐൻസ്റ്റീൻ വരെ ഈ ഒരു പ്രതിഭാസം മൂലം തങ്ങളുടെ കണ്ട് പിടുത്തങ്ങൾ പരീക്ഷിച്ചു വിജയിപ്പിച്ചവരാണ്. 

                ‘ലൂസിഡ് ഡ്രീമിങ്’ എന്ന രീതി എല്ലാവർക്കും പരീക്ഷിച്ചു നോക്കാവുന്നതാണ്. ചിലപ്പോൾ ആദ്യത്തേതോ, രണ്ടാമത്തേതോ ആയ പരീക്ഷണത്തിൽ ഇത് അത്ര കണ്ട് വിജയകരം ആകണമെന്നില്ല. നല്ല പരിശീലനം ഉണ്ടെങ്കിൽ മാത്രമേ ഇത് സാധ്യമാക്കുവാൻ സാധിക്കുകയുള്ളു. പ്രധാനമായും ഏകാഗ്രതയാണ് ഇതിന് വേണ്ടത്. മെഡിറ്റേഷനിലൂടെയും മറ്റും ഇത് നേടി എടുക്കാവുന്നതാണ്. ലോകത്ത് ഇരുപത് ശതമാനം ആളുകൾക്ക് ജന്മസിദ്ദമായി ‘ലൂസിഡ് ഡ്രീമിനുള്ള’ കഴിവ് ഉണ്ടെന്നാണ് പറയപ്പെടുന്നത്. ബാക്കിയുള്ളവർക്ക് പരിശീലനത്തിലൂടെ ഈ കഴിവ് നേടിയെടുക്കാവുന്നതാണ്, എന്നിരുന്നാലും തീർച്ചയായും ഇത് ഒന്ന് പരീക്ഷിച്ചു നോക്കേണ്ടത് തന്നെയാണ്. മറ്റൊരു പ്രധാന കാര്യം, ഒരിക്കലും ഇതിൽ അമിതമായി ആസക്തരാകാതിരിക്കുക. ജീവിതത്തിലെ ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രയത്നിക്കാതെ, സ്വപ്നത്തിലെ ലക്ഷ്യ സാധ്യത്തിനു ഒരു അടിമ ആയി മാറുവാതിരിക്കുക. നമ്മുടെ ലക്ഷ്യങ്ങൾ ജീവിതത്തിൽ നേടിയെടുത്ത് കഴിയുമ്പോൾ കിട്ടുന്ന ലഹരി ഒന്നും, നിമിഷ നേരത്തേക്ക് മാത്രം നിലകൊള്ളുന്ന ഒരു സ്വപ്നത്തിനും ഒരിക്കലും നൽകുവാനാകില്ല. പരീക്ഷിക്കുന്നവർ വെറും ഒരു വിനോദം എന്ന രീതിയിൽ മാത്രം ശ്രമിച്ചു നോക്കുക.

Ad Widget
Ad Widget

Recommended For You

About the Author: admin

Close