ലംബോർഗിനി ഉറുസ്


Spread the love

ആഢംബര വാഹന നിർമ്മാതാക്കളായ ആട്ടോമൊബൈലി ലംബോർഗിനി എസ്.പി.എ. എന്ന ഇറ്റാലിയൻ വാഹന നിർമ്മാണ കമ്പനി, ആഢംബരങ്ങൾക്ക് പുറമെ, സ്പോർട്സ് വാഹനങ്ങളുടെ ഘടനയും, കരുത്തും തങ്ങളുടെ വാഹനങ്ങളിൽ ഉറപ്പുവരുത്താറുണ്ട്. അത്തരം ഡിസൈനിന്റെ ഫലമായി ലംബോർഗിനി അവതരിപ്പിച്ച വാഹനമാണ് ലംബോർഗിനി ഉറുസ്. തങ്ങളുടെ മാസ്റ്റർപീസായ സ്പോർട്ടി ഡിസൈൻ ഉൾക്കൊണ്ട് എസ്.യു.വി. മോഡൽ വാഹനമായാണ് ഉറുസിനെ ലംബോർഗിനി അവതരിപ്പിച്ചത്. ആഢംബര പൂർണ്ണമായ സ്പോർട്സ് കാറുകൾ എന്ന നിലയിൽ മറ്റ് വാഹനങ്ങളിൽ നിന്നും വ്യത്യസ്തരായി നിൽക്കുന്ന ലംബോർഗിനി ബ്രാൻഡ് വാഹന ശൃഖലയിൽ അവതരിപ്പിച്ച ഉറുസ്, ഫോർ വീൽ ഡ്രൈവ് അഥവ ഒരേ സമയം എല്ലാ വീലുകളിലേയ്ക്കും എഞ്ചിൻ പവർ ട്രാൻസ്മിഷൻ ചെയ്യുവാൻ കഴിവുള്ള തരത്തിൽ ക്രമപ്പെടുത്തിയിരിക്കുന്നു. അത്തരത്തിലുള്ള ട്രാൻസ്മിഷന്റെയും മറ്റ് ഓപ്ഷണൽ മോഡിന്റെയും ഫലമായി നിരപ്പായ പ്രതലത്തിലൂടെയും പരുക്കൻ പ്രദേശങ്ങളിലൂടെയും ലംബോർഗിനി ഉറുസ് കൃത്യതയോടെയും,  കരുത്തോടെയും കുതിക്കുന്നു. മറ്റ് ലംബോർഗിനി മോഡലുകൾ പോലെ ഉറുസിനും വിമാന തുല്ല്യം തോന്നിയ്ക്കപ്പെടുന്ന മുൻവശത്തെ സ്പോർട്ടി ഡിസൈൻ വശ്യസൗന്ദര്യം നൽകുന്നു.  

        

സ്പോർട്സ് വാഹനങ്ങളോട് താല്പര്യമുള്ള വാഹന പ്രേമികൾക്ക്, ലംബോർഗിനി ഉറുസിന്റെ ആഢംബര മോഡൽ കൂടിച്ചേരുമ്പോൾ അവരുടെ സ്‌പോർട്ടി യാത്രകൾക്ക് ലഭിക്കുന്ന ഹരം ഒന്ന് വേറെ തന്നെയായിരിക്കും. ഉറുസിന്റെ സാങ്കേതിക വിദ്യയെ പറ്റി പറയുകയാണെങ്കിൽ, 641 H.P. കരുത്ത് നൽകാൻ കഴിവുള്ള 4 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് V8 എന്ന വളരെ കരുത്തുറ്റ എഞ്ചിൻ തന്നെയാണ്. ലംബോർഗിനി വാഹനങ്ങളിലെ ആദ്യ ട്വിൻ ടർബോ വിഭാഗത്തിൽ വരുന്ന എഞ്ചിൻ ഉപയോഗിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ഉറുസിന് സ്വന്തമാണ്. ഇത്തരം എഞ്ചിൻറ്റെ   കരുത്തിൽ, ഉറുസ് 3.5 sec കൊണ്ട് പൂജ്യത്തിൽ നിന്ന് 100km/h വേഗത കൈവരിക്കുന്നു. അവയ്ക്കൊപ്പം 8 സ്പീഡിലുള്ള ഗിയർ ബോക്സ്‌, അവയിൽ ഡ്രൈവ് ഗിയർ മോഡ് പെഡൽ ഉപയോഗിച്ച് തിരഞ്ഞെടുക്കുന്ന രീതിയിലും, റിവേഴ്‌സ് ഗിയറും, പാർക്ക്‌ ഗിയറും, ബട്ടൺ ക്ലിക്കിൽ തിരഞ്ഞെടുക്കുന്ന രീതിയിലും രൂപപ്പെടുത്തിയിരിക്കുന്നു. കാർബൺ സെറാമിക് ഡിസ്ക് ബ്രേക്ക്‌ സിസ്റ്റത്തിലൂടെ വാഹനത്തിന് സന്തുലിതമായ നിയന്ത്രണം ലഭിക്കുമ്പോൾ എയർ സസ്പെൻഷൻ സിസ്റ്റത്തിലൂടെ യാത്രയിലെ ഉലച്ചിൽ നിയന്ത്രിക്കാനും ലംബോർഗിനി ഉറുസിനാകുന്നു.

ലംബോർഗിനി ഉറുസിന്റെ എൽ.ഇ.ഡി. ഹെഡ് ലൈറ്റ് മറ്റ് ലംബോർഗിനി മോഡലുകൾ പോലെ തന്നെ, ഷാർപ്പ് ചെയ്ത് മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്നു. മുൻവശത്ത് ഗ്രില്ലിനു പകരം എയർവെന്റ് രുപീകരിച്ചിരിക്കുന്നു. ഉറുസിന്റെ വശങ്ങളിലും പുറകിലുമായി രൂപപ്പെടുത്തിയിരിക്കുന്ന ലൈൻ മോഡലിലുള്ള ഘടന ലംബോർഗിനിയുടെ സൂക്ഷ്മതയേറിയ ഡിസൈൻ വൈഭവത്തിന്റെ തെളിവാകുന്നു.  മറ്റൊരു എസ്.യു.വി. മോഡലിലും കാണാത്ത തരത്തിൽ നീളത്തിലുള്ള റിയർ എൽ.ഇ.ഡി. ലൈറ്റ് വാഹനത്തിന്റെ പുറകുഭാഗത്തെ മനോഹരമാക്കുന്നു. പുറം ഭാഗത്തിനേക്കാൾ ഒരുപടി മുകളിൽ നിൽക്കുന്ന ഉറുസിന്റെ ഇന്റീരിയർ ഡിസൈൻ ആരെയും ആകർഷിക്കുന്നവയാണ്. അൽപ്പം വലുപ്പത്തിൽ ഫ്ലാറ്റ് ബോട്ടം ആകൃതിയിലുള്ള സ്‌പോർട്ടിയായ സ്റ്റിയറിംഗ് ദീർഘദൂര യാത്രകൾക്ക് അനുയോജ്യമാകുമ്പോൾ, കൈ എത്തും ദൂരങ്ങളിലുള്ള സ്വിച്ചുകൾ, മനോഹരമായ് കവർ ചെയ്യപ്പെട്ട സ്റ്റാർട്ട്‌ ബട്ടൺ, ആകർഷകമായ സീറ്റുകൾ, മികച്ച സാങ്കേതിക വിദ്യയോടുകൂടിയുള്ള ടച്ച്‌ സ്ക്രീൻ എന്നിവ ഉറുസിന്റെ ഉൾഭാഗത്തെ ആഢംബരപൂർണ്ണവും സൗകര്യപ്രദവുമാക്കുന്നു. മികച്ച ഡ്രൈവിംഗ് അനുഭവം ആഗ്രഹിക്കുന്ന വാഹന പ്രേമികളാകും ഈ വാഹനം സ്വന്തമാക്കുക എന്നതുകൊണ്ടാകണം, വളരെ സുഖപ്രദമായ തരത്തിലുള്ള ഡ്രൈവർ സീറ്റിൽ ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ സംവിധാനം  ഉൾപ്പെടെ നിരവധി ഓപ്ഷനുകൾ ലബോർഗിനി ഉറുസ് ഉറപ്പ് തരുന്നു. അവയ്ക്കൊപ്പം വ്യത്യസ്ത സാഹചര്യത്തിനനുസരിച്ചുള്ള ഡ്രൈവിംഗ് മോഡ് ഓപ്ഷനുകളും ഉറുസിനെ പ്രിയപ്പെട്ടതാക്കുന്നു.

1963-ൽ, ഇറ്റലി ആസ്ഥാനമായി സ്ഥാപിതമായ ഓട്ടോമൊബൈലി ഫെറുക്‌സിനോ ലംബോർഗിനി എസ്.പി.എ. എന്ന വാഹന നിർമ്മാണ കമ്പനി, പിൽകാലത്ത് പല കമ്പനികളിലൂടെ ഓട്ടോമൊബൈലി ലംബോർഗിനി എസ്.പി.എ. എന്ന പേരിൽ ആഢംബര സ്പോർട്സ് കാറുകളുടെ ബ്രാൻഡായ് വോൾക്സ് വാഗൺ ഗ്രൂപ്പ്‌ എന്ന ജർമ്മൻ വാഹന നിർമ്മാണ കമ്പനിയിലെത്തിച്ചേർന്നു. അത്യാകർഷകമായ ആഡംബര സ്പോർട്സ് വാഹന നിർമ്മാണ ശ്രേണിയിൽ നിന്നും വന്ന, ലംബോർഗിനി ഉറുസിന്റെ ഇന്ത്യൻ വിപണിയിലേ വില 3കോടി രൂപ മുതൽ ആരംഭിക്കുന്നു. ലംബോർഗിനിയുടെ മറ്റ് മികച്ച മോഡലായ എവന്റഡോർ, ഹുറകെൻ  തുടങ്ങിയ നിരയിലേക്കെത്തപ്പെട്ട ലംബോർഗിനി ഉറുസ്, മറ്റേതൊരു എസ്.യു.വി. വാഹനത്തിനും നൽകാൻ കഴിയാത്ത യാത്രാനുഭവം പ്രദാനം ചെയ്യുമെന്ന കാര്യം ഉറപ്പാണ്.

Read also: ഫോർഡ് മൊട്ടോർ കമ്പനി 

  ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close