മഹീന്ദ്ര മൈൻ പ്രൊട്ടക്ടഡ് വെഹിക്കിൾ


Spread the love

ഇന്ത്യൻ ഓട്ടോമൊബൈൽ രംഗത്തെ ശാക്തീകരിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച വാഹന നിർമാതാക്കളാണ് 1945 ൽ മുംബൈ ആസ്ഥാനമായി സ്ഥാപിതമായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് എന്ന ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനി. ഓട്ടോമൊബൈൽ മേഖലയിലെ ആഗോള തലത്തിലെ മാറ്റങ്ങൾക്കൊപ്പം തങ്ങളുടെ വാഹനങ്ങളുടെ സാങ്കേതിക വിദ്യയും നിരന്തരം പുതുക്കി കൊണ്ട് ഉദാരവൽകരണത്തിന് ശേഷം ഇന്ത്യൻ വിപണിയിലെത്തിയ അമേരിക്കൻ, ജർമൻ, ജാപ്പനീസ്, കൊറിയൻ വാഹന നിർമാതാക്കളോടു പടവെട്ടി ഇന്ത്യൻ വിപണിയിലെ തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിച്ച വാഹനനിർമാതാക്കളാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ്.1945 ൽ അമേരിക്കയിൽ നിന്നും വില്ലീസ് ജീപ്പുകളുടെ ഭാഗങ്ങൾ ഇറക്കുമതി ചെയ്ത്, കൂട്ടി യോജിപ്പിച്ചുകൊണ്ടാണ് അവർ വാഹന നിർമ്മാണ മേഖലയിലേക്ക് കടന്നത്. ഇന്ന് സ്പോർട്സ് / മൾട്ടി  യൂട്ടിലിറ്റി വാഹനങ്ങളുടേയും, ചരക്ക് വാഹനങ്ങളുടെയും, ട്രക്കുകളുടെയും നിർമാണ മേഖലയിൽ സജീവ സാന്നിധ്യമാകുന്നതിനൊപ്പം ഡിഫെൻസ് മേഖലയിലും തങ്ങളുടെ നിർമാണ വൈദഗ്ധ്യം തെളിയിച്ചു കഴിഞ്ഞു. പ്രതിരോധ ആവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്ത്യയിൽ തന്നെ നിർമിക്കണമെന്ന കേന്ദ്ര ഗവണ്മെന്റിന്റെ  നിർദേശപ്രകാരം  മഹിന്ദ്ര ആൻഡ് മഹിന്ദ്ര “ഡിഫെൻസ് ലാൻഡ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ്” എന്ന കമ്പനി ഡൽഹി ആസ്ഥാനമായി സ്ഥാപിച്ചു. തുടർന്ന് ഡിഫെൻസ് ലാൻഡ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് പ്രധിരോധ വകുപ്പിനാവശ്യമുള്ള കവചിത വാഹനങ്ങൾ, മൈൻ സംരക്ഷിത വാഹനങ്ങൾ എന്നിവ നിർമിച്ചു വരുന്നു. അതിദുർഘടമായ പ്രദേശങ്ങളിലെ പട്രോൾ ദൗത്യങ്ങൾക്കും,  ശത്രുപാളയങ്ങളെ തകർക്കുന്നതിനും മറ്റ് തന്ത്രപ്രധാന ദൗത്യങ്ങൾക്കും അനുയോജ്യമാകും വിധം  മഹീന്ദ്ര മൈൻ പ്രൊട്ടക്ടഡ് വെഹിക്കിൾ-l (MPV-l) എന്ന അതിതീവ്ര സ്ഫോടനങ്ങളെ ചെറുക്കാൻ പ്രാപ്തിയുള്ള വാഹനങ്ങൾ  അവതരിപ്പിച്ചു.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ കീഴിലെ ഡിഫെൻസ് ലാൻഡ് സിസ്റ്റം പ്രധാനമായും ഇന്ത്യൻ  സെക്യൂരിറ്റി ഫോഴ്സുകൾക്ക് തീവ്രവാദികൾ, മാവോയിസ്റ്റ്, നക്സലൈറ്റ് ആക്രമണങ്ങളിൽ നിന്നും മൈനുകൾ , ബോംബുകൾ എന്നിവയുടെ ആക്രമണങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുന്ന വിധമാണ് മഹീന്ദ്ര മൈൻ പ്രൊട്ടക്ടഡ് വെഹിക്കിൾ-l നിർമിച്ചിരിക്കുന്നത്. കല്ലുകളും, തിട്ടകളും നിറഞ്ഞ പാതകളിലും ദുർഘടമായ കുന്നിൻ ചരിവുകളിലും അനായാസം സൈനികരെയും  കൊണ്ട് 260 Bhp കരുത്തിൽ വാഹനത്തെ കുതിച്ചു പായുവാൻ സഹായിക്കുന്ന V6 ഡയറക്റ്റ് ഇൻജെക്ഷൻ ടർബോചാർജ്ഡ് ഡീസൽ എൻജിൻ മഹീന്ദ്ര മൈൻ പ്രൊട്ടക്ടഡ് വെഹിക്കിളിന്റെ സാങ്കേതികത്തികവ് തെളിയിച്ചു കഴിഞ്ഞു. മൈനുകളിൽ  നിന്നും  സ്ഫോടനങ്ങളിൽ നിന്നും വാഹനത്തെയും അവയ്ക്കുള്ളിലുള്ള സൈനികരെയും  സംരക്ഷിക്കുന്നതരം ‘V’ ആകൃതിയിൽ അതിദൃഢമായാണ് വാഹനത്തിന്റെ അടിവശവും, പുറംചട്ടയും രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളത്. 

 

ആയുധധാരികളായ പതിനെട്ടോളം സൈനികരെ ഒരേ സമയം വഹിക്കാൻ കഴിവുള്ള മഹീന്ദ്ര മൈൻ പ്രൊട്ടക്ടഡ് വെഹിക്കിളന്റെ ഉള്ളിൽ മറഞ്ഞിരുന്ന് ആയുധം ഉപയോഗിക്കാനുള്ള ഗൺ പോർട്ടുകൾ, സംരക്ഷണ കവചങ്ങളോടുകൂടിയ ഇന്ധന ടാങ്ക്, തുടങ്ങിയവയും അവയ്ക്കൊപ്പം മൾട്ടി ലെയറോടുകൂടിയ സ്ഫോടനം ചെറുക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് ഗ്ലാസുകളും ഉണ്ട്. വാഹനത്തിൽ  സാറ്റ്ലൈറ്റ് അധിഷിത  ആശയവിനിമയ സംവിധാനം, ജി.പി.എസ് സിസ്റ്റം, വിവിധ തരം സെൻസറുകൾ, നിരീക്ഷണ ക്യാമെറകൾ തുടങ്ങി മികച്ച സാങ്കേതികവിദ്യകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. 

വാഹനത്തിന്റെ മറ്റ്  സാങ്കേതിക ഭാഗങ്ങൾ, ഉയർന്ന പെർഫോമൻസിനായുള്ള 6 വീൽ ഡ്രൈവ്, 5 സ്പീഡ്  ഗിയർ ബോക്സ്‌, മൾട്ടി ലീഫ് സ്പ്രിങ്ങിലുള്ള സസ്പെൻഷൻ സിസ്റ്റം, മികച്ച നിയന്ത്രണത്തിന് വേണ്ടിയുള്ള ന്യുമാറ്റിക് ഡ്യുവൽ ബ്രേക്ക് തുടങ്ങിയവ സൈനികരുടെ നീക്കങ്ങൾക്ക് സുരക്ഷിതത്വമേകുന്നു. രാത്രിയിലും, പകലും ഒരേപോലെ യുദ്ധസജ്ജമായ വാഹനത്തിൽ റിമോട്ടായി പ്രവർത്തിക്കുന്ന ആയുധ സംവിധാനങ്ങളും മറഞ്ഞിരുന്ന് ശത്രുസങ്കേതങ്ങളെ വീക്ഷിച്ചുകൊണ്ട് ആയുധം ഉപയോഗിക്കാനുള്ള സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുപത്തിയൊന്ന് കിലോഗ്രാമോളം വരുന്ന സ്ഫോടന വസ്തുക്കളെ ചെറുക്കാൻ ശേഷിയുള്ള തരത്തിലാണ് മഹീന്ദ്ര മൈൻ പ്രൊട്ടക്ടഡ് വെഹിക്കിളിന്റെ അടിഭാഗം നിർമിച്ചിരിക്കുന്നത്. വാഹനത്തിന്റെ മറ്റ് പുറം ഭാഗങ്ങൾക്ക് 10-14 kg വരുന്ന സ്‌ഫോടക വസ്തുക്കളെ അതിജീവിക്കാൻ കഴിയുന്നു. അതുകൊണ്ട് തന്നെ ഇത്തരം കരുത്തുറ്റ പുറം ചട്ടയോടു കൂടിയ മഹീന്ദ്ര മൈൻ പ്രൊട്ടക്ടഡ് വെഹിക്കിൾ സൈനികരുടെ ജീവനേയും, പോരാട്ടവീര്യത്തേയും സംരക്ഷിക്കുന്നു. ഇത്തരം സംരക്ഷണ കവചങ്ങളിലൂടെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് എന്ന കമ്പനി രാജ്യസുരക്ഷയിൽ നിർണായക പങ്ക് വഹിക്കുന്നു.

.

 

Read also : നിസ്സാൻ ജോങ്ക -ഇന്ത്യൻ ആർമിയുടെ പഴയ പടക്കുതിര

 

വാഹനങ്ങളെകുറിച്ചുള്ള അപ്ഡേറ്റുകൾ ലഭിക്കുവാനായി ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ ചേരുക. അതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യു  Motor Mechanics

 

Ad Widget
Ad Widget

Recommended For You

About the Author: Rani Raj

Close