ദുരൂഹതയിലേക്ക് പറന്നു പൊങ്ങിയ മലേഷ്യൻ വിമാനം


Spread the love

ആറ് വർഷങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ 2014 മാർച്ച്‌ 8, അന്നായിരുന്നു മലേഷ്യൻ എയർ ലൈൻസിന്റെ എം.എച്ച് 370 എന്ന വിമാനത്തെയും, അതിലുണ്ടായിരുന്ന യാത്രക്കാരെയും ലോകം അവസാനമായി കണ്ടത്. 227 യാത്രക്കാരും, 10 ജീവനക്കാരും, 2 പൈലറ്റുകളുമായി മലേഷ്യയിലെ, കോലാലംപൂരിൽ നിന്നും ആ വിമാനം പറന്നു പൊങ്ങിയത് ഒരു ദുരൂഹതയിലേക്ക് ആയിരുന്നു. ആധുനിക കാലത്ത് ഏറ്റവും സുരക്ഷിതം എന്ന് പറയപ്പെടുന്ന വിമാന യാത്ര ചെന്ന് കലാശിച്ച ദുരന്തം. എന്ത് സംഭവിച്ചു എന്നതിന് ഒരു ചെറു തെളിവ് പോലും അവശേഷിപ്പിക്കാതെ ഉള്ള ഒരു ദുരൂഹ യാത്ര.

2014 മാർച്ച്‌ 8 ന് പുലർച്ചെ 12.40 ന് ആയിരുന്നു വിമാനം കോലാലംപൂർ എയർപോർട്ടിൽ നിന്നും പറന്നു പൊങ്ങിയത്. ചൈനയിലെ ബെയ്‌ജിങ്‌ ആയിരുന്നു ലക്ഷ്യ സ്ഥാനം. 15 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ആയിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. അതിൽ കൂടുതലും ചൈനീസ് പൗരന്മാർ ആയിരുന്നു. 153 ചൈനീസ് പൗരന്മാരും, 50 മലേഷ്യൻ പൗരന്മാരും അടങ്ങുന്ന യാത്രക്കാരായിരുന്നു ഭൂരി ഭാഗവും. 5 ഇന്ത്യക്കാരും ഈ വിമാനത്തിൽ ഉണ്ടായിരുന്നു. കൃത്യം പുലർച്ചെ 12.40 ന് വിമാനം പറന്നു ഉയർന്നു. എന്നാൽ ഏകദേശം 30 മിനുട്ടുകൾ മാത്രമേ പറന്നു പൊങ്ങിയ ആ വിമാനവുമായി ബന്ധം നിലനിർത്തുവാൻ കോലാലംപൂർ ‘എയർ ട്രാഫിക് കണ്ട്രോൾ സിസ്റ്റത്തിനു’ സാധിച്ചുള്ളു. അവസാനമായി ആ വിമാനത്തിൽ നിന്നും ഒരു ശബ്ദ സന്ദേശമാണ് അവരെ തേടിയെത്തിയത്. “വിമാനം ഇപ്പോൾ ഏകദേശം 35,000 അടി ഉയർച്ചയിലാണ്, ഗുഡ് നൈറ്റ്‌” എന്നതായിരുന്നു തികച്ചും സംശയാസ്പദമായ ആ ശബ്ദ സന്ദേശം. ശേഷം ആ വിമാനത്തിന് എന്ത് സംഭവിച്ചു എന്നോ, ആ വിമാനം എങ്ങോട്ട് പോയി എന്നുമുള്ളത് ഇന്നും ഒരു ചോദ്യ ചിഹ്നം ആയി തന്നെ ലോകത്തിന് മുന്നിൽ നിൽക്കുന്നു.

മണിക്കൂറുകൾക്കുള്ളിൽ തന്നെ വിമാനം കാണാതെ പോയി എന്ന വിവരം മലേഷ്യ ഔദ്യോഗികമായി അറിയിച്ചു. എന്നാൽ കാണാതായത് എവിടെ വച്ച് ആണ് എന്ന് പോലും ഒരു അറിവും രാജ്യത്തിന് ഉണ്ടായിരുന്നില്ല. ഒരു പക്ഷെ വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന ആരെങ്കിലും ഈ വിമാനം കടത്തിക്കൊണ്ട് പോയതാണോ, അതോ ഒരു പക്ഷെ യന്ത്ര തകരാറു മൂലം തകർന്നതാണോ എന്ന് പോലും ഒരു നിഗമനത്തിൽ എത്തുവാൻ മലേഷ്യയ്ക്ക് സാധിച്ചിരുന്നില്ല. ഉടൻ തന്നെ രാജ്യം അന്വേഷണം ശക്തമാക്കി. എന്നാൽ മലേഷ്യൻ മിലിട്ടറിയുടെ റഡാറിൽ നിന്നും ലഭിച്ച ചില തെളിവുകൾ പ്രകാരം വിമാനം അതിന്റെ സഞ്ചാര ദിശയിൽ നിന്നും വ്യതിയാനം സംഭവിച്ചു നേരെ എതിർ ദിശയിലേക്ക് പോയി എന്ന തെളിവുകൾ ലഭിച്ചു. എന്നാൽ ശേഷം ആ വിമാനം എവിടേക്ക് പോയി എന്നതിന് ഒരു തെളിവുകളും ഇല്ലായിരുന്നു. എന്നാൽ ഇടയ്ക്ക് ഓസ്ട്രേലിയയിലെ ഒരു എയർ ട്രാഫിക് സ്റ്റേഷനുമായി ഈ വിമാനം ബദ്ധപ്പെടുവാൻ ശ്രമിച്ചിരുന്നു എന്ന് തെളിവുകൾ ലഭിച്ചിരുന്നു. എന്നാൽ സാങ്കേതിക കാരണം കൊണ്ടോ, മറ്റെന്തെങ്കിലും കാരണം മൂലമോ ഈ ആശയവിനിമയം തകരുകയായിരുന്നു. മാത്രമല്ല ഈ ഒരു സൂചന വഴി വിമാനം അവരുടെ പരിധിക്കുള്ളിൽ 6 മണിക്കൂറോളം ഉണ്ടായിരുന്നു എന്ന തെളിവ് ലഭിച്ചു. ശേഷം ഇന്ധനം തീർന്ന് ഒരു പക്ഷെ ഇന്ത്യൻ മഹാ സമുദ്രത്തിൽ തകർന്ന് വീണതാകാം എന്ന ഒരു അനുമാനത്തിലും രാജ്യം എത്തി ചേരുന്നു.

കിട്ടിയ തെളിവുകൾ എല്ലാം കോർത്തിണക്കി, വിമാനം തകർന്ന് വീണിരിക്കുവാൻ സാധ്യത ഉള്ള ഏകദേശം പ്രദേശം ഇന്ത്യൻ മഹാസമുദ്രത്തിൽ കണക്ക് കൂട്ടി എടുക്കുകയും, ശേഷം ഈ ഒരു പ്രദേശം കേന്ദ്രീകരിച്ചു വിമാന അവശിഷ്ടങ്ങൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കുകയും ചെയ്തു. തീർത്തും ഒറ്റപ്പെട്ടു കിടന്ന ഈ പ്രദേശത്തിന് അവർ നൽകിയ പേര് ‘ദി സെവൻത് ആർക്’ എന്നായിരുന്നു. 4 മാസത്തോളം ഈ പ്രദേശത്തു ശക്തമായ തിരച്ചിൽ നടത്തി. പക്ഷെ വിമാനത്തെ കുറിച്ചു ഒരു സൂചനയും ലഭിച്ചില്ല.

യഥാർത്ഥത്തിൽ ഈ വിമാനം തകർന്നുവോ, അതോ യാത്രക്കാരുമായി ഇപ്പോഴും ഏതെങ്കിലും സുരക്ഷിത സ്ഥാനത്തു നില കൊള്ളുകയാണോ എന്നത് ഇന്നും ഉത്തരമില്ലാത്ത ഒരു ചോദ്യമാണ്. എന്നാൽ ഈ വിമാനത്തെ കുറിച്ച് ഉടലെടുത്ത ഊഹാബോഹങ്ങൾ ഏറെ. അതിൽ പ്രധാനമായും സംശയത്തിന്റെ മുൾ മുനയിൽ നിൽക്കുന്നത് ഈ വിമാനത്തിന്റെ പൈലറ്റ് ആയിരുന്ന സാഹാരി അഹമ്മദ്‌ ഷാ എന്ന വ്യക്തിയുമായി ബന്ധപ്പെട്ടതാണ്. കുടുംബ ജീവിതം തകരാറിൽ ആയിരുന്ന ഇയാൾ വിഷാദ രോഗത്തിന് അടിമ ആയിരുന്നു എന്നും, കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ഇയാൾ ആത്മഹത്യ ചെയ്യുവാനാണ് വിമാനം ഒന്നടങ്കം അപകടത്തിൽ പെടുത്തിയത് എന്ന അഭ്യൂഹവും ഉണ്ടായിരുന്നു. മാത്രമല്ല ഇയാളെ സംശയിക്കുവാനുള്ള മറ്റൊരു പ്രധാന കാരണം ഈ പൈലറ്റിന്റെ വീട്ടിൽ ഉണ്ടായിരുന്ന ‘ഫ്ലൈറ്റ് സ്റ്റിമുലേറ്ററിൽ’ അയാൾ സേവ് ചെയ്ത് വച്ചിരുന്ന ഒരു യാത്ര പഥവും, വിമാനം കാണാതാകുമ്പോൾ സഞ്ചരിച്ചുകൊണ്ടിരുന്ന യാത്ര പഥവും ഏറെക്കുറെ സാമ്യമുള്ളതായിരുന്നു എന്നതാണ്. ഇത് വഴി ഇയാൾ ആത്മഹത്യ ചെയ്യുവാനായി സഹ പൈലറ്റിനെ കോക്പിറ്റിൽ നിന്നും പുറത്തിറക്കിയ ശേഷം വിമാനം ‘ഓട്ടോ പൈലറ്റ് മോഡിൽ’ ഇട്ട് പറത്തി ഇന്ധനം തീർത്തതിനു ശേഷം, കടലിലേക്ക് ഇടിച്ചു ഇറക്കുകയായിരുന്നു എന്ന ഒരു അനുമാനത്തിൽ എത്തി. എന്നാൽ ഇയാൾക്കു ഒരു മാനസിക പ്രശ്നവും ഇല്ലായിരുന്നു എന്ന ബന്ധുക്കളുടെ വാദം ഈ അനുമാനത്തെ എതിർക്കുന്നു.

മറ്റൊരു സംശയം അമേരിക്കൻ മിലിട്ടറിയുടെ അധീനതയിൽ ഉള്ള ‘ഡീഗോ ഗാർഷ്യ’ എന്ന മഡഗാസ്കറിനോട് ചേർന്ന് കിടക്കുന്ന ദ്വീപുമായി ബന്ധപ്പെട്ടതാണ്. സംശയത്തിന്റെ പ്രധാന കാരണം അതിനടുത്തുള്ള ഒരു ദ്വീപിൽ നിന്നും ഈ വിമാനത്തിന്റെ ഭാഗം എന്ന് സംശയിക്കുന്ന, വിമാനത്തിന്റെ ഒരു ചിറക് ലഭിച്ചു എന്നതാണ്. മാത്രമല്ല സംഭവ ദിവസം ഒരു വിമാനം വളരെ ശക്തിയോടു കൂടി താഴേക്ക് വരികയും, എന്നാൽ ഉയർന്ന ശബ്ദത്തോട് കൂടി വീണ്ടും മുകളിലേക്ക് പോകുകയും ശ്രദ്ധയിൽ പെട്ടു എന്ന് അവിടുത്തെ ചില പരിസരവാസികൾ അഭിപ്രായപ്പെട്ടു. എന്നാൽ ഇങ്ങനെ ഒരു വിമാനം തങ്ങളുടെ റഡാറിൽ പെട്ടിരുന്നതേ ഇല്ല എന്നാണ് അമേരിക്ക വാദിച്ചത്. ഈ വൈരുധ്യം അമേരിക്കയുടെ നേരെ ഉള്ള സംശയത്തിന് ഊന്നൽ നൽകി. ഒരു പക്ഷെ റഡാറിൽ പെട്ട വിമാനം കണ്ട്, അത് തങ്ങളെ ആക്രമിക്കുവാൻ വരുന്നതാണോ എന്ന സംശയത്താൽ അമേരിക്ക തകർത്ത് കളഞ്ഞതാവാം എന്ന ഒരു സംശയം സ്വാഭാവികമായും അമേരിക്കയുടെ നേരെ ഉയർന്നിരുന്നു.

മറ്റൊരു അഭ്യൂഹം ആണ് ഒരുപക്ഷെ ഏതെങ്കിലും തീവ്രവാദി സംഘടനകൾ അവരുടെ ആക്രമങ്ങൾക്ക് വേണ്ടി ഈ വിമാനം തട്ടിക്കൊണ്ടു പോയതാകാം എന്നത്. വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് വ്യാജ പാസ്സ്പോർട്ട്‌ ആയിരുന്നു എന്ന് തുടർന്ന് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞതോടെ ആ സാധ്യതയും തള്ളി കളയുവാൻ സാധിച്ചില്ല. എന്നാൽ ഈ രണ്ട് പേർക്കും ഒരു തരത്തിലുമുള്ള തീവ്രവാദ പശ്ചാത്തലം ഇല്ല എന്നതും, ഇവർ യൂറോപ്പിലേക്ക് കുടിയേറ്റക്കാരായി പോകുവാൻ തുടങ്ങിയവരും ആണ് എന്ന് പിന്നീട് വന്ന വെളിപ്പെടുത്തലുകൾ ഈ അനുമാനത്തെയും തള്ളി കളഞ്ഞു.

രസകരമായി തോന്നാം എങ്കിലും മറ്റൊരു സംശയം കൂടി ഈ വിമാന തിരോധാനത്തെ കുറിച്ച് പല വിദഗ്ധന്മാരും മുന്നോട്ട് വയ്ക്കുന്നു. അതായത് ഒരു പക്ഷെ ഈ വിമാനം അന്യ ഗ്രഹ ജീവികളുടെ കയ്യിൽ പെട്ടതാകാം എന്നതാണ് മറ്റൊരു അനുമാനം. അവർ ഒരു പക്ഷെ ഈ വിമാനം മറ്റ് ഏതെങ്കിലും ഗ്രഹത്തിലേക്ക് കൊണ്ട് പോയതാകാം എന്നും വിശ്വസിക്കുന്നു. കേൾക്കുമ്പോൾ തമാശ ആയി തോന്നുന്നു എങ്കിലും, മലേഷ്യ മുന്നോട്ട് വെയ്ക്കുന്ന പ്രധാന സംശയങ്ങളിൽ ഒന്ന് ഇത് തന്നെയാണ്.

എം.എച്ച് 370 എന്ന വിമാനത്തെ കുറിച്ച് അഭ്യൂഹങ്ങൾ ഏറെ ഉണ്ട് എങ്കിലും, ഇന്നും ഇതിന് എന്ത് സംഭവിച്ചു എന്നത് ഒരു നിഗൂഢമായ രഹസ്യമാണ്. 2014 ൽ തുടങ്ങിയ തിരച്ചിൽ 2016 ഓടെ മലേഷ്യ നിർത്തി വച്ചു. മാത്രമല്ല ഈ വിമാനം ഇന്ത്യൻ മഹാ സമുദ്രത്തിൽ തകർന്ന് വീണു എന്നൊരു ഔദ്യോഗിക സ്ഥിതീകരണവും നൽകി. എന്നാൽ ഇപ്പോൾ വീണ്ടും ഈ വിമാനത്തെ കുറിച്ചുള്ള തിരച്ചിൽ പുനരാരംഭിക്കുവാൻ പോകുകയാണ് എന്ന വിവരങ്ങൾ ആണ് മലേഷ്യയിൽ നിന്നും ലഭിക്കുന്നത്. ലോക ചരിത്രത്തിൽ തന്നെ ഏറ്റവും ചിലവേറിയ ഒരു വിമാനത്തിനു വേണ്ടിയുള്ള തിരച്ചിൽ ആയിരുന്നു ഇത്. ഏകദേശം 950 മില്യൺ യു.എസ് ഡോളറാണ് ഇതിന് വേണ്ടി ചിലവാക്കിയിട്ടുള്ളത്. പക്ഷെ ഈ നിമിഷം വരെ എല്ലാം വെള്ളത്തിൽ വരച്ച വര മാത്രം. ഇനി വരുന്ന പുനരന്വേഷണത്തിൽ എങ്കിലും ഈ വിമാനത്തിന് എന്ത് പറ്റി എന്നതിന് ഉള്ള ഉത്തരം ലഭിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം. ആ ഉത്തരത്തിന് വേണ്ടി 239 കുടുംബങ്ങൾ മാത്രമല്ല, മറിച്ചു ലോകം മുഴുവനും കാതോർക്കുകയാണ്.

Read also: അനിൽ ധീരുഭായ് അംബാനി :ഉയർച്ചയും പതനവും

ചെറിയ മുതൽ മുടക്കിൽ തുടങ്ങാം ചിപ്സ്‌ നിർമ്മാണ സംരംഭം

ഏറ്റവും കൂടുതൽ മൈലേജുള്ള  5  ഇന്ത്യൻ ബൈക്കുകൾ !!!

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close