കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് തിടരിച്ചടിയായി നിരവധി നഴ്‌സുമാര്‍ രാജിവെക്കാന്‍ ഒരുങ്ങുന്നു


Spread the love

കുവൈത്ത് : കോവിഡ് പ്രതിരോധത്തിനായി കുവൈത്ത് ആരോഗ്യമന്ത്രാലയം കഠിനശ്രമത്തിലാണ്. എന്നാല്‍ കോവിഡ് കാലത്തെ കനത്ത ജോലി ഭാരവും മാനസിക സമ്മര്‍ദവും കാരണം നിരവധി നഴ്‌സുമാര്‍ ജോലി രാജിവെക്കാന്‍ ഒരുങ്ങുന്നതായി വിവരം. ഇത് രാജ്യത്തെ ആരോഗ്യമേഖലയില്‍ വലിയ തിരിച്ചടി ഉണ്ടാക്കും. ധാരാളം പേര് ജോലി രാജിവെച്ച് നാട്ടില്‍പോകാനുള്ള അപേക്ഷ കൊടുത്തു. കഴിഞ്ഞയാഴ്ച 60 പേരാണ് ജാബിര്‍ ആശുപത്രിയില്‍ ജോലി രാജിവെക്കാന്‍ അപേക്ഷ സമര്‍പ്പിച്ചത്. പലരും പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ്. കാനഡ, ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ അനേകം രാജ്യങ്ങളില്‍ യോഗ്യതാപരീക്ഷകളും മറ്റുമാനദണ്ഡങ്ങളും ലളിതമാക്കിയതാണ് അവിടേക്ക് ചേക്കേറാന്‍ പ്രഫഷനലുകളെ പ്രേരിപ്പിക്കുന്നത്. ചിലര്‍ പ്രവാസം നിര്‍ത്തി നാട്ടില്‍ പോവാന്‍ നോക്കുന്നു.
ഭേദപ്പെട്ട ശമ്ബളം ഉണ്ടായിട്ടും ജോലി രാജിവെക്കുകയോ മറ്റിടങ്ങളിലേക്ക് ചേക്കേറാന്‍ ശ്രമിക്കുകയോ ചെയ്യുന്നതിന് പിന്നില്‍ ജോലിഭാരവും മാനസിക സമ്മര്‍ദവുമാണ്. കുവൈത്തില്‍ കോവിഡ് വ്യാപനം തുടങ്ങിയതോടെ മൂന്ന് ഷിഫ്റ്റുകളിലായി ജോലിചെയ്തുവന്നിരുന്ന നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ മുതല്‍ ഡോക്ടര്‍മാരടക്കമുള്ളവര്‍ ഇപ്പോള്‍ 12 മണിക്കൂറോളം തുടര്‍ച്ചയായി ജോലി ചെയ്യേണ്ട അവസ്ഥയിലാണ്. മണിക്കൂറുകളോളം പി.പി.ഇ കിറ്റിനുള്ളില്‍ തന്നെ കഴിച്ചുകൂട്ടുന്നതിനാല്‍ ഭക്ഷണം ഉള്‍പ്പടെ പ്രാഥമികവശ്യങ്ങള്‍ പോലും യഥാസമയത്ത് നിര്‍വഹിക്കാനാവാതെ പ്രയാസപ്പെടുന്നു.
ഒരു വിഭാഗം ആരോഗ്യ ജീവനക്കാര്‍ക്ക് ക്വാറന്റീനില്‍ പോവേണ്ടിവരുന്നത് ബാക്കിയുള്ളവരുടെ ജോലി ഭാരം ഇരട്ടിപ്പിക്കുന്നു. നേരത്തേ അവധിക്ക് നാട്ടില്‍ പോയവര്‍ക്ക് തിരിച്ചുവരാന്‍ കഴിയാത്തതും തിരിച്ചടിയാണ്. ഇവരെ പ്രത്യേക വിമാനങ്ങളില്‍ തിരിച്ചുകൊണ്ടുവരാന്‍ ആരോഗ്യമന്ത്രാലയം പദ്ധതി തയാറാക്കിയിട്ടുണ്ട്.
ഏതാനും പേര്‍ ഇതിനകം ഇങ്ങനെ തിരിച്ചെത്തി. കുടുംബം കൂടെയില്ലാതെ ജീവിക്കുന്ന ബഹുഭൂരിഭാഗം വരുന്ന ജീവനക്കാര്‍ക്ക് നാട്ടില്‍ വാര്‍ഷികാവധിക്ക് പോകാനുള്ള അനുമതി അനന്തമായി നീളുകയാണ്. ജോലിഭാരത്തോടൊപ്പം ഇതുകൂടി വന്നപ്പോള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലാണ് ഭൂരിഭാഗം പേരും കഴിയുന്നത്. കുടുംബത്തോടൊപ്പം താമസിക്കുന്നവര്‍ പലരും കോവിഡ് ഭീതികാരണം കുടുംബത്തെ നാട്ടിലേക്കയച്ചുതുടങ്ങിയിട്ടുണ്ട്. കുടുംബത്തോടൊപ്പം കഴിയുന്നവര്‍ മുറിയിലെത്തിയാല്‍ മക്കള്‍ക്കും മാതാപിതാക്കള്‍ക്കും തങ്ങളിലൂടെ കോവിഡ് ബാധയേല്‍ക്കുമോ എന്ന ആധിയിലാണുള്ളത്.
ശൈത്യകാലം കൂടി വരുന്നതോടെ കോവിഡ് വ്യാപനം ഗണ്യമായി വര്‍ധിക്കാനും ജോലിഭാരം ഇരട്ടിക്കാനുമുള്ള സാധ്യത കൂടി മുന്നില്‍ കാണുന്നു. ജീവന്‍ രക്ഷിക്കാനുള്ള സാമൂഹിക ദൗത്യം എന്ന നിലയില്‍ കാണുന്നതുകൊണ്ടാണ് പ്രയാസം സഹിച്ചും ആരോഗ്യപ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്യുന്നത്.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close