നാവിൽ കൊതിയൂറും പുതുകൂൺ രുചികൾ


Spread the love

കൂൺ കൃഷിയെക്കുറിച്ചും വിപണന സാധ്യതകളെ കുറിച്ചും ഞങ്ങളുടെ കഴിഞ്ഞ ലേഖനത്തിൽ  വായിച്ചുവല്ലോ .കൂൺ കൊണ്ടുള്ള വിഭവങ്ങളും ഇപ്പോൾ ഹിറ്റാണ്.സാധാരണ കൂൺ മസാല, കൂൺഫ്രൈ എന്നിവക്കു പുറമെ മാർക്കെറ്റിൽ എത്തിക്കാവുന്ന വിഭവങ്ങളാണ് കൂൺ ബജ്ജി, കൂൺ അച്ചാർ, കൂൺ പൌഡർ, കൂൺ കട്ലെറ്റ്, കൂൺ പായസം എന്നിവ. പോഷക മൂല്യത്തോടൊപ്പം വേറിട്ട രുചിയും നൽകുന്ന ഈ കൂൺ വിഭവങ്ങൾ നിങ്ങളുടെ ആദായം ഇരട്ടി ആക്കും.വിപണനത്തിന് വേണ്ടി മാത്രമല്ല. വീട്ടിൽ കുട്ടികളും മുതിർന്നവരും ഒരു പോലെ ഇഷ്ടപെടുന്ന നിരവധി വിഭവങ്ങൾ കൂൺ കൊണ്ട് തയ്യാറാക്കാനാകും.

കൂൺ ഇപ്പോൾ മഷ്‌റൂം പൌഡർ എന്ന പേരിൽ ഉണങ്ങിയ പൊടിയായി ലഭിക്കും. കൂണിനെ ഡ്രൈയർ ഉപയോഗിച്ച് ആദ്യം ഉണക്കുന്നു. നല്ല വെയിലിൽ കൂൺ ഉണക്കാം.അല്ലെങ്കിൽ സോളാർ മഷ്‌റൂം ഡ്രൈയർ, ക്യാബിനറ്റ് എയർ ഡ്രയിങ്, ഓസ്‌മോ എയർ ഡ്രയിങ്, ഫ്രീസ് ഡ്രയിങ് എന്നീ മാർഗങ്ങൾ ഉപയോഗിച്ചും കൂൺ ഉണക്കാം. ഉണങ്ങിയ കൂണിനെ പൊടിച്ചു പാക്കറ്റുകളിൽ ആക്കി വിൽക്കുകയാണ് ചെയ്യുന്നത്.ഒട്ടേറെ ആഹാര പദാർത്ഥങ്ങളിലും പലഹാര നിർമാണത്തിനും ഉപയോഗിക്കുന്ന മഷ്‌റൂം പൗഡറിന് നല്ല വിലയാണ്.ഇത് കൂടാതെ മറ്റ് ചില കൂൺ വിഭവങ്ങളെ പരിചയപ്പെടാം.ആവശ്യമായ ചേരുവകളും പാചകരീതിയും മാത്രമേ നൽകുന്നുള്ളൂ. ആവശ്യക്കാർ അനുസരിച്ച് അളവ് ക്രമീകരിക്കാൻ ശ്രദ്ധിക്കുമല്ലോ..

1.കൂൺ അച്ചാർ
പ്രിസെർവേറ്റിവുകൾ ചേർത്തില്ലെങ്കിലും അച്ചാറുകൾ ആഴ്ചകളോളം സൂക്ഷിക്കാം. കൂടുതൽ കാലം സൂക്ഷിക്കാനാണേൽ സിട്രിക് ആസിഡ് പോലുള്ളവ ചേർക്കാം. നാടൻ രീതിയിൽ നല്ലെണ്ണ ചേർത്ത് ഉണ്ടാക്കി ചെറിയ പാക്കറ്റുകളിൽ വിപണനം ചെയ്താൽ ഉപയോക്താവിന് നഷ്ടമുണ്ടാകില്ല. രുചിയിലും ഗുണത്തിലും വിത്യാസം വരാത്തതിനാൽ പ്രൊഡക്ടിനു നല്ല ഡിമാൻഡും ആയിരിക്കും.
ആവശ്യമായ ചേരുവകൾ
1.കൂൺ
2.നല്ലെണ്ണ
3.ഇഞ്ചി
4.വെളുത്തുള്ളി
5.കറിവേപ്പില
6.കടുക്
7.ഉലുവ
8.വിനാഗിരി
9.മുളക് പൊടി
10.മഞ്ഞൾ പൊടി
നല്ലെണ്ണ ചൂടാകുമ്പോൾ കൂൺ ചേർത്ത് സ്വർണ്ണ നിറത്തിൽ വഴറ്റി കോരുക. കടുക്, ഉലുവ ഇട്ടു പൊട്ടുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില ഇട്ടു വഴറ്റുക.അല്പം വിനാഗിരിയിൽ മഞ്ഞൾ പൊടി, മുളക് പൊടിയിട്ട് എണ്ണ തെളിയും വരെ വഴറ്റുക. ഇതിൽ ബാക്കി വിനാഗിരിയും ഉപ്പും ചേർത്ത് ചൂടാകുമ്പോൾ കൂൺ ഇട്ടു ഇളക്കി വാങ്ങുക. അല്പം നല്ലെണ്ണ കൂടി തിളപ്പിച്ചു അച്ചാറിൽ ചേർത്ത് ഇളക്കിയാൽ പെട്ടെന്ന് കേടുവരില്ല.

2.കൂൺ ബജ്ജി
കൂൺ ബജ്ജി ഉണ്ടാക്കി പാക്ക് ചെയ്ത് ഹോട്ടലുകളിലും ചായക്കടകളിലും നല്കുന്നത് വീട്ടമ്മമാർക്കും നല്ലൊരു വരുമാന മാർഗമാണ്.മറ്റ് ബജ്ജികളെ അപേക്ഷിച്ച് വേറിട്ട രുചി നൽകുന്നതിനാൽ ആവശ്യക്കാർ ഏറെ ഉണ്ടാകും. ചിപ്പിക്കൂൺ, ബട്ടൺ മഷ്‌റൂം എന്നറിയപ്പെടുന്ന ചെറിയ കൂണുകൾ ആണ് ബജ്ജി നിർമിക്കാൻ നല്ലത്.
ചേരുവകൾ
1.കൂൺ
2.കടലമാവ്
3.ഉപ്പ്
4.കായം
5.മുളക് പൊടി
6.മഞ്ഞൾപൊടി
7.എണ്ണ
കടലമാവിൽ എണ്ണ ഒഴികെയുള്ള ചേരുവകൾ ചേർത്ത് കലക്കി മാവ് തയ്യാറാക്കുക. ഇതിൽ കൂൺ മുക്കിയെടുത്ത് ഓരോന്നായി തിളച്ച എണ്ണയിൽ വറുത്തു കോരുക.

3.കൂൺ കട്ലറ്റ്
ഹോട്ടലുകൾ, സൂപ്പർമാർകെറ്റുകൾ മാളുകളിലെ ഫുഡ്‌ കോർട്ടുകൾ എന്നിവിടങ്ങളിലാണ് വിപണന സാധ്യത കൂടുതൽ.
ചേരുവകൾ
1.കൂൺ
2.ഉരുളൻ കിഴങ്ങ്
3.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
4.പച്ചമുളക്
5.സവാള
6.മല്ലിയില
7.ഇഷ്ടമെങ്കിൽ പച്ചക്കറികൾ ചേർക്കാം.ക്യാരറ്റ്, ബീൻസ്, ഗ്രീൻ പീസ് എന്നിവ
8.മുട്ട
9.റൊട്ടിപ്പൊടി
10.കുരുമുളക് പൊടി
11.ഗരം മസാല
കൂൺ അരിഞ്ഞു വെക്കുക, ഉരുളൻ കിഴങ്ങു പുഴുങ്ങി പൊടിക്കുക, മുട്ട അടിച്ചു വെക്കുക. എണ്ണ ചൂടായാൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളക്, കൂൺ, പച്ചക്കറികൾ എന്നിവ ഉപ്പ്, പൊടികൾ ചേർത്ത് വഴറ്റുക. ഇതിൽ മല്ലിയിലയും കിഴങ്ങും ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് കട്ലറ്റ് ആകൃതിയിൽ പരാതി മുട്ടയിൽ മുക്കുക. ശേഷം റൊട്ടിപ്പൊടിയിൽ പൊതിഞ്ഞു വറുത്തെടുക്കാം. അഭിരുചിക്കനുസരിച്ചു ചേരുവകളിൽ മാറ്റം വരുത്താവുന്നതാണ്.

4.കൂൺ പായസം
ഒരു വ്യത്യസ്തത ആരാണ് ആഗ്രഹിക്കാത്തത്. പായസം ഉണ്ടാക്കി കാൽ ലിറ്റർ, അര ലിറ്റർ, ഒരു ലിറ്റർ എന്നിങ്ങനെ പാക്ക് ചെയ്ത് സൂപ്പർമാർക്കറ്റുകൾ, ഷോപ്പുകൾ വഴി വിൽക്കാം.വീട്ടിലും നമുക്കിടക്ക് വ്യത്യസ്തമായ പായസം തയ്യാറാക്കി നോക്കാം.
ചേരുവകൾ
1.കൂൺ പൊടിയായി അരിഞ്ഞത്
2.തേങ്ങയുടെ ഒന്നും രണ്ടും മൂന്നും 3.പാൽ
4.നെയ്യ്
5.അണ്ടിപ്പരിപ്പ്
6.മുന്തിരി
7.നാളികേര കൊത്ത്
8.ശർക്കര പാനി
നെയ്യ് ചൂടാകുമ്പോൾ അണ്ടിപ്പരിപ്പ്, മുന്തിരി, തേങ്ങാക്കൊത്ത് എന്നിവ വറുത്തു മാറ്റി വെക്കുക. ഇതിൽ തന്നെ കൂൺ ചേർത്ത് നന്നായി വഴറ്റുക. ചുവന്ന നിറമാകുമ്പോൾ മൂന്നാം പാൽ ചേർത്ത് വേവിക്കുക. വറ്റി വരുമ്പോൾ ശർക്കര പനി ചേർത്ത് വഴറ്റുക. ശേഷം രണ്ടാം പാൽ ചേർത്ത് തിളക്കുമ്പോൾ ഇറക്കുക. വറുത്തു വെച്ചവയും ഒന്നാം പാലും ചേർത്ത് നന്നായി ഇളക്കുക.

5.കൂൺ സൂപ്പ്
കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഉത്തമമാണ് സൂപ്പ്.
ചേരുവകൾ
1.കൂൺ
2.വെണ്ണ
3.കുരുമുളക് പൊടി
4.കോൺ ഫ്ലോർ
5.പാൽ
6.വെള്ളം
7.മുട്ട
8.ഉപ്പ്
9.തക്കാളി
വെണ്ണ ചൂടാക്കി തക്കാളി,കൂൺ എന്നിവ വഴറ്റുക.ഇതിൽ കോൺ ഫ്ലോർ പാലിൽ കലക്കി ഒഴിക്കുക. വെള്ളവും ചേർത്ത് വേവിക്കുക. നന്നായി വെന്ത് കുറുകിയ സൂപ്പിൽ മുട്ട അടിച്ചു നൂൽ പോലെ ചേർത്ത് ഇളക്കി യോജിപ്പിക്കുക.ആവശ്യത്തിന് ഉപ്പും കുരുമുളകും ചേർത്ത് ചൂടോടെ ഉപയോഗിക്കാം.

6.കൂൺ ഓംലറ്റ്
വ്യത്യസ്തമായ ഈ ഓംലറ്റ് മുട്ട കഴിക്കാൻ ഇഷ്ടമല്ലാത്ത കുട്ടികൾ പോലും ഇഷ്ടപെടും.രാവിലത്തെ ഹെൽത്തി ബ്രേക്ഫാസ്റ് ആയി ഉപയോഗിക്കാവുന്നതാണ്.
ചേരുവകൾ
1.കൂൺ പൊടിയായി അരിഞ്ഞത്
2.സവാള അരിഞ്ഞത്
3.ക്യാപ്സികം നീളത്തിൽ അരിഞ്ഞത്
4.ഉപ്പ്
5.കുരുമുളക് പൊടി
6.മുട്ട
ഒരു പാനിൽ മുട്ട പൊട്ടിച്ചു അടിച്ചു ഒഴിക്കുക. മുകളിൽ കൂൺ, സവാള, ക്യാപ്സിക്കം, കുരുമുളക് പൊടി വിതറി അടച്ചു വച്ച് വേവിച്ചു ഉപയോഗിക്കാം.

7.കൂൺ സാലഡ്
പ്രത്യേക ഭക്ഷണ ക്രമം പിന്തുടരുന്നവർക്കു വളരെ നല്ലതാണ് കൂൺ സാലഡ്
ചേരുവകൾ
1.കൂൺ
2.ക്യാപ്സിക്കം
3.വെളുത്തുള്ളി
4.സ്പ്രിങ് ഒണിയൻ
5.ഒലിവ് ഓയിൽ
6.കുരുമുളക് പൊടി
കൂൺ, കാപ്സികം, സ്പ്രിങ് ഒണിയൻ, വെളുത്തുള്ളി എന്നിവ അരിഞ്ഞു ഒലിവ് ഓയിലും നാരങ്ങ നീരും കുരുമുളക് പൊടിയും ചേർത്ത് മിക്സ്‌ ചെയ്ത് 1 മണിക്കൂറിനു ശേഷം ഉപയോഗിക്കാം.

കൂൺ കൃഷിയെ കുറിച്ച് കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ
കൂൺ കൃഷിയിലൂടെ വിജയം കൊയ്യാം

ഈ വാർത്ത നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കും വർത്തകൾക്കുമായ് എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക്‌ ചെയ്യുക.
http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close