പതിനൊന്ന് വര്‍ഷം മുമ്പ് കാണാതായ സൈനികന്‍ തിരിച്ചെത്തി


Spread the love

ജീവിതത്തില്‍ ഇനിയൊരിക്കലും സ്വന്തം മകനെ കാണാന്‍ കഴിയില്ലെന്ന് വിശ്വസിച്ച് കഴിഞ്ഞ 11 വര്‍ഷങ്ങള്‍ മറന്ന് ആഹ്ലാദത്തിലാണ് ഹരിപ്പാട് ചെറുതന ആനാരി കുറവന്‍പറമ്ബില്‍ കുടുംബം. പതിനൊന്ന് വര്‍ഷം മുമ്ബ് കാണാതായ സന്തോഷ്‌കുമാര്‍ ഞായറാഴ്ചയാണ് മധ്യപ്രദേശില്‍നിന്നും ഇളയ സഹോദരന്‍ സതീഷിനൊപ്പം നാട്ടിലെത്തിയത്.
പതിനൊന്ന് വര്‍ഷം മുമ്ബാണ് മധ്യപ്രദേശിലെ മണ്ഡ്‌ല ജില്ലയിലെ ഝാന്‍സിയില്‍ നിന്നും സന്തോഷിനെ കാണാതായത്. ആര്‍മിയില്‍ സിഗ്‌നല്‍ വിഭാഗത്തിലെ സൈനികനായിരുന്ന സന്തോഷിന് അപകടത്തെത്തുടര്‍ന്ന് ഇടതുകണ്ണിന് സാരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് വിആര്‍എസ് എടുത്ത് നാട്ടിലേക്ക് പോകാനൊരുങ്ങി. എന്നാല്‍, വീട്ടിലെത്തിയില്ല. ബന്ധുക്കള്‍ ഏറെനാള്‍ അന്വേഷിച്ചിട്ടും ഒരു വിവരവും ലഭിച്ചില്ല. മരിച്ചെന്ന് കരുതി മരണാനന്തര ചടങ്ങുകള്‍പോലും നടത്തി. ഈ മാസം മൂന്നിന് ഝാന്‍സിയിലെ തെരുവില്‍ സന്തോഷ് അലഞ്ഞുതിരിയുന്നത് കണ്ട നാട്ടുകാരാണ് മാവോയിസ്റ്റാണെന്ന് സംശയം തോന്നി തില്‍ഗാം പൊലീസില്‍ വിവരമറിയിച്ചത്.
മാവോയിസ്റ്റ് പ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മേഖലയാണ് മണ്ഡ്‌ല. ആയുധങ്ങളെയും യുദ്ധസാമഗ്രികളെയും കുറിച്ച് തനിക്ക് അറിയാമെന്ന് ഇയാള്‍ പറഞ്ഞതോടെ നാട്ടുകാരില്‍ ദുരൂഹത വര്‍ധിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ആയുധങ്ങളുടെ ഉപയോഗം സംബന്ധിച്ച സാങ്കേതിക വശങ്ങള്‍ ഇയാള്‍ പൊലീസിനോടും പങ്കുവച്ചു. ഹിന്ദിയിലും മലയാളത്തിലുമായിരുന്നു സംസാരം. തുടര്‍ന്ന് പൊലീസ് മലായാളിയായ സിസ്റ്റര്‍ മെഴ്‌സിയുടെ സഹായം തേടി. ഇയാളോട് സംസാരിച്ചതില്‍ നിന്ന് പേരും ജോലിയും സംബന്ധിച്ച വിവരം ലഭിച്ചു. സിഗ്‌നല്‍ കോറിലെ സൈനികനായിരുന്നുവെന്നും 2006ല്‍ സിക്കിമിലാണ് അവസാനം ജോലി ചെയ്തതെന്നും ഇയാള്‍ പറഞ്ഞു. സ്വദേശം ആലപ്പുഴയാണെന്ന് മനസിലായതോടെ മണ്ഡ്‌ല എസ്പി രാകേഷ് കുമാര്‍ സിങ് കേരള പൊലീസുമായി ബന്ധപ്പെട്ട് മേല്‍വിലാസം മനസിലാക്കി.
അലഞ്ഞുതിരിഞ്ഞ് പ്രാകൃതരൂപത്തിലായ സന്തോഷിനെ താടിയും മുടിയും വെട്ടി പുതിയ വസ്ത്രങ്ങള്‍ ധരിപ്പിച്ച ശേഷം ചിത്രങ്ങളെടുത്ത് പൊലീസ് വീയപുരം പൊലീസിനും കുടുംബാംഗങ്ങള്‍ക്കും അയച്ചു. ശനിയാഴ്ച സന്തോഷിന്റെ സഹോദരന്‍ സതീഷും ബന്ധുക്കളും മണ്ഡ്‌ലയിലെത്തി അദ്ദേഹത്തെ തിരിച്ചറിഞ്ഞു. സഹോദരനെ തിരിച്ചറിഞ്ഞെങ്കിലും എങ്ങനെ മണ്ഡ്‌ലയിലെത്തിയെന്ന് ഓര്‍ത്തെടുക്കാന്‍ സന്തോഷിന് കഴിയുന്നില്ല.
അന്നു തന്നെ കേരളത്തിലേക്ക് മടങ്ങിയ ഇവര്‍ ഞായറാഴ്ചയാണ് നാട്ടിലെത്തിയത്. കൃഷ്ണന്‍കുട്ടിനായരാണ് സന്തോഷിന്റെ അച്ഛന്‍. അമ്മ ലളിത. സഹോദരി സിന്ധു. പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷമാണ് നാട്ടില്‍ എത്തുന്നതെങ്കിലും കുടുംബവീടും ബന്ധുക്കളെയുമെല്ലാം തിരിച്ചറിയാന്‍ സന്തോഷിന് കഴിഞ്ഞതായി സഹോദരന്‍ സതീഷ് കുമാര്‍ പറഞ്ഞു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close