ഇന്ത്യയിൽ 25 വയസ്സ് തികച്ചു മൊബൈൽ ഫോൺ


Spread the love

മൊബൈൽ ഫോൺ. ഇന്ന് പലർക്കും ജീവ വായുവിനേക്കാൾ പ്രധാനമാണത്. ലോകത്തെ വിരൽ തുമ്പിൽ കൊണ്ടെത്തിക്കുന്ന വിസ്മയം. മൊബൈൽ ഇല്ലാതെ ഒരു മാസം ജീവിക്കുവാൻ കഴിയുമോ എന്ന ചോദ്യം നമുക്ക് നേരെ വന്നാൽ, ഒരു പക്ഷെ നമ്മളിൽ പലരും ഒന്ന് പരുങ്ങും. പ്രത്യേകിച്ച് ‘ന്യൂ ജെൻ’ എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന പുതു തലമുറയ്ക്ക് അല്പം പ്രയാസം തന്നെ ആയിരിക്കും. എന്നാൽ എന്നാണ് ഈ മൊബൈൽ നമ്മുടെ നാട്ടിൽ കാലു കുത്തിയത് എന്നറിയാമോ? സുമാർ 25 വർഷം ആയതേ ഉള്ളു ഈ മൊബൈൽ ഫോൺ ഇന്ത്യൻ മണ്ണിൽ കാലു കുത്തിയിട്ട്. ഒന്ന് ഓർത്തു നോക്കിയാൽ, നമ്മൾ പലരുടെയും പ്രായം പോലും ആയിട്ടില്ല ഇന്ന് ഇവിടെ ഇത്ര സജീവമായി നിൽക്കുന്ന ഈ മൊബൈൽ ഫോണിന്. 

               കൃത്യമായി പറഞ്ഞാൽ 1995 ജൂലൈ 31. അന്നാണ് ഇന്ത്യ ആദ്യമായി മൊബൈൽ ഫോൺ മണിനാദത്തിനു കാതോർത്തത്. കൊൽക്കത്തയിലെ സെക്രട്ടേറിയേറ്റ്‌ ആയ ‘റൈറ്റേർസ് ബിൽഡിങ്ങിൽ’ നിന്നായിരുന്നു ആ കാൾ പോയത്. വിളിച്ചതോ അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസു. കേന്ദ്ര വാർത്താ വിനിമയ മന്ത്രി സുഖ്‌റാമിനെ ആയിരുന്നു അദ്ദേഹം ആദ്യമായി വിളിച്ചത്. ‘നോക്കിയ’ ഫോൺ ആയിരുന്നു ഈ ആശയ വിനിമയത്തിനു ആദ്യമായി ഉപയോഗിച്ചത്. ‘മോദി ടെൽസ്ട്ര’ എന്ന കമ്പനി ആയിരുന്നു ഇത് സാധ്യമാക്കി മാറ്റിയത്. പിന്നീട് അത് ‘സ്‌പൈസ് മൊബൈൽ’ എന്ന് പേര് മാറ്റുകയായിരുന്നു. ഇന്ത്യയിൽ ആദ്യമായി മൊബൈൽ ഫോൺ സേവനം ലഭ്യമായ സ്ഥലം ഡൽഹി ആയിരുന്നു. ആദ്യത്തെ ഫോൺ വിളി കഴിഞ്ഞ് കൃത്യം പതിനഞ്ചാമത്തെ ദിവസം. അതായത്, സ്വാതന്ത്ര്യ ലബ്ദിയുടെ നാല്പത്തിയെട്ടാം വർഷം ആഘോഷിക്കുന്ന വേളയിൽ ഡൽഹിയിൽ ഇതിനുള്ള സജ്ജീകരണങ്ങൾ തയ്യാറാക്കി. 1996 സെപ്റ്റംബർ 17 ന് ആയിരുന്നു കേരളത്തിൽ ഇത് ആദ്യമായി സാധ്യമായത്. 

               എന്നാൽ ഇന്നത്തെ അവസ്ഥയെക്കാളും തീർത്തും വ്യത്യസ്തം ആയിരുന്നു അന്നത്തെ മൊബൈൽ സംഭാഷണത്തിന്റെ അവസ്ഥ. ഏകദേശം 1 മിനുട്ട് നേരം ഉള്ള സംഭാഷണത്തിന് 24 രൂപ ആയിരുന്നു ഈടാക്കിക്കൊണ്ട് ഇരുന്നത്. അതായത് അന്നത്തെ കാലത്ത് വളരെ വലിയ തുക. കാൾ ചെയ്യുന്നതിന് മാത്രമല്ല മറിച്ച് കാൾ സ്വീകരിക്കുന്നതിനും പണം നൽകണമായിരുന്നത്രെ. അങ്ങനെ സമ്പന്നന് മാത്രം കയ്യിൽ കൊണ്ട് നടക്കുവാൻ കഴിയുന്ന ഒരു വസ്തു. അതായിരുന്നു മൊബൈൽ ഫോൺ. പിന്നീട് 2002 ൽ ബി.എസ്.എൻ.എൽ വന്നു. പിന്നടാണ്, ഇന്ന് സജീവമായി നിൽക്കുന്ന വൻകിട മൊബൈൽ സേവന ധാതാക്കൾ ആയ ഐഡിയ, എയർടെൽ, വൊഡാഫോൺ മുതാലായവ ഇന്ത്യൻ മണ്ണിൽ കാലു കുത്തുന്നത്. 2003 ആയപ്പോഴേക്കും ‘ഇൻകമിങ്ങ് കാൾ’ തീർത്തും സൗജന്യമാക്കി മാറ്റി. സാധാരണ ഒട്ടു മിക്ക സാധനങ്ങളും കാലം കഴിയും തോറും മൂല്യം കൂടുകയാണ് പതിവ്. എന്നാൽ മൊബൈലിന്റെ കാര്യത്തിൽ ഇത് നേരെ മറിച്ചാണ്. ഓരോ വർഷം കഴിയും തോറും ഇത് സാധാരണക്കാരന് അനുയോജ്യമായി മാറിക്കൊണ്ടിരുന്നു. ‘കാൾ റേറ്റുകൾ’ കുറഞ്ഞു വന്നു. പതുക്കെ ഏതൊരു സാധാരണക്കാരന്റെയും കയ്യെത്തും ദൂരത്തായി മൊബൈൽ ഫോൺ എന്ന സ്വപ്നം. ഇന്ന് കാലം മാറി. അതോടൊപ്പം തന്നെ മൊബൈൽ ഫോണിന്റെ രൂപവും, സ്വഭാവവും എല്ലാം അടിമുടി മാറി. ഇത് ‘സ്മാർട്ട്‌ ഫോണിന്റെ’ യുഗമാണ്. അങ്ങനെ ഇന്ന് ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾ മുതൽ 90 കഴിഞ്ഞവർ വരെ മൊബൈലിൽ സജീവമാണ്.  പലരുടെയും ഉള്ളിൽ ആരാലും അംഗീകരിക്കാതെ പതുങ്ങിയിരുന്ന കഴിവുകളെയും മറ്റും ലോകത്തിനു മുൻപിൽ കൊണ്ട് വരുവാൻ ഇന്ന് ഒരു മൊബൈൽ ഫോൺ മൂലം സാധിക്കുന്നു. അങ്ങനെ പലർക്കും തങ്ങളുടെ കഴിവ് പ്രകടിപ്പിക്കുവാൻ ഉള്ള ഒരു വേദി ആയി നമ്മുടെ കയ്യിൽ ഒതുങ്ങുന്ന കുഞ്ഞു ഫോണുകൾ മാറി കഴിഞ്ഞിരിക്കുന്നു. ലോകത്തെ മുഴുവൻ കൈപ്പിടിയിൽ ഒതുക്കാം. അത് തന്നെയാണ് മൊബൈൽ ഫോണിന്റെ പ്രത്യേകത. 

              ഇന്ന് എല്ലാവരുടെ കയ്യിലും ഒന്നും, രണ്ടും അതിലധികവും മൊബൈൽ ഫോണുകൾ ഉണ്ട്. ചിലർക്ക് ആണെങ്കിലോ, ഫോണുകൾ വാങ്ങി കൂട്ടുന്നത് ഒരു ലഹരി തന്നെയാണ്. ഇത് കൊറോണ കാലം ആണ്. വീട്ടിൽ നിന്നും പുറത്തിറങ്ങാതെ ലോകത്തെ രക്ഷിക്കേണ്ട സമയം. ഈ കഴിഞ്ഞ ലോക്ഡൗൺ കാലത്തും പലരും തങ്ങളുടെ വീട്ടിനുള്ളിൽ ഒതുങ്ങി ഇരിക്കുവാൻ ഒരു പരിധി വരെ മടി കാണിക്കാതിരുന്നത് കയ്യിൽ മൊബൈൽ ഉണ്ടല്ലോ എന്ന ധൈര്യം കൊണ്ടാണ്. അങ്ങനെ മനുഷ്യന്റെ ചലനങ്ങളിൽ പോലും മൊബൈൽ സ്വാധീനിക്കുന്ന ഒരു  ജനതയാണ് ഇന്ന് ഉള്ളത്. 25 വർഷം എന്ന കുറഞ്ഞ കാലം കൊണ്ട് തന്നെ മൊബൈൽ ഫോൺ ഉപയോഗത്തിൽ ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്തു എത്തിയിരിക്കുന്നു. പഠനങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം 2022 ആകുമ്പോഴേക്കും ഇന്ത്യയിലെ ‘സ്മാർട്ട് ഫോൺ’ ഉപഭോക്താക്കളുടെ എണ്ണം 442 മില്യണിൽ എത്തിച്ചേരും.  ഇതിൽ നിന്നും തന്നെ മനസ്സിലാക്കുവാൻ കഴിയും, ഇന്ത്യൻ ജനത മൊബൈൽ ഫോണിന് നൽകിയ സ്വീകാര്യത എത്രത്തോളം ആണെന്ന്. 

Read also : ഏഷ്യയിലെ ഏറ്റവും വലിയ കന്നു കാലി മേള.. 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close