ലോക രാജ്യങ്ങളുടെ പേടി സ്വപ്നം: മൊസാദ്.


Spread the love

ഇസ്രയേലിന്റെ ചാര സംഘടന ആയ മൊസാദ് സർവ്വ ലോകർക്കും സുപരിചിതമാണ്. ലോക രാജ്യങ്ങൾ എല്ലാം ഭീതിയോടെ നോക്കി കാണുന്ന ഒരു ചാര സംഘടനയാണ് മൊസാദ്. ലോകത്തിലെ ഏറ്റവും പ്രഗത്ഭമായ ചാര സംഘന എന്ന് വേണമെങ്കിൽ മൊസാദിനെ വിശേഷിപ്പിക്കാം. ബ്രിട്ടണിന്റെ എം.ഐ 6 നോടും അമേരിക്കയുടെ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയോടും കിട പിടിച്ചു നിൽക്കുന്ന ഒരു ചാര സംഘടനയാണ് ഇസ്രായേലിന്റെ മൊസാദ്.

               ബുദ്ധി സാമർഥ്യം കൊണ്ട് ലോക പ്രശസ്തി ആർജ്ജിച്ചവരാണ് ജൂതന്മാർ. ഒരു കാലത്ത് ഏറ്റവും കൂടുതൽ അടിച്ചമർത്തപ്പെട്ടിരുന്ന ഒരു വിഭാഗം ജനത ആയിരുന്നു അവർ. എന്നാൽ കൊടിയ പീഡനങ്ങളിൽ നിന്നും, മർദ്ദനങ്ങളിൽ  നിന്നുമെല്ലാം ഉയർത്തെഴുന്നേറ്റ് വന്ന് സ്വന്തമായി ഇസ്രായേൽ എന്ന പേരിൽ  ഒരു രാജ്യം തന്നെ അവർ നിർമ്മിച്ചെടുത്തു. ഇന്ന് ലോകത്തിലെ ഏറ്റവും ശക്‌തമായ രാജ്യങ്ങളിൽ ഒന്നായി ഇസ്രായേൽ മാറിയിട്ടുണ്ടെങ്കിൽ, അത് ആ ജനതയുടെ കഴിവും ബുദ്ധി സാമർഥ്യവും കൊണ്ട് മാത്രമാണ്. ഒരു കാലത്തു ലോകം മുഴുവൻ പുച്ഛത്തോട് കൂടി നോക്കി കണ്ട ഒരു ജനത, ഇന്ന് സർവ്വ രാജ്യങ്ങളുടെയും പേടി സ്വപ്നമാണ്. ഇസ്രായേലിലെ അതീവ ബുദ്ധിമാന്മാരായ ജൂതന്മാരെ ചേർത്ത് നിർമ്മിതമായ ചാര സംഘടനയാണ് മൊസാദ്. ഏകദേശം 7000 അംഗങ്ങൾ അടങ്ങിയിട്ടുള്ള മൊസാദ്, ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ചാര സംഘടന ആയി, അമേരിക്കയ്ക്ക് തൊട്ട് പിന്നിൽ നിൽക്കുന്നു. എന്നാൽ ശക്തിയിൽ ഒരു പക്ഷെ അമേരിക്കയെക്കാൾ മുൻപിലും  

                1949 ഡിസംബർ 13 ന് ആണ് മൊസാദ് രൂപീകൃതമായത്. ഭീകരവാദത്തെ അടിച്ചമർത്തുകയും, ഇസ്രയേലിന്റെ സംരക്ഷണവും ആണ് മൊസാദിന്റെ പ്രഥമ ദൗത്യങ്ങൾ. കഴിഞ്ഞ 7 ദശാബ്ദങ്ങളായി തീവ്രവാദത്തിനെതിരെ മൊസാദ് ഏറ്റെടുത്തു വിജയിപ്പിച്ച ദൗത്യങ്ങൾ തീർത്തും പ്രശംസാജനകമാണ്. റ്യുവൻ ഷിലോഹ് ആയിരുന്നു മൊസാദിന്റെ സ്ഥാപക ഡയറക്ടർ ഇസ്രയേയിലെ നഗരമായ ‘ടെൽ അവീവ്’ ആണ് മൊസാദിന്റെ ആസ്ഥാനം. ഏത് ലോക രാജ്യങ്ങളിലെയും രഹസ്യങ്ങൾ ചികഞ്ഞെടുക്കുവാനുള്ള പ്രത്യേക കഴിവ് മൊസാദുകൾക്ക് ഉണ്ട്. ഏറ്റെടുത്ത ജോലി തീർത്തും കൃത്യതയോടെ ചെയ്തു തീർക്കുന്ന കൂട്ടരാണ് ഇവർ. ഇസ്രായേൽ എന്ന രാജ്യത്തിന്റെ മൊത്തം സുരക്ഷ ഇവരുടെ കൈകളിൽ ഭദ്രമാണ്.

               മൊസാദിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് പോലും അതീവ രഹസ്യമായിട്ടാണ്. പൊതുവെ ബുദ്ധി സാമർഥ്യക്കാരായ ജൂതന്മാരിൽ നിന്നും, ഏറ്റവും കഴിവുറ്റവരെയാണ് മൊസാദിലേക്ക് തിരഞ്ഞെടുക്കുന്നത്. കൂട്ടത്തിൽ ഒരാൾ ഒറ്റുകാരൻ ആണെന്ന് കണ്ടെത്തുകയാണെങ്കിൽ മരണം സുനിശ്ചിതമായിരിക്കും. അതാണ് മൊസാദിന്റെ നയം. സഖ്യ രാജ്യങ്ങളിൽ വെച്ച് വധം നടത്തുവാൻ നൽകപ്പെട്ടിരിക്കുന്ന അധികാരമാണ് മൊസാദിനെ മറ്റൊരു രീതിയിൽ വ്യത്യസ്തമാക്കുന്നത്. എന്നാൽ ജൂതന്മാരെ ഒരു കാരണവശാലും കൊല്ലുവാൻ പാടുള്ളതല്ല എന്ന നിയന്ത്രണവും മൊസാദിനുണ്ട്.  ലോകത്ത് അന്റാർട്ടിക്ക ഒഴികെ ബാക്കി എല്ലാ രാജ്യങ്ങളിലും മൊസാദിന്റെ ചാരന്മാർ പ്രവർത്തനം അനുഷ്ഠിക്കുന്നു എന്നാണ് ഇസ്രായേലിന്റെ വാദം. 

               ഏറ്റെടുത്ത ദൗത്യം വിജയകരമായി നടത്തുന്ന മൊസാദിന്റെ സ്വഭാവം ലോക പ്രശസ്തമാണ്. അതിൽ എടുത്ത് പറയേണ്ട ഒരു ഉദാഹരണമാണ് 1966 ൽ ഇസ്രായേൽ നടപ്പിലാക്കിയ ‘ഓപ്പറേഷൻ ഡയമണ്ട്’. അക്കാലത്തു സോവിയറ്റ് നിർമ്മിതമായ മിഗ് 21 ഫൈറ്റർ വിമാനം പടിഞ്ഞാറൻ രാജ്യങ്ങൾക്ക് ലഭ്യമായിരുന്നില്ല. എന്നാൽ അത്രയും കരുത്തുള്ള ഒരു കൂറ്റൻ വിമാനം തങ്ങളുടെ സേനയ്ക്ക് ഏറ്റവും വലിയ ഒരു മുതൽ കൂട്ട് ആണ് എന്ന് മനസ്സിലാക്കിയ ഇസ്രായേൽ, തങ്ങൾക്ക് നൽകാതിരുന്ന ആ യുദ്ധ വിമാനം അങ്ങ് എടുക്കുവാൻ തന്നെ തീരുമാനിച്ചു. അതായത് ഇറാക്കിൽ നിന്നും അത് മോഷ്ടിച്ചുകൊണ്ട് വരിക. കാര്യം അത്ര നിസ്സാരമൊന്നും അല്ല. ഒരു രാജ്യത്ത് കയറി, ആ നാട്ടിൽ ഏറ്റവും സുരക്ഷയോടെ സംരക്ഷിച്ചു പോകുന്ന യുദ്ധ വിമാനം കടത്തിക്കൊണ്ട് വരിക എന്നതിലെ അപായ സാധ്യത എത്രയാണെന്ന് ഊഹിക്കാവുന്നതേ ഉള്ളു. എന്നാൽ മുന്നോട്ട് വെച്ച കാൽ പിറകിലേക്ക് എടുക്കുന്ന ശീലം മൊസാദിന് ഇല്ലായിരുന്നു. സധൈര്യം അവർ ആ ദൗത്യം ഏറ്റെടുത്തു. എന്നാൽ ഇതിന് വേണ്ടി മൊസാദ് നടത്തിയ ആദ്യ ശ്രമം തീർത്തും ഒരു പരാജയം ആയിരുന്നു. അതിൽ മൊസാദിന് നഷ്ടപ്പെടുത്തേണ്ടി വന്നത് 3 മൊസാദ് ചാരന്മാരുടെ ജീവൻ ആയിരുന്നു. വിമാനം കടത്തിക്കൊണ്ട് പോകുവാനായി പത്തു ലക്ഷം ഡോളർ വാഗ്ദാനം നൽകി അവർ വിലയ്‌ക്കെടുത്ത ഈജിപ്ത്യൻ പൈലറ്റ് മൊസാദുകളെ ഒറ്റുകയായിരുന്നു.

                ഈ ഒരു ലക്ഷ്യത്തിന് വേണ്ടി വീണ്ടും ഒരു ജീവൻ കൂടി ബലി നൽകുവാൻ മൊസാദുകൾ തയ്യാറല്ലായിരുന്നു. അതിനാൽ തക്ക സമയത്തിന് വേണ്ടി അവർ കാത്തിരുന്നു. 1964 ൽ ആയിരുന്നു മൊസാദ് തങ്ങളുടെ രണ്ടാമത്തെ ശ്രമം ആരംഭിച്ചത്. യാക്കോവ് നിമ്രോദി എന്ന ഇറാക്കിലെ മൊസാദ് ചാരൻ, തന്റെ പരിചയത്തിലുള്ള ഒരു ഇറാക്കി ജൂതനായ യൂസഫ് സാമേഷ് എന്ന ആളെ മുൻ നിർത്തി ആയിരുന്നു ഈ ദൗത്യം നടത്തി എടുത്തത്. യൂസഫിന്റെ കാമുകിയുടെ സഹോദരി ഭർത്താവും, ഇറാക്കി പൈലറ്റുമായ മുനീർ റഫ്ത്തയുടെ സഹായത്തോടെ വിമാനം കടത്തുവാനായിരുന്നു പദ്ധതി.  ഒരു ക്രൈസ്തവൻ ആയി പോയതിന്റെ പേരിൽ മുനീറിന് സൈന്യത്തിൽ നിരവധി ചൂഷണങ്ങൾക്ക് ഇരയാകേണ്ടി വന്നിരുന്നു. അങ്ങനെ തന്റെ ജോലിയിൽ മുനീർ തീർത്തും മടുപ്പ് ഉളവായി നിന്ന വേളയിൽ ആയിരുന്നു ഇസ്രായേൽ അദ്ദേഹത്തെ സമീപിക്കുന്നത്. ഈ ഒരു പ്രവൃത്തി ചെയ്താൽ പിന്നീട് ഒരു രാജ്യവും തനിക്ക് ആശ്രയം തരികയില്ല എന്ന മുനീറിന്റെ വേവലാതിക്ക് ഇസ്രായേൽ നിഷ്പ്രയാസം പരിഹാരം കണ്ടെത്തി. ആജീവനാന്ത കാലം മുനീറിനും കുടുംബത്തിനും സകല സൗകര്യങ്ങളും നൽകി ഇസ്രായേലിൽ തങ്ങൾ സംരക്ഷിച്ചുകൊള്ളാം എന്ന് മൊസാദ് മുനീറിന് വാക്ക് നൽകി. അത് പ്രകാരം മുനീർ നേരത്തെ തന്നെ കുടുംബത്തെ ഇസ്രായേലിലേക്ക് അയച്ചു. മാത്രമല്ല മിഗ് 21 പറന്നിറങ്ങേണ്ട എയർ പോർട്ടിനെ കുറിച്ചും, പോകേണ്ട റൂട്ടിനെ കുറിച്ചും, മറ്റ് കോഡ് ഭാഷകളുമെല്ലാം മുനീർ നന്നായി ഹൃദിസ്ഥമാക്കി. ഒടുവിൽ 1966 ഓഗസ്റ്റ് 16 ന് അത് സംഭവിച്ചു. ഇറാക്കിൽ നിന്നും മുനീർ മിഗ് 21 ഫൈറ്റർ വിമാനവുമായി കടന്ന് ഇസ്രായേൽ അതിർത്തിക്കുള്ളിൽ കയറി. അങ്ങനെ ആ ദൗത്യം മൊസാദ് വിജയിച്ചു. മാത്രമല്ല മിഗ് 21 പറപ്പിക്കുവാൻ, മുനീർ ഇസ്രായേൽ പൈലറ്റിന് പരിശീലനം നൽകുകയും ചെയ്തു. മുനീറിന് നൽകിയ വാക്ക് പോലെ തന്നെ അദ്ദേഹത്തിന് സകല സൗകര്യങ്ങളും ഇസ്രായേൽ അവിടെ നൽകുകയും ചെയ്തു.   

               മൊസാദിന്റെ പകയും ലോക പ്രസിദ്ധമാണ്. അനേകായിരം ജൂതന്മാരെ ക്രൂരമായി പീഡിപ്പിച്ചു ലോകത്ത് നിന്നും ഉന്മൂലനം ചെയ്ത വ്യക്തിയാണ് ഹിറ്റ്ലർ. അന്ന് ഹിറ്റ്ലറുടെ സഹായി ആയി നിന്നിരുന്ന ഒരു പോലീസ് മേധാവി ഉണ്ടായിരുന്നു. അഡോൾഫ് എയ്ക്ക്മാൻ. ഇസ്രായേൽ രൂപീകൃതമായതിന് ശേഷം മൊസാദിനെ പേടിച്ചു ഒളിവിൽ കഴിയുകയായിരുന്നു അഡോൾഫ്. എന്നാൽ അടിക്ക് തിരിച്ചടി എന്ന നയം പിന്തുടർന്ന് വന്ന മൊസാദ് ഒടുവിൽ അർജന്റീനയിൽ ഒളിവിൽ കഴിഞ്ഞിരുന്ന അഡോൾഫിനെ കണ്ടെത്തി. 1960 മെയ്‌ 11 ന് അവർ അഡോൾഫിനെ അർജന്റീനയിൽ നിന്നും രഹസ്യമായി പിടികൂടി. ശേഷം അർജന്റീനയുടെ സ്വാതന്ത്ര്യദിന ആഘോഷത്തിന് ക്ഷണിക്കപ്പെട്ട ഇസ്രായേൽ സംഘം തിരിച്ചു പോന്നപ്പോൾ, മയക്കു മരുന്ന് നൽകി ബോധ രഹിതനാക്കി കിടത്തിയിരുന്ന അഡോൾഫിനെ തങ്ങളുടെ കൂട്ടത്തിലെ ഒരു അംഗം എന്ന പേരിൽ അവർ അർജന്റീനയിൽ നിന്നും കടത്തി. അവസാനം അന്നത്തെ ഇസ്രായേൽ പ്രധാന മന്ത്രി ഡേവിഡ് ബെംഗൂറിയൻ പത്ര സമ്മേളനം വിളിച്ചു കൂട്ടി വിവരം പരസ്യമാക്കിയപ്പോൾ ആണ്, അർജന്റീന പോലും ഈ കാര്യം അറിയുന്നത്. ശേഷം ഇയാളെ വിചാരണ ചെയ്ത് തൂക്കിലേറ്റുകയായിരുന്നു. വേണമെങ്കിൽ മൊസാദിന് അർജന്റീനയിൽ വച്ച് തന്നെ അഡോൾഫിനെ വധിക്കാമായിരുന്നു. എന്നാൽ ജൂതന്മാരോട് ഇത്രയും ക്രൂരത കാണിച്ച അഡോൾഫിനെ, ജൂതന്മാരുടെ മണ്ണിൽ കൊണ്ട് വന്ന്, ചെയ്ത തെറ്റുകൾ ഏറ്റ് പറയിപ്പിച്ചു, അവരുടെ മുന്നിൽ വെച്ച് തന്നെ വധ ശിക്ഷ നടത്തുക എന്ന പ്രതികാര മുറ ആയിരുന്നു ഇസ്രായേൽ തിരഞ്ഞെടുത്തത്. 

               ഇതൊന്നും അല്ല, മൊസാദിന്റെ ധീര ചരിത്രങ്ങൾ പറയുവാൻ ആണെങ്കിൽ ഏറെ. 1972 ൽ പടിഞ്ഞാറൻ ജർമ്മനിയിലെ മ്യൂണിക്ക് ഒളിമ്പിക്സിൽ പങ്കെടുക്കുവാൻ വന്ന ഇസ്രായേൽ മത്സരാർത്ഥികളെ ‘ബ്ലാക്ക് സെപ്റ്റംബർ’ എന്ന തീവ്രവാദി സംഘം ആക്രമിക്കുകയും, ഇവരെ ബന്ദിയാക്കി വെയ്ക്കുകയും, കൂട്ടത്തിലുള്ള ഒരു കോച്ചിനെ വധിക്കുകയും ചെയ്തു. ഇസ്രായേലിലെയും, ജർമ്മനിയിലെയും ജയിലുകളിലുള്ള മത തീവ്രവാദികളെ മോചിപ്പിക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. എന്നാൽ ഇരു രാജ്യങ്ങളും അതിനു തയ്യാറായില്ല. ജർമ്മനിയിൽ ഒരു സൈനിക നീക്കം തങ്ങൾ നടത്താം എന്ന ഇസ്രയേലിന്റെ അഭിപ്രായം തള്ളി ജർമൻ സൈന്യം അവരെ ആക്രമിച്ചു. എന്നാൽ ഈ ആക്രമണം, ബന്ദിയാക്കി വച്ചിരുന്ന ജൂതന്മാരുടെ മരണത്തിൽ ആയിരുന്നു കലാശിച്ചത്. ഇത് ഇസ്രയേലിനെ വളരെ അധികം ചൊടിപ്പിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ച ഓരോ തീവ്രവാദികളെയും മൊസാദ് ഒന്നൊന്നായി കണ്ട് പിടിച്ചു വക വരുത്തി. ഈ ഒരു ഓപ്പറേഷൻ നീണ്ടു നിന്നത് ഏകദേശം 5 വർഷ കാലമാണ് .

                ഇങ്ങനെ മൊസാദ് നടത്തിയ പ്രവർത്തനങ്ങൾ എണ്ണമറ്റതാണ്.  ഇന്ത്യയുമായും, ഇന്ത്യയുടെ രഹസ്യ അന്വേഷണ ഏജൻസി ആയ റോ(R.A.W) ആയും ഇസ്രായേൽ വളരെ നല്ലൊരു ബന്ധം വച്ചു പുലർത്തുന്നു. പാകിസ്താനെ മുൻ നിർത്തി ചൈന ഇന്ത്യയെ ആക്രമിക്കുവാൻ ശ്രമിച്ച പദ്ധതി തകർത്തു കളഞ്ഞത് മൊസാദ് ആയിരുന്നു. ഇന്ത്യയേ ചൈന ഭയക്കുന്ന ഒരു പ്രധാന കാരണമാണ് ഇന്ത്യയ്ക്ക് ഒപ്പം നിൽക്കുന്ന മൊസാദ്.  ഏകദേശം 3 ബില്യൺ യു.എസ് ഡോളറാണ് മൊസാദിന് വേണ്ടി ഒരു വർഷം ഇസ്രായേൽ മാറ്റി വെയ്ക്കുന്നത്. നിലവിൽ യോസി കോഹെൻ ആണ് മൊസാദിന്റെ ഡയറക്ടർ ജനറൽ. ലോകത്ത് ഇന്ന് വരെ മൊസാദിന്റെ ബുദ്ധിയെയും, ശക്തിയെയും കടത്തി വെട്ടുന്ന മറ്റൊരു ചാര സംഘടന ഇല്ലന്ന് തന്നെ പറയാം. തീർത്തും ഇസ്രായേൽ എന്ന രാജ്യത്തിന്റെ നട്ടെല്ല് തന്നെയാണ് മൊസാദ്. 

Read alsoമുകേഷ് അംബാനി ലോകസമ്പന്നരിലെ ആറാമൻ

തിരിച്ചടവ് ഇല്ലാത്ത 50000 രൂപ ധനസഹായം

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2

              

Ad Widget
Ad Widget

Recommended For You

About the Author: admin

Close