മുറ്റത്തെ മുല്ലക്ക് പണമുണ്ട്


Spread the love

പൂക്കളുടെ ലോകത്ത് എത്രയെത്ര പൂക്കൾ വന്നു പോയാലും പൂക്കളുടെ റാണി പട്ടം വിട്ടുകൊടുക്കാൻ മുല്ലപ്പൂ അനുവദിച്ചിട്ടില്ല. മുല്ലയുടെ ശുഭ്രതയും ഹൃദ്യമായ നറുമണവും ഇല്ലാത്ത ധന്യ മുഹൂർത്തങ്ങൾ ഒന്നും തന്നെ നമ്മുടെ ഇടയിൽ ഇല്ല എന്ന് പറയാം. എത്ര പൂക്കൾ ഉണ്ടെങ്കിലും മലയാളി പെണ്ണിന് കാർകൂന്തൽ അണിയിച്ചൊരുക്കാൻ മുല്ലപ്പൂ തന്നെ വേണം. പുഷ്പം എന്നതിനപ്പുറം വിലപിടിപ്പുള്ള സുഗന്ധതൈലം കൂടി നിർമ്മിക്കാൻ മുല്ലപ്പൂ ഉപയോഗിക്കുന്നു. സോപ്പ്, പെർഫ്യൂം, ചന്ദന തിരി തുടങ്ങിയവയുടെ സുഗന്ധത്തിനു കാരണം ഈ മുല്ലപ്പൂ തൈലം തന്നെ.

സത്യത്തിൽ ഒന്ന് മനസ്സ് വെച്ചാൽ പൊന്നു വിളയിക്കാവുന്ന ഒരു ബിസിനസ് ആണ് മുല്ലപ്പൂ കൃഷി.കുറച്ച് സ്ഥലവും അല്പം ശ്രദ്ധയും മാത്രം മതി മുല്ലപ്പൂ വളർത്താൻ. ഗ്രാമങ്ങളിൽ വീട്ടുമുറ്റത്തും നഗരങ്ങളിലെ ടെറസിലും ഒരുപോലെ വളർത്താവുന്നതാണ് മുല്ലച്ചെടി. കുറ്റിച്ചെടിയായും വള്ളിച്ചെടിയായും വളരുന്ന മുല്ല ഏതാണ്ട് ഇരുനൂറോളം വിഭാഗങ്ങളിലായുണ്ട്. ഇതിൽ 40 ഓളം ഇനങ്ങൾ ഇന്ത്യയിലുണ്ട്. കൃഷിക്കായി ഉപയോഗിക്കുന്നത് അറേബ്യൻ ജാസ്മിൻ എന്ന ഇനമാണ്. ഗുണ്ടു മല്ലി, രാമനാഥപുരം, കസ്തൂരി മല്ലിക, സൂചി മല്ലി, ഇരുവാച്ചി തുടങ്ങിയവയെല്ലാം വളരെ പ്രസിദ്ധമായ പ്രിയപ്പെട്ട ഇനങ്ങൾ തന്നെ. നമ്മുടെ നാട്ടിൽ സാധാരണ കാണപ്പെടുന്ന നിത്യമുല്ലയും കുടമുല്ലയും സുഗന്ധത്താൽ നമുക്കു പ്രിയപെട്ടവയാണ്. പിച്ചകം അഥവാ പിച്ചി എന്നറിയപ്പെടുന്ന ഏറെ സുഗന്ധമുള്ള ജാസ്‌മിനം ഗ്രാൻഡിഫ്‌ളോറ അഥവാ സ്പാനിഷ് ജാസ്മിൻ,ഫ്രഞ്ച് ജാസ്മിൻ എന്ന പേരിൽ അറിയപ്പെടുന്ന ഇനമാണ് സുഗന്ധതൈലം നിർമ്മാണത്തിനായി കൂടുതലായി ഉപയോഗിക്കുന്നത്.

 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

മുല്ല വളർത്താൻ സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ സ്ഥലം ആണ് അനുയോജ്യം.ധാരാളം വെള്ളവും ആവശ്യമാണ്. നല്ല നീർവാർച്ചയുള്ള പശിമരാശി മണ്ണാണ് കൃഷിക്ക് അനുയോജ്യം.വേര് അല്ലെങ്കിൽ കൊമ്പ് നടാനായി ഉപയോഗിക്കാം. ഒരു സെന്റ് സ്ഥലത്ത് ഏതാണ്ട് മുപ്പതോളം വേരുകൾ നടാം. നന്നായി കിളച്ച മണ്ണിൽ,മണൽ,ചാണകപ്പൊടി എന്നിവ ചേർത്ത് നിലമൊരുക്കാം.കുറ്റിച്ചെടി ആയതിനാൽ ആഴത്തിലുള്ള കുഴി എടുക്കണം.ഒന്നര അടി നീളവും വീതിയും ആഴവുമുള്ള കുഴികൾ നാലടി അകലത്തിൽ എടുത്ത് വേരുകൾ പിടിച്ച കമ്പുകൾ നടാം.1 ഗ്രാം ഇൻഡോൾ ബുട്ടറിക് ആസിഡ്എന്ന ഹോർമോൺ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അതിൽ കമ്പുകൾ മുക്കി വെച്ചു നട്ടാൽ നന്നായി വേരു പിടിക്കും. മൂന്നുമുതൽ ആറുമാസം പ്രായമുള്ള വേരു പിടിപ്പിച്ച കമ്പുകൾ ആണ് നടാൻ നല്ലത്. മെയ്-ജൂൺ മാസങ്ങളാണ് മുല്ല നടാൻ അനുയോജ്യമായ മാസങ്ങൾ.വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നിവ വളമായി ഉപയോഗിക്കാം. ജൈവവളമാണ് ഏറ്റവും നല്ലത്. ചെടിയുടെ ചുറ്റും മണ്ണിളക്കി ജൈവവളം ചേർത്ത് കൊടുക്കണം. കുറ്റിമുല്ലയിൽ എപ്പോഴും പൂമൊട്ടുണ്ടാകുന്നതിനാൽ വളപ്രയോഗം എപ്പോഴും ആവശ്യമാണ്.

അതുപോലെ പ്രാധാന്യമർഹിക്കുന്നതാണ് ‘പ്രൂണിങ്’അഥവാ ‘കൊമ്പുകോതൽ’. പുതിയ കമ്പുകളിൽ എപ്പോഴും മുല്ലമൊട്ടുകൾ ഉണ്ടായിക്കൊണ്ടിരിക്കും എന്നതിനാൽ പൂ ഉണ്ടായിക്കഴിഞ്ഞ കമ്പുകൾ, ഉണങ്ങിയ, ആരോഗ്യമില്ലാത്ത കൊമ്പുകൾ, എല്ലാം വെട്ടി കളഞ്ഞു കൊണ്ടേയിരിക്കണം.കേരളത്തിലെ കാലാവസ്ഥ അനുസരിച്ച് ജൂൺ-ജൂലൈ മാസങ്ങളിൽ നന്നായി വെട്ടി നിർത്തി സെപ്റ്റംബറിൽ പ്രൂണിങ് നടത്തുന്നതാണ് കൂടുതൽ നല്ലത്.കമ്പുകൾ മുറിച്ച് മാറ്റിയ ഭാഗത്തു കുമിൾനാശിനി ഉപയോഗിക്കുന്നത് രോഗബാധ തടയാൻ സഹായിക്കും.അതോടൊപ്പം കൃഷിയിടങ്ങളിലെ കളകൾ യഥാസമയം പറിച്ചു കളയുകയും നല്ല രീതിയിലുള്ള ജലസേചനം നൽകുകയും വേണം.

ചെടി നട്ട് ആറു മാസത്തിനുള്ളിൽ ചെടികൾ പൂക്കാൻ തുടങ്ങും. മൂന്നുമാസക്കാലം കഴിഞ്ഞു ഉണ്ടാക്കുന്ന പൂക്കൾ പൊട്ടിച്ച് കളയുന്നതാണ് നല്ലത്.ധാരാളം ശിഖരങ്ങൾ ഉണ്ടാകാനും നന്നായി വളർന്ന് മുല്ലമൊട്ടുകളുടെ ഉത്പാദനം കൂടാനും അതാണ് നല്ലത്.തണുപ്പുകാലത്തും മഴക്കാലത്തും പൂക്കൾ കുറവായിരിക്കുമെങ്കിലും വർഷം മുഴുവൻ കുറ്റിമുല്ല പൂക്കൾ നൽകും.പൂക്കളുടെ മാർക്കറ്റ്, ആവശ്യകത നോക്കിയാണ് അത് പറിക്കേണ്ട സമയം നിശ്ചയിക്കേണ്ടത്. മാല കെട്ടാനും തലയിൽ ചൂടാനും മുല്ലമൊട്ടുകൾ ഉപയോഗിക്കുമ്പോൾ സുഗന്ധ തൈല നിർമാണത്തിന് നന്നായി വിരിഞ്ഞ മുല്ലപ്പൂക്കളാണ് വേണ്ടത്.വൈകും തോറും തൈലത്തിന്റെ അളവ് കുറയും എന്നതിനാൽ രാവിലെ തന്നെ സുഗന്ധതൈല നിർമാണത്തിനുള്ള പൂക്കൾ പറിക്കണം.

ഒരു ചെടിയിൽ നിന്ന് ഒരു വർഷം 1 മുതൽ 1.25കിലോ വരെ പൂമൊട്ടുകൾ ലഭിക്കും. പരിചരണം അനുസരിച്ച് ഏറ്റക്കുറച്ചിൽ വരാം.ഇവ കടലാസ് ബോക്സുകളിൽ നിറച്ചു അവശ്യ സ്ഥലത്ത് എത്തിക്കാം. ഇവന്റ് മാനേജ്മെന്റ് പോലെയുള്ള ഏജൻസികളുമായോ ഏജന്റുമാരുമായോ ബന്ധപ്പെട്ടാൽ എപ്പോഴും ഓർഡർ ലഭിച്ചു കൊണ്ടിരിക്കും.അത് പോലെ കുടുംബശ്രീ, മറ്റ് സ്വയം തൊഴിൽ സംരംഭകരുടെ സഹായത്തോടെ എളുപ്പത്തിൽ മുല്ലപ്പൂക്കൾ വിപണിയിലെത്തിക്കാം. സീസൺ അനുസരിച്ച് കിലോക്ക് 300 മുതൽ 600 രൂപ വരെ ലഭിക്കുന്ന മുല്ലപ്പൂ, വർഷം മുഴുവൻ ആദായം നൽകും.

Ad Widget
Ad Widget

Recommended For You

About the Author: admin

Close