
കൊല്ലം:വാക്ക് തർക്കത്തെ തുടർന്നു യുവാവിനെ തടഞ്ഞു നിർത്തി കൊലപ്പെടുത്തി.
ശക്തികുളങ്ങര മരുത്തടി ഓംചേരി കിഴക്കതിൽ വിഷ്ണു (കുക്കു–29) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു കാവനാട് മാർക്കറ്റിൽ ഇറച്ചി വ്യാപാരം
നടത്തുന്ന തമിഴ്നാട് മധുര സ്വദേശി പ്രകാശ് (42), മകൻ രാജപാണ്ഡ്യൻ (19) എന്നിവരെ അറസ്റ്റ് ചെയ്തു.ഓട്ടോ തൊഴിലാളിയാണ് കൊല്ലപ്പെട്ട വിഷ്ണു.
ഇന്നലെ ഉച്ചയ്ക്ക്12.45നു കാവനാട് ജവാൻ മുക്കിനു സമീപം ആയിരുന്നു സംഭവം. രാവിലെ ഒൻപതരയോടെ വിഷ്ണു ബൈക്കിൽ വരുമ്പോൾ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ എതിർദിശയിൽ വന്ന പ്രകാശിന്റെ ബൈക്കിൽ തട്ടി എന്ന കാരണത്തെ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രകോപിതനായ പ്രകാശ് സമീപത്തെ കടയിൽ നിന്നുനിന്നു സോഡാക്കുപ്പിയെടുത്തു പൊട്ടിച്ചു കുത്താൻ ശ്രമിച്ചു. എന്നാൽ നാട്ടുകാർ കൂടിയതോടെ ഇരുവരും പിരിഞ്ഞു പോവുകയായിരുന്നു. തുടർന്ന് പ്രകാശൻ വീട്ടിലെത്തി കത്തിയെടുത്തു മകനെയും കൂട്ടി ബൈക്കിൽ വിഷ്ണുവിനെ തിരക്കിയി റങ്ങി.ജവാൻ മുക്കിനു സമീപം വിഷ്ണുവിന്റെ ബൈക്ക് തടഞ്ഞു നിർത്തിയശേഷം കുത്തിവീഴ്ത്തുകയായിരുന്നു. പൊലീസ് എത്തി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ഓട്ടോറിക്ഷ തൊഴിലാളിയാണ് വിഷ്ണു. സംസ്കാരം ഇന്ന്. ഭാര്യ: അശ്വതി. മകൻ: ആദിത്യൻ