
തിരുവനന്തപുരം: മുട്ടിൽ ഇൽ മരംമുറിക്കൽ ഉത്തരവ് സദുദ്ദേശത്തോടെയായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദ ഉത്തരവിന് പുറകിലെ ഗൂഡസംഘത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
രണ്ട് വകുപ്പുകളും രണ്ടു വകുപ്പുമന്ത്രിമാരും യോഗം ചേർന്നെടുത്ത തീരുമാനത്തിന്റെ ഭാഗമായുണ്ടായ ഉത്തരവ് മുഖ്യമന്ത്രി കണ്ടിട്ടുണ്ടോ? നിയമവകുപ്പ് പരിശോധിച്ചിട്ടുണ്ടോ? മന്ത്രിസഭയുടെയോ എൽ ഡി എഫിന്റെയോ അനുമതിയുണ്ടായിട്ടുണ്ടോ? സി.പി.എം, സി.പി.ഐ പാർട്ടി നേതൃത്വം അറിഞ്ഞിട്ടുണ്ടോ എന്നെല്ലാം വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
എട്ട് ജില്ലകളിലായി കേരളം കണ്ട ഏറ്റവും വലിയ വനം കൊള്ളയാണ് നടന്നിരിക്കുന്നത്. വ്യാപകമായ വനം കൊള്ളയെകുറിച്ച് ജൂഡീഷ്യൽ അന്വേഷണം നടത്തണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
വനം മന്ത്രിയും റവന്യു മന്ത്രിയും കാര്യങ്ങൾ മറച്ചുവയ്ക്കുകയാണ്.
1964 ലെയും 2005 ലെയും നിയമങ്ങൾ വളച്ചൊടിച്ചും പ്രധാന ഭാഗങ്ങൾ മറച്ചുവച്ചുമാണ് ഉത്തരവിറക്കിയിരിക്കുന്നതെന്നും. വനം കൊള്ള നടന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് വനം വകുപ്പും റവന്യുവകുപ്പും ഒഴിഞ്ഞുമാറുകയാണെന്നും പട്ടയം നൽകുമ്പോഴുള്ള ഭൂമിയിലെ മരങ്ങൾ സർക്കാരിൽ നിക്ഷിപ്തമാണെന്നും അദ്ദേഹം പറഞ്ഞു.