
മട്ടൺ ഏവരുടെയും ഇഷ്ട വിഭവം ആണ്. എന്നാൽ മട്ടൺ ബ്രെയിനിന്റെ രുചി അറിഞ്ഞിട്ടുള്ളവർ വിരളം ആയിരിക്കും. രുചിയിൽ മട്ടണിന്റെ മാംസത്തേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്ന മട്ടൺ ബ്രെയിൻ എല്ലാവരും തീർച്ചയായും കഴിച്ചു നോക്കേണ്ട ഒരു വിഭവം തന്നെ ആണ്. നല്ല സ്വാദിഷ്ടമായ മട്ടൺ ബ്രെയിൻ വരട്ടിയത് വീട്ടിൽ തന്നെ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
മട്ടൺ ബ്രെയിൻ: 300 ഗ്രാം
മുളക് പൊടി: 1 tsp
കുരുമുളക് പൊടി: 1 ½ tsp
മഞ്ഞൾ പൊടി: ½ tsp
മട്ടൺ മസാല: 1 tsp
പെരുംജീരക പൊടി: ¼ tsp
സവാള: 2 എണ്ണം
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്: 2 ടേബിൾ സ്പൂൺ
പച്ച മുളക്: 3 എണ്ണം
കറിവേപ്പില: 1 തണ്ട്
എണ്ണ: ആവശ്യത്തിന്
ഉപ്പ്: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യമായി മട്ടൺ ബ്രെയിൻ നല്ലത് പോലെ കഴുകി വൃത്തിയാക്കി എടുക്കുക. 4 മുതൽ 5 വെള്ളത്തിൽ വരെ വൃത്തി ആയി കഴുകി എടുക്കേണ്ടതാണ്. കഴുകി എടുത്ത മട്ടൺ ബ്രെയിനിലേക്ക് 1 tsp കുരുമുളക് പൊടി, ½ tsp മട്ടൺ മസാല, ¼ tsp മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലത് പോലെ കൈ കൊണ്ട് യോജിപ്പിച്ചു എടുക്കുക. ശേഷം മസാല നല്ലത് പോലെ പിടിച്ചു വരുവാനായി ½ മണിക്കൂർ നേരത്തേക്ക് മാറ്റി വെയ്ക്കുക.
അര മണിക്കൂറിന് ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ 2 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാള ചേർത്ത് കൊടുക്കുക. സവാള ഇളം തവിട്ട് നിറം ആകുന്നത് വരെ വഴറ്റി എടുക്കുക. ശേഷം ഇതിലേക്ക് 2 ടേബിൾ സ്പൂൺ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ചേർത്ത് മൂപ്പിച്ചു എടുക്കുക. കൂട്ട് നല്ലത് പോലെ വരണ്ട് വന്നതിന് ശേഷം 3 പച്ച മുളക് കീറിയത്, 2 തണ്ട് കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. അടുത്തതായി ഈ കൂട്ടിലേക്ക് 1 tsp മുളക് പൊടി, ¼ tsp പെരും ജീരക പൊടി എന്നിവ ചേർത്ത് പച്ച മണം മാറുന്നത് വരെ ഇളക്കി ചേർക്കുക. ശേഷം ½ കപ്പ് വെള്ളം ചേർത്ത്, കൂട്ട് തിളച്ചു വരുമ്പോൾ മസാല പുരട്ടി വെച്ചിരിക്കുന്ന മട്ടൺ ബ്രെയിൻ കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇവയെല്ലാം നല്ലത് പോലെ ഇളക്കി യോജിപ്പിച്ചതിന് ശേഷം 10 മിനുട്ട് നേരത്തേക്ക് ചെറു തീയിൽ അടച്ചു വെച്ച് വേവിച്ചു എടുക്കുക. 10 മിനുട്ടിന് ശേഷം 1 നുള്ള് കുരുമുളക് പൊടി കൂടി മുകളിൽ വിതറി നല്ല ഡ്രൈ ആക്കി എടുത്തതിനു ശേഷം തീ ഓഫ് ചെയ്യുക. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കുവാൻ കഴിയുന്ന ഈ വിഭവം രുചികരം മാത്രമല്ല, ആരോഗ്യപ്രദവും കൂടി ആണ്. കുട്ടികൾക്കും, മുതിർന്നവർക്കും എല്ലാം ഒരു പോലെ ഇഷ്ടമാകുന്ന മട്ടൺ ബ്രെയിൻ വരട്ടിയത് എല്ലാവരും തീർച്ചയായും പാകം ചെയ്ത് നോക്കുക.
കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttp://bit.ly/3qKLVbK