മുയൽകൃഷിയിലൂടെ വരുമാനം നേടാം


Spread the love

കുറഞ്ഞ സ്ഥല പരിമിതിയും കൂടുതൽ ആദായവും ആഗ്രഹിക്കുന്ന ആർക്കും ധൈര്യമായി പരീക്ഷിക്കാവുന്നതാണ് മുയൽ വളർത്തൽ. പ്രധാനമായും ഇറച്ചിക്കും തോലിനും വേണ്ടിയാണു മുയലിനെ വളർത്താറ്.വെളുത്ത മാംസ ഗണത്തിൽ പെടുന്ന മുയലിറച്ചിയിൽ മറ്റ് മാംസങ്ങളെ അപേക്ഷിച്ച് കൊളസ്‌ട്രോളിന്റെ അളവ് വളരെ കുറവാണ്.അതിനാൽ കൊളെസ്ട്രോളുള്ളവർക്കും ഹൃദ്രോഗികൾക്കും ധൈര്യമായി കഴിക്കാം. ഇത് കൂടാതെ പ്രോടീൻ, വിറ്റാമിൻ ബി6,വിറ്റാമിൻ ബി12, ഫോസ്ഫറസ് എന്നിവയും മുയലിറച്ചിയിലുണ്ട്.

ഉയർന്ന രോഗ പ്രതിരോധശേഷി,കുറഞ്ഞ ഗർഭകാലം,കൂടിയ വളർച്ചാനിരക്ക്,പ്രജനന ക്ഷമത എന്നിവ മുയലിന്റെ പ്രത്യേകതകളാണ്.ഗ്രാമങ്ങളിലും പട്ടണപ്രദേശങ്ങളിലും മുയലിനെ വളർത്താം.സോവിയറ്റ് ചിഞ്ചില,ഗ്രേ ജയന്റ്,ന്യൂസിലന്റെ വൈറ്റ്,ഡച്ച് എന്നീ ഇനങ്ങളാണ് ഇറച്ചിക്ക് വേണ്ടി വളർത്താൻ ഉപയോഗിക്കുന്നത്.മുയൽ വളർത്തുമ്പോൾ ശാസ്ത്രീയ രീതികൾ അവലംബിക്കുന്നത് കൃഷിയിലെ പരാജയം ഒഴിവാക്കാൻ സഹായിക്കും.

കൂടുകൾ നിർമിക്കുമ്പോൾ ശാന്തമായ, തണലുള്ള തണുപ്പുള്ള സ്ഥലം തിരഞ്ഞെടുക്കുക.സൂര്യപ്രകാശം നേരിട്ട് കൂട്ടിൽ പതിക്കരുത്.വെള്ളം കെട്ടി നിൽക്കാത്ത സ്ഥലമായിരിക്കണം.മറ്റ് ജീവജാലങ്ങളിൽ നിന്നുള്ള ആക്രമണം ഉണ്ടാകാനിട വരരുത്.പാമ്പ്,നായ,മരപ്പട്ടി, മൂങ്ങ എന്നിവ മുയലിന്റെ ശത്രുക്കളാണ്. കൂട് കമ്പിവേലി കൊണ്ടോ,മരം കൊണ്ടോ നിർമിക്കാം.വായുസഞ്ചാരം ഉറപ്പ് വരുത്തണം, എന്നാൽ ഇഴജന്തുക്കൾ പ്രവേശിക്കുകയുമരുത്.തറ നിരപ്പിൽ നിന്നുയർന്ന് വിസർജ്യവസ്തുക്കൾ എളുപ്പത്തിൽ താഴേക്കു പോകുന്ന രീതിയിൽ വേണം കൂടുകൾ നിർമിക്കാൻ. കൂട് എപ്പോഴും കഴുകി വൃത്തിയാക്കുകയും മലിനജലം കെട്ടി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. കൂട്ടിൽ എപ്പോഴും ശുദ്ധജലം ലഭ്യമാക്കണം.മൺചട്ടികളോ, പ്ലാസ്റ്റിക് ബോട്ടിലുകളിൽ ട്യൂബ് ഘടിപ്പിച്ചോ ഉപയോഗിക്കാം.പച്ചപ്പുല്ല്, മുരിക്കില, ക്യാരറ്റ്, കാബേജ്, പച്ചക്കറി അവശിഷ്ടങ്ങൾ എന്നിവ കൂടാതെ സമീകൃത തീറ്റമിശ്രിതവും നൽകാം.

ആൺ മുയലുകളെയും പെൺ മുയലുകളെയും പ്രത്യേകം കൂട്ടിൽ വളർത്തണം.5 പെണ്മുയലുകൾക്കു ഒരു ആൺ മുയൽ എന്ന അനുപാതത്തിൽ ആണ് വളർത്തേണ്ടത്. 8-12മാസം പൂർത്തിയായ ആൺ മുയലിനെയും 6-8മാസമുള്ള പെൺ മുയലുകളെയും ഇണ ചേർക്കാവുന്നതാണ്.28-34 ദിവസങ്ങൾ വരെ ഗർഭകാലമുള്ള പെൺ മുയലിനു പ്രസവിക്കാനായി കൂട്ടിൽ പ്രത്യേക സൗകര്യം ഒരുക്കണം. ഒരു പ്രസവത്തിൽ 6-10കുട്ടികൾ ഉണ്ടാകും. ജനിച്ച ഉടനെ കുഞ്ഞുങ്ങളെ തിന്നുന്ന സ്വഭാവം തള്ള മുയലിനുണ്ടാകാറുണ്ടെങ്കിലും ഗർഭ കാലത്തെ കൃത്യമായ ഭക്ഷണ ക്രമം വഴി ഇതൊഴിവാക്കാവുന്നതാണ്. 4-6 ആഴ്ച കഴിയുമ്പോൾ ഈ മുയൽകുഞ്ഞുങ്ങളെ മാറ്റി പാർപ്പിക്കാവുന്നതാണ്.

1 കിലോ മുയലിറച്ചിക്കു ഏകദേശം 250 രൂപ വിലയുണ്ട്.3-5 മാസം മുതൽ ഇറച്ചിക്കായി ഉപയോഗിക്കുന്ന മുയലിനു ആ പ്രായത്തിൽ ഏകദേശം രണ്ടര കിലോ വരെ തൂക്കമുണ്ടാകും. കൂടാതെ 1 മാസം മുതലുള്ള വളർത്തു മുയലുകൾക്കു ചുരുങ്ങിയത് 500 രൂപ ലഭിക്കും. അംഗോറ എന്ന ഇനമാണ് അലങ്കാര വളർത്തു മുയലായി ഉപയോഗിക്കുന്നത്. വളരെ നീണ്ട രോമങ്ങൾ ഈ ഇനത്തിന്റെ പ്രത്യേകതയാണ്.മുയൽ വളർത്തൽ ആരംഭിച്ചു കഴിഞ്ഞാൽ അഞ്ചാം മാസം മുതൽ വിപണനം നടത്താം. പെണ്മുയൽ ആറാം മാസം മുതൽ പ്രത്യുല്പാദനം നടത്തുകയും വർഷത്തിൽ ഒൻപതു തവണ വരെ പ്രസവിക്കുകയും ചെയ്യും. അതായത് ഒരു പ്രസവം കഴിഞ്ഞാൽ 32 ദിവസത്തിനുള്ളിൽ വീണ്ടും പ്രസവിക്കാനുള്ള കഴിവുണ്ടവക്ക്.

കുറഞ്ഞ ഉല്പാദനവും വർധിച്ച ആവശ്യകതയും ഉള്ള മുയലിന്റെ ഇറച്ചി കൂടാതെ തുകലും സംസ്കരിച്ചു വിപണനം ചെയ്യാം.ആഭ്യന്തര വിപണിയിൽ വൻ മാർക്കറ്റ് ഉള്ള മുയലിറച്ചിയുടെ ഉത്പാദനം കൂട്ടുക എന്ന ഉദ്ദേശത്തോടെ ചില സന്നദ്ധ സംഘടനകൾ മുയൽ കുഞ്ഞുങ്ങൾ, കൂടുകൾ, വിപണന മാർഗങ്ങൾ എന്നിവ ഒരുക്കികൊണ്ട് സംയോജിത മുയൽ വളർത്തൽ പദ്ധതി നടപ്പിലാക്കുന്നുണ്ട്. കൂടാതെ വിവിധ സ്ഥലങ്ങളിലെ കൃഷി വകുപ്പിന്റെ കീഴിൽ മുയൽ വളർത്തലിൽ പരിശീലനവും നൽകുന്നുണ്ട്.

 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close