
ആഫ്രിക്കൻ ജനതയുടെ സ്വാതന്ത്ര്യത്തിനായി തന്റെ ജീവിതം തന്നെ പകരം നൽകിയ വ്യക്തിയായിരുന്നു “നെൽസൺ മണ്ടേല“. തന്റെ 95 വയസ്സ് വരെയുള്ള ജീവിതത്തിനിടയിൽ കാൽ നൂറ്റാണ്ടിലധികം കാലം സ്വന്തം ജനതയെ സ്വതന്ത്രമാക്കി മാറ്റുവാൻ വേണ്ടി കാരാഗ്രഹ വാസം അനുഭവിക്കേണ്ടി വന്ന ദക്ഷിണാഫ്രിക്കൻ ഗാന്ധി. ഒരു ജനതയുടെ മുഴുവൻ സ്വപ്നങ്ങൾക്കും ചിറക് നൽകിയ ആളായിരിന്നു മണ്ടേല. ദക്ഷിണ ആഫ്രിക്കയുടെ വിമോചന നായകൻ. ‘മാഡിബ’ എന്ന് വിളിപ്പേരുള്ള അവരുടെ സ്വന്തം കറുത്ത മുത്ത്! ഏകദേശം 27 വർഷം ആയിരുന്നു തന്റെ ജനതയെ സ്വതന്ത്രമാക്കാൻ വേണ്ടി അദ്ദേഹം ജയിലിൽ ജീവിതം ഹോമിച്ചത്. ശരിക്കും ആ ജനതയുടെ ദൈവം തന്നെ ആയിരുന്നു മണ്ടേല.
1918 ജൂലൈ 18-ന് ദക്ഷിണ ആഫ്രിക്കയിലെ ‘തെമ്പു’ എന്ന ഗോത്ര വർഗ്ഗത്തിലെ ‘മ്വേസോ’ എന്ന രാജ കുടുംബത്തിലായിരുന്നു മണ്ടേലയുടെ ജനനം. അദ്ദേഹത്തിന്റെ മുത്തച്ഛന്റെ പേരായ ‘മണ്ടേല’ എന്ന പേരു തന്നെയാണ് അദ്ദേഹത്തിനും നൽകിയിരുന്നത്. തന്റെ ബാല്യ കാലത്ത് പശുക്കളെ മേച്ചു നടക്കുന്ന ജോലി ആയിരുന്നു അദ്ദേഹം നോക്കിയിരുന്നത്. ഏഴാമത്തെ വയസ്സിൽ മണ്ടേല തന്റെ സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നും ആരും അതുവരെ സ്കൂളിൽ ചേർന്നിരുന്നില്ല. വിദ്യാഭ്യാസ രംഗത്ത് ബ്രിട്ടീഷ്കാരോടുള്ള ചായ്വ് മൂലം, അന്ന് ആഫ്രിക്കയിൽ ഓരോരുത്തരുടെയും പേരിന്റെ കൂടെ ഒരു ഇംഗ്ലീഷ് പേര് കൂടി ചേർക്കുന്ന പതിവ് ഉണ്ടായിരുന്നു. അതിനെ അടിസ്ഥാനമാക്കി അന്ന് മണ്ടേലക്ക് അദ്ദേഹത്തിന്റെ അദ്ധ്യാപിക നൽകിയ പേരായിരുന്നു നെൽസൺ. അങ്ങനെ അന്ന് മുതൽ അദ്ദേഹം നെൽസൺ മണ്ടേലയായി മാറി. തന്റെ പതിനാറാമത്തെ വയസ്സിൽ മണ്ടേല ജൂനിയർ സർട്ടിഫിക്കറ്റ് പൂർത്തിയാക്കി.
പിതാവിന്റെ പിന്തുടർച്ച അവകാശമായി വന്ന ആ നാട്ടിലെ കൗൺസിൽ പദവി, മണ്ടേല പിന്നീട് ഏറ്റെടുത്തു. തന്റെ പിതാവിന്റെ നാല് ഭാര്യമാരിൽ മൂന്നാമത്തെ ഭാര്യ ആയിരുന്നു മണ്ടേലയുടെ അമ്മ. അങ്ങനെ മണ്ടേല കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി ഒരു ഖനിയിൽ കാവൽക്കാരനായി ജോലിക്ക് ചേർന്നു. അവിടെ വച്ചാണ് മുതലാളിത്ത വർഗ്ഗത്തിന്റെ കൂടുതൽ ക്രൂരതകൾ അദ്ദേഹത്തിനു നേരിട്ട് അടുത്തറിയാൻ സാധിച്ചത്. പിന്നീടദ്ദേഹം ഒരു വക്കീലിന്റെ അടുത്ത് ഗുമസ്തപ്പണിക്ക് ചേർന്നു. ശേഷം ബിരുദ പഠനം പൂർത്തിയാക്കുകയും ചെയ്തു. ബിരുദം പൂർത്തിയാക്കിയ മണ്ടേല അവശത അനുഭവിക്കുന്ന കറുത്ത വർഗ്ഗക്കാർക്ക് വേണ്ടി പ്രവർത്തിക്കാൻ തന്നെ തീരുമാനിച്ചു.
1961-ൽ മണ്ടേല സായുധ വിഭാഗം ആയിരുന്ന ‘ഉഗാണ്ടോ വി സിസെ’ യുടെ തലവനായി ഗവണ്മെന്റിനും, സൈന്യത്തിനുമെതിരെ അട്ടിമറി പ്രവർത്തനങ്ങൾ നടത്തുകയും, ഇവർക്കെതിരെ ഒളിപ്പോര് നടത്താൻ ആസൂത്രണം ചെയ്യുകയും ചെയ്തു. ഭരണകൂടം തങ്ങളോട് കാണിക്കുന്ന അക്രമങ്ങൾക്കുള്ള അവസാന പോംവഴി ആയിട്ടായിരുന്നു മണ്ടേല ഇതിന് ഇറങ്ങി തിരിച്ചത്. അതു വരെ ഗാന്ധിജിയുടെ മാർഗ്ഗമായ അഹിംസ തന്നെ ആയിരുന്നു അദ്ദേഹം നയിച്ചു കൊണ്ട് വന്നിരുന്നത്. എന്നാൽ, ഈ അഹിംസ മൂലം തങ്ങളുടെ നേരെയുള്ള ആക്രമണങ്ങൾ കൂടി വരുന്നത് കൊണ്ടാവാം, ഒരു പക്ഷെ അദ്ദേഹത്തെ തന്റെ നയം മാറ്റുന്നതിലേക്ക് നയിച്ചത്. അദ്ദേഹവും കൂട്ടരും ഭരണാധികാരികൾക്കെതിരെ ആക്രമണം അഴിച്ചു വിടാൻ തുടങ്ങി. എന്നാൽ സാധാരണ ജനങ്ങൾക്ക് ഇതിൽ പരിക്ക് പറ്റുവാതിരിക്കാൻ വേണ്ടി രാത്രി സമയങ്ങളായിരുന്നു അവർ തങ്ങളുടെ ആക്രമണങ്ങൾക്കായി തിരഞ്ഞെടുത്തിരുന്നത്. എന്നാൽ ഇതേ തുടർന്ന് പോലീസ് മണ്ടേലയെ അറസ്റ്റ് ചെയ്യുകയും, നീണ്ട 27 വർഷത്തെ ജയിൽ വാസം അനുഭവിക്കേണ്ടിയും വന്നു.
മറ്റു തടവുകാരെ പോലെ തന്നെ മണ്ടേലയേയും ജയിലിൽ ഒരു ക്വാറിയിൽ പണിയെടുപ്പിക്കുകയായിരുന്നു. എന്നാൽ, അവിടെ പോലും അദ്ദേഹത്തിന് വർണ്ണ വിവേചനം നേരിടേണ്ടി വന്നിരുന്നു. ഈ സമയത്തായിരുന്നു മണ്ടേല തന്റെ ആത്മക യായ “ഏ ലോങ്ങ് വാക് റ്റു ഫ്രീഡം” എഴുതിയത്. ശേഷം 1990 ഫെബ്രുവരി 20-ന് ജനങ്ങളുടെ സമ്മർദ്ദം മൂലം മണ്ടേലയെ സ്വതന്ത്രമാക്കി. തീവ്ര ചിന്തകളിൽ നിന്നും മാറി, പക്വതയുള്ള ഒരു മനുഷ്യൻ ആയിട്ടായിരുന്നു മണ്ടേല പുറത്ത് വന്നത്. പിന്നീട് വർണ്ണ വിവേചനത്തിനെതിരായി ലോക രാഷ്ട്രങ്ങളുടെ മുഴുവൻ പിന്തുണ അദ്ദേഹം നേടിയെടുക്കാൻ ഒരുങ്ങി. ഇതിനായി പല രാജ്യങ്ങളും അദ്ദേഹം സന്ദർശിച്ചു. 1991-ൽ നടന്ന സമ്മേളനത്തിൽ മണ്ടേലയെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ശേഷം 1994 ഏപ്രിൽ 27-ന് നടന്ന, ദക്ഷിണ ആഫ്രിക്കയിലെ എല്ലാ ജനങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ട് നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ, 62 ശതമാനം വോട്ടുകളോട് കൂടി മണ്ടേല വിജയിച്ചു. അങ്ങനെ തന്റെ എഴുപത്തിയാറാം വയസ്സിൽ നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്ത വർഗ്ഗക്കാരനായ പ്രസിഡന്റായി മാറി.
1990-ൽ ഭാരതത്തിന്റെ ഏറ്റവും വലിയ ബഹുമതിയായ ഭാരത രത്നം നൽകി ഇന്ത്യ മണ്ടേലയെ ആദരിച്ചു. താൻ പിന്തുടർന്ന ഗാന്ധിയൻ ആശയങ്ങളെ മുൻ നിർത്തിയാണ് അദ്ദേഹം ഭാരത രത്നയ്ക്ക് അർഹനായത്. ഭാരത രത്ന ലഭിക്കുന്ന ഇന്ത്യക്കാരൻ അല്ലാത്ത രണ്ടാമത്തെ വ്യക്തിയാണ് നെൽസൺ മണ്ടേല. 1993-ൽ അദ്ദേഹം സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹനായി. അങ്ങനെ തന്റെ ജീവിതം മുഴുവൻ തന്റെ ജനതയ്ക്കായി ഒഴിഞ്ഞു വച്ച ആ മഹത് വ്യക്തി 2013 ഡിസംബർ 5-ന് ഈ ലോകത്ത് നിന്ന് എന്നന്നേക്കുമായി വിട വാങ്ങി.
ആഫ്രിക്കൻ ജനതയെ സ്വപ്നം കാണുവാൻ പഠിപ്പിച്ച വ്യക്തി ആയിരുന്നു നെൽസൺ മണ്ടേല. തങ്ങൾ എന്നെങ്കിലും വർണ്ണ വിവേചനം എന്ന ചട്ടക്കൂട് പൊളിച്ചു പുറത്ത് വരും എന്നൊരു ശുഭ പ്രതീക്ഷ അവരിൽ വിതച്ചത് മണ്ടേല ആയിരുന്നു. വിദ്യാഭ്യാസം എന്നത് ശക്തമായ ആയുധം ആണെന്നും, അതിലൂടെ ഈ ലോകത്തെ തന്നെ മാറ്റി മറിക്കുവാൻ കഴിയുമെന്നും അദ്ദേഹം വിളിച്ചോതി. ലളിതമായൊരു ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. ഒരു പക്ഷെ ആ ലാളിത്യ മനോഭാവം തന്നെയാകാം, ഇശ്ചാശക്തിയോടെ പല പ്രതിബന്ധങ്ങളും തരണം ചെയ്ത്, തന്റെ ലക്ഷ്യത്തിൽ എത്താൻ മണ്ടേലയെ നയിച്ചത്.
Read also : മലാല യൂസഫ്സായ്
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2