
മഹാമരി ക്കാലം നമ്മെ പഠിപ്പിച്ച പാഠങ്ങൾ നിരവധിയാണ്. അതിൽ ഏറ്റവും പ്രധാനം ജീവനും ജീവിതത്തിനും യാതൊരു “ഗ്യാരണ്ടിയും” ഇല്ല എന്നതാണ്. ചുരുക്കി പറഞ്ഞാൽ നല്ല ജോലിയും ശമ്പളവും ഒക്കെയുണ്ടായിരുന്നവർ ഇന്ന് ജീവിക്കാനായി എന്തെങ്കിലുമൊരു വരുമാനത്തിനായി പരക്കം പായുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. ഇനി വരുന്ന കാലങ്ങളിൽ അവസ്ഥ ഇതിനേക്കാൾ മോശമാകാനാണ് സാധ്യത. കേരളത്തിന്റേതായ എല്ലാ വരുമാന മാർഗങ്ങളും അടഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രവാസികൾ, ടൂറിസം, വിനോദം ഇതിലൊന്നും തൽക്കാലം ഒരു രക്ഷയുമില്ല. ഈ സ്ഥിതി തുടർന്നാൽ ഇന്ത്യയിലെ ദരിദ്ര സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് കേരളം എത്താൻ വലിയ താമസമൊന്നും ഉണ്ടാവില്ല. ഈ സാഹചര്യത്തിൽ എങ്ങനെയെങ്കിലും ജീവിതം തള്ളി നീക്കാൻ കഷ്ട്ടപ്പെടുന്ന പാവങ്ങളുടെ വരുമാനം ഇല്ലാതാക്കാൻ അധികൃതർ തന്നെ കരണമായാലോ…!
സമൂഹ മാധ്യമങ്ങളിൽ അടുത്ത കാലത്ത് ചർച്ചയായ ഒരു വാർത്തയാണ് എറണാകുളം ജില്ലയിലെ ഒരു കഴുത ഫാമിന് പഞ്ചായത്ത് സ്റ്റോപ് മെമ്മോ കൊടുത്തു എന്നത്. കൊടുത്തതിന്റെ കാരണമാണ് അമ്പരപ്പിക്കുന്നത്
പഞ്ചായത്തീരാജ് ലൈസൻസ് ചട്ടങ്ങളിൽ കഴുത എന്ന പേരില്ല എന്നതാണ് മെമ്മോ കൊടുക്കാൻ കാരണം. ബുക്കിൽ പേരില്ലാത്ത മൃഗത്തിനെ വളർത്താൻ പഞ്ചായത്ത് എങ്ങനെ ലൈസൻസ് കൊടുക്കും എന്നതാണ് ചോദ്യം. കഴുതപ്പാലിന് വേണ്ടിയാണ് കഴുത ഫാം നടത്തുന്നത്, ആ പാലിന് നല്ല വിലയുമാണ്. അതായതു ലാഭകരമായി ചെയ്യാവുന്ന ഒരു തൊഴിലാണ്. പക്ഷേ, പഞ്ചായത്ത് അനുവദിക്കില്ല , കാരണം കഴുതയുടെ പേര് അവരുടെ ബുക്കിലില്ല എന്നത് തന്നെ…!
തീർന്നില്ല… ഇനി പറയാനുള്ളത് ചെറുതുരുത്തി സ്വദേശിയായ സുധീഷിന്റെ അനുഭവമാണ്. ആൾക്ക് സ്ഥിരവരുമാനമൊന്നുമില്ല. അതുകൊണ്ടു വീടിനോട് ചേർന്ന തൊഴുത്തിൽ അഞ്ചു പശുക്കളെ വളർത്തുന്നു. ആറു വർഷമായി പശുവളർത്തൽ തുടങ്ങിയിട്ട്. കേരളത്തിൽ അഞ്ചു പശുക്കളെ വളർത്താൻ ആരുടെയും സമ്മതം ആവശ്യമില്ല. മാത്രമല്ല അഞ്ചു പശുവേ ഉള്ളുവെങ്കിൽ ബയോഗ്യാസ് പ്ലാന്റ് നിർബന്ധവുമല്ല. പക്ഷേ സുധീഷ് തൊഴുത്തിനോട് ചേർന്ന് ബയോഗ്യാസ് പ്ലാന്റും പണിതിട്ടുണ്ട്. പക്ഷേ സുധീഷിനും കിട്ടി സ്റ്റോപ് മെമ്മോ കിട്ടി. കാരണം മറ്റൊന്നുമല്ല സുധീഷിന്റെ അഞ്ചു പശുക്കളിൽ ഒരെണ്ണം പ്രസവിച്ചാൽ സ്ഥിതി പരുങ്ങലിലാവും….! ഇതു പോലെ ഒരുപാടുപേരുണ്ട് കേരളത്തിൽ. ജീവിതം വഴിമുട്ടി നിൽക്കുന്നവരെ കൈ പിടിച്ച് ഉയർത്തിയില്ലെങ്കിലും അവരുടെ കഞ്ഞിയിൽ മണ്ണിടാതെയെങ്കിലും ഇരിക്കാം അധികാരികൾക്ക്… !