മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച് ഭിക്ഷക്കാര്‍ ഉള്‍പ്പടെ ഒന്‍പതു പേര്‍ മരിച്ചു


Spread the love

അമരാവതി: കൊറോണയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ മൂലം മദ്യം ലഭ്യമാകുന്നത് വളരെ കുറവാണ്. അതുകൊണ്ട് തന്നെ സ്ഥിരം മദ്യം കഴിക്കുന്നവര്‍ എന്ത് ലഹരിയുള്ള വസ്തുക്കളായാലും മതിയെന്ന അവസ്ഥയിലാണ്. ആന്ധ്രപ്രദേശില്‍ മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച ഒന്‍പതു പേര്‍ മരിച്ചു. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലാണ് സംഭവം. മൂന്നു പേര്‍ ഇന്നലെയും ആറു പേര്‍ ഇന്നുമാണ് മരിച്ചത്. പത്തു ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഈ പ്രദേശത്ത് മദ്യശാലകള്‍ അടച്ചിട്ടിരിക്കുകയാണ്. ഇതിനെത്തുടര്‍ന്ന് ഇവര്‍ സാനിറ്റൈസര്‍ കുടിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. മരിച്ചവരില്‍ മൂന്നു പേര്‍ അടുത്തുള്ള ക്ഷേത്രത്തിനു സമീപമുള്ള യാചകരാണ്. ഇന്നലെ രാത്രി ഇവര്‍ക്കു കടുത്ത വയറുവേദന അനുഭവപ്പെട്ടു. ഒരാള്‍ സ്ഥലത്തുവച്ചു തന്നെ മരിച്ചു. രണ്ടു പേരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. സാനിറ്റൈസര്‍ കുടിച്ച മറ്റൊരാള്‍ വീട്ടില്‍ ബോധരഹിതനായി വീഴുകയായിരുന്നു. ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിച്ചു. ആറു പേരെ ഇന്നു പുലര്‍ച്ചെയാണ് സമാനമായ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൂടുതല്‍ പേര്‍ ഇതേ ലക്ഷണങ്ങളോടെ മറ്റ് ആശുപത്രികളില്‍ എത്തിയിട്ടുണ്ടോയെന്നു പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. മേഖലയിലെ കടകളില്‍നിന്നുള്ള സാനിറ്റൈസര്‍ പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സാനിറ്റൈസര്‍ മാത്രമാണോ മറ്റു കെമിക്കലുകളില്‍ ചേര്‍ത്താണോ ഇവര്‍ കഴിച്ചതെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close