നിസ്സാൻ ജോങ്ക -ഇന്ത്യൻ ആർമിയുടെ പഴയ പടക്കുതിര


Spread the love

മനുഷ്യരെപ്പോലെ തന്നെ വാഹനങ്ങൾക്കും പറയാൻ പല കഥകളുണ്ടാകും. വിജയത്തിന്റെ, പതനത്തിന്റെ,അതിജീവനത്തിന്റെ അങ്ങനെ പോകും കഥകൾ. അതിൽ നിന്നെല്ലാം വ്യത്യസ്തമായി ചിലർ പറയുക പോരാട്ടത്തിന്റെ കഥകളാകും. അങ്ങനെ ഒരു കഥ പറയുന്നതിൽ പ്രധാനിയായ വാഹനമായിരിക്കും ഇന്ത്യൻ മിലിറ്ററി ഫോഴ്‌സിന്റെ പ്രൗഢമുഖമായിരുന്ന നിസ്സാൻ ജോങ്ക.
1965 ലായിരുന്നു ആദ്യമായി ഇന്ത്യൻ ആർമിയുടെ ആവശ്യപ്രകാരം ജപ്പാനിലെ നിസ്സാൻ മോട്ടോർ കമ്പനി അവരുടെ വാഹനം ഇന്ത്യയിലേക്ക് കയറ്റി അയച്ചത്. നിസ്സാൻ പി60,ക്ലാസ്സ്‌ എസ് യു വി ശ്രേണിയിൽ വരുന്ന വാഹനം പിന്നീട് ജബൽപൂർ വെഹിക്കിൾ ഫാക്ടറിയിൽ അസ്സെംബ്ളിങ് ആരംഭിച്ചു. അതും ഇന്ത്യൻ ആർമിക്ക് വേണ്ടി നിസ്സാന്റെ പൂർണമായും ഇറക്കുമതി ചെയ്ത കിറ്റ് ഉപയോഗിച്ച്. ഒടുവിൽ തദ്ദേശീയമായി പി60,ജബൽപൂർ ഓർഡിനൻസ് ആൻഡ് ഗൺ ക്യാരേജ് അസംബ്ലി എന്ന പേരിന്റെ ചുരുക്കത്തിൽ അത് “നിസ്സാൻ ജോങ്ക” എന്ന പേരിൽ നിർമ്മിക്കപ്പെട്ടു തുടങ്ങി.
ജബൽപൂറിൽ നിർമ്മിച്ച ജോങ്ക പിന്നീട് ഇന്ത്യൻ ആർമിയുടെ മുഖമുദ്രയായി മാറി. മിലിറ്ററി ഓഫീസർമാർക്ക് അവ ആ കാലത്ത് വെറും വാഹനം മാത്രമായിരുന്നില്ല. എവിടെയും എന്തിനും കൂടെ നിൽക്കുന്ന പോരാളി കൂടിയായിരുന്നു. അങ്ങനെ ഒരു വികാരം ഉണ്ടാക്കാൻ പ്രാപ്തനായിരുന്നു നിസ്സാൻ ജോങ്ക. കാരണം രാജസ്ഥാനിലെ മരുഭൂമികളും, ചെങ്കുത്തായ കാർഗിലും, സിയാച്ചിൻ മേഖലകളിലെ മിലിറ്ററി ഫോഴ്സിന് അതിജീവിക്കാൻ ബുദ്ധിമുട്ടായ പാതകളും വളരെ നിസ്സാരമായി ജോങ്ക കീഴ്പ്പെടുത്തിയിരുന്നു. അതിന് നിസ്സാൻ ജോങ്കയുടെ ഡിസൈൻ വളരെ വലിയ പങ്കുവഹിച്ചിരുന്നു.
ഡിസൈനിന്റെ പ്രത്യേകതകളിൽ എടുത്തുപറയേണ്ടത് അതിന്റെ 222 എംഎം വരുന്ന ഗ്രൗണ്ട് ക്ലിയറൻസ് ആയിരുന്നു. ഹൈഡ്രോളിക് ബ്രേക്ക്, വോർമ് ആൻഡ് റോളർ സ്റ്റിയറിങ്, സിംഗിൾ പ്ലേറ്റ് ഡ്രൈ ഫ്രിക്ഷൻ ക്ലച്ച് ഇവയെല്ലാം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പഴകിയതെന്ന് തോന്നുമെങ്കിലും ആ കാലത്ത് ജോങ്കയെ കരുത്തുറ്റതാക്കിയത് ഇതൊക്കെയായിരുന്നു. കൂടാതെ ഏത് ദുർഘടമായ അവസ്ഥയിലും യന്ത്രത്തകരാർ സംഭവിക്കാതെ കരുത്തോടെ പ്രവർത്തിക്കുന്ന എൻജിൻ ജോങ്കയുടെ മുതൽകൂട്ടായിരുന്നു. അതിനാൽ ജോങ്കയുടെ എൻജിൻ ബുള്ളറ്റ് പ്രൂഫ് എൻജിൻ എന്ന് മിലിറ്ററി ഓഫീസേഴ്‌സിന്റെയിടയിൽ വിളിപ്പേര് ഉണ്ടായി. കൂടാതെ മിലിറ്ററി ഓഫീസേഴ്സിന് തങ്ങളുടെ ജോലിയിൽ കൂടുതൽ ഉപയോഗിക്കാൻ ഫലപ്രദമായതിനാലാകണം ജോങ്ക ആംബുലൻസ് ആയും സിഗ്നൽ വെഹിക്കിൾ ആയും റിക്കവറി വെഹിക്കിൾ ആയും ചെറു പീരങ്കികൾക്ക് സമാനമായ തോക്കുകൾ കടുപ്പിച്ചു പരിഷ്കരിച്ചും യുദ്ധ ഭൂമികളിൽ ഇറക്കിയത്.
വെഹിക്കിൾ ഫാക്ടറി ജബൽപൂർ,1965ൽ 3956 സിസി പെട്രോൾ എൻജിനോടൊപ്പം കാഴ്ചവച്ച ജോങ്ക പ്രൗഢിയോടുകൂടി ഇന്ത്യൻ മിലിറ്ററിയെ സേവിക്കുന്നതിനിടയിൽ 1996ൽ വെഹിക്കിൾ ഫാക്ടറി ജബൽപൂർ,ഡീസൽ എൻജിനോടുകൂടിയ നൂറിൽപരം ജോങ്ക ശ്രേണിയിലെ വാഹനങ്ങളെ മിലിറ്ററിക്ക് കൈമാറി. അവയും പല പല മിലിറ്ററി ആവശ്യങ്ങൾക്കായി യുദ്ധഭൂമിയിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു. കുറഞ്ഞ മൈലേജ് ആയിരുന്നു നിസ്സാൻ ജോൻഗ യുടെ പ്രധാന പോരായ്മ. കൂടുതൽ മൈലേജ് ഉള്ള മഹിന്ദ്ര & മഹീന്ദ്രയുടെ ജീപ്പുകൾക്ക് കാലക്രമേണ ജോങ്കക്ക് വഴിമാറി കൊടുക്കേണ്ടി വന്നു. ഒടുവിൽ 1999 ൽ ജോങ്കയുടെ നിർമ്മാണം പൂർണമായും നിർത്തി. പിന്നീട് ആർമി അവയിൽ പലതും ലേലത്തിൽ വയ്ക്കുകയും സിവിലിയന്മാർക്കു വിൽപ്പന നടത്തുകയും ചെയ്തു.
വാഹനങ്ങൾ ഹരമായ വാഹന പ്രേമികളിൽ പലരും മോഹവിലയ്ക്ക് മിലിട്ടറിയെ സേവിച്ച ജോങ്കയെ വാങ്ങി. അതിൽ അടുത്ത കാലത്ത് മാധ്യമ ശ്രദ്ധ പതിഞ്ഞ വാർത്തയായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി മിലിറ്ററി ഉപയോഗിച്ച ജോങ്ക സ്വന്തമാക്കിയത്. അത് അങ്ങനെയാണ് എന്തൊക്കെ പുതിയത് വന്നാലും ചിലർ എല്ലാകാലത്തും എല്ലാവർക്കും പ്രിയപ്പെട്ടതായിരിക്കും. പഴയകാല മിലിറ്ററി ഓഫീസേഴ്സ്ന്റെ മനസ്സുകളിൽ ഇപ്പോളും തങ്ങളുടെ പ്രൗഢമുദ്രയായിരുന്ന നിസ്സാൻ ജോങ്ക തുരുമ്പെടുക്കാതെയുണ്ടാകും.

 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close