‘തീവ്രവാദി’കളിൽ നിന്നും രക്ഷപ്പെട്ട് “നോബൽ” സമ്മാനത്തിലേക്ക്.


Spread the love

ഇന്ന് നമുക്കു ചുറ്റുമുള്ള, ‘സ്വയം ഫെമിനിസ്റ്റ്’ എന്ന് വിശേഷിപ്പിക്കുന്ന സ്ത്രീ രത്നങ്ങൾ പലരും അറിഞ്ഞിരിക്കേണ്ട ഒരു പേര് തന്നെയാണ് “നാദിയ മുറാദ്”. ഒരു പക്ഷേ “നാദിയ” എന്ന പെൺകുട്ടി കടന്നു പോയ വഴികൾ അറിഞ്ഞിരുന്നുവെങ്കിൽ,
അവൾ നടത്തിയ പോരാട്ടങ്ങളെ പറ്റി അറിഞ്ഞിരുന്നുവെങ്കിൽ, ഇന്ന്, എ.സി മുറികളിലിരുന്ന്, സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പലരും ലജ്ജിച്ചു തല താഴ്ത്തിയേനെ. കാരണം, അവളാണ് യഥാർത്ഥ പോരാളി. സ്വന്തം ജീവൻ വരെ പണയം വച്ച്, ചൂഷണം അനുഭവിക്കുന്ന സ്ത്രീ സമൂഹത്തിനു വേണ്ടി, സധൈര്യം അണിനിരന്നവൾ. ‘ഐ.എസ്.’ തീവ്രവാദി സംഘടനയുടെ, ലൈംഗിക തൊഴിലാളിയിൽ നിന്നും “നോബൽ പ്രൈസ്” ജേതാവിലേക്കുള്ള നാദിയയുടെ കഥയാണിത്. 

1993-ൽ, ഇറാക്കിലെ ‘കോച്ചോ’ എന്ന ചെറിയ ഗ്രാമത്തിൽ, ഇസ്മായിലിന്റെയും, ഷമിയുടെയും മകളായി “നാദിയ മുറാദ് ബസി താഹ” എന്ന “നാദിയ മുറാദിന്റെ” ജനനം. ഇറാക്കിലെ, ‘യസീദി’ വിഭാഗത്തിൽപ്പെട്ടതായിരുന്നു നാദിയ.’യസീദി’ എന്നാൽ ‘ഇറാഖിലെ ഖുർദിഷ്‌ വിഭാഗത്തിൽ നിന്നും ഉരുത്തിരിഞ്ഞവർ എന്നാണ്’. മറ്റ് മത സംഘടനകളിൽ നിന്നും, തീവ്രവാദ സംഘടനകളിൽ നിന്നും, ഏറ്റവും കൂടുതൽ ചൂഷണം അനുഭവിക്കുന്ന ഒരു വിഭാഗമാണ് ‘യസീദികൾ’. നാദിയ തൊട്ടടുത്തുള്ള സ്കൂളിൽ പോയി, തന്റെ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നു. എന്നാൽ, ഹയർ സെക്കണ്ടറി സ്കൂൾ അകലെയായതിനാൽ അവൾക്ക് തന്റെ വിദ്യാഭ്യാസം തുടരാൻ സാധിച്ചിരുന്നില്ല. 

ഓഗസ്റ്റ്-15, 2014. അന്നാണ് നാദിയയുടെ ജീവിതം മാറി മറിഞ്ഞ ദിവസം. അവളുടെ ഗ്രാമം, തീവ്രവാദി സംഘടന ആയ ഇസ്ലാമിക്‌ സ്റ്റേറ്റ് വളഞ്ഞു. ഒന്നുകിൽ ഇസ്ലാമിലേക്ക് മതം മാറുക, അല്ലെങ്കിൽ മരണത്തിന് കീഴടങ്ങുക. ഇതായിരുന്നു തീവ്രവാദികൾ, അവർക്ക് മുന്നിൽ വച്ച നിർദ്ദേശം. മറ്റ് നിവർത്തിയില്ലാതെ, തീവ്രവാദികളുടെ ഹിതത്തിനു വഴങ്ങി കൊടുക്കേണ്ടി വന്നു ആ പാവം ജനതയ്ക്ക്. അവരെ എല്ലാവരെയും, നാദിയ പഠിച്ചിരുന്ന ഹൈസ്കൂളിലേക്ക് വിളിച്ചു കൂട്ടി. ആദ്യം അവർ സ്ത്രീകളെയും, പുരുഷന്മാരെയും രണ്ടായി തിരിച്ചു. ചെറിയ ആൺകുട്ടികളെ ചാവേറുകളാകാൻ മാറ്റി നിർത്തി. മറ്റ് പുരുഷന്മാരെ, ഒരു ട്രക്കിൽ കുത്തി നിറച്ചു കൊണ്ട് പോയി.പിന്നീട് ദൂരെ നിന്നുള്ള വെടിയൊച്ചകൾ മാത്രം ആയിരുന്നു നാദിയയും കൂട്ടരും കേട്ടത്. അതിനുശേഷം, പോയ ട്രക്ക് കാലിയായിട്ടാണ് തിരിച്ചു വന്നത്. തുടർന്ന്, ബാക്കിയുള്ള സ്ത്രീകളെയും കയറ്റിക്കൊണ്ടു അവർ പോയി.മറ്റൊരു സ്ഥലത്ത് ചെന്ന്, അവർ ഈ സ്ത്രീകളെ വീണ്ടും വേർതിരിച്ചു. വിവാഹം കഴിഞ്ഞവർ, കന്യകകൾ എന്നിങ്ങനെ. നാദിയ കന്യകമാരുടെ കൂട്ടത്തിലും, അവളുടെ അമ്മ വിവാഹിതരുടെ കൂട്ടത്തിലുമായി വേർതിരിക്കപ്പെട്ടു. കൂട്ടത്തിൽ ഉണ്ടായിരുന്ന വൃദ്ധരെ, അവർ വെടിയുതിർത്തു കൊന്നു. തരം തിരിച്ചു നിർത്തിയ രണ്ട് കൂട്ടരെയും, രണ്ട് വണ്ടികളിൽ രണ്ട് ദിശകളിലേക്കായി, കൊണ്ട് പോയി.ആ ദിവസമായിരുന്നു, നാദിയ തന്റെ അമ്മയെ അവസാനമായി കണ്ടത്. നാദിയയുടെ അച്ഛനും, 6 സഹോദരന്മാരുമുൾപ്പെടെ, ഏകദേശം, 6700-ഓളം സാധാരണ ജനങ്ങളെ ആയിരുന്നു, തീവ്രവാദികൾ അന്ന് ആ ഗ്രാമത്തിൽ കൊന്നൊടുക്കിയിരുന്നത്. 

നാദിയയും, സമപ്രായക്കാരായ പെൺകുട്ടികളും ആയിരുന്നു ആ വണ്ടിയിൽ. അതിനിടയിൽ,ഒരു തീവ്രവാദി നാദിയയോടും, മറ്റു പെൺകുട്ടികളോടും മോശമായി പെരുമാറുകയും, അതിനെതിരെ, നാദിയ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അതിനു അവരിൽ നിന്നും അവൾക്ക് ലഭിച്ച മറുപടി ഞെട്ടിക്കുന്നതായിരുന്നു. “ഇനി മുതൽ നിങ്ങൾ ഞങ്ങളുടെ സബിയമാരാണെന്ന് “, അതായത്, ലൈംഗിക തൊഴിലാളികൾ. തീവ്രവാദി സംഘടനകളുടെ പ്രധാന വരുമാനങ്ങളിൽ ഒന്നാണ് ‘ലൈംഗിക അടിമകളെ വിൽക്കുക’ എന്നത്. അതിനായി ഇവർ സ്ത്രീകളെ കീഴടക്കുകയും, ഇവരെ വിറ്റ് പണം ഉണ്ടാക്കുകയും ചെയ്തിരുന്നു. അങ്ങനെ തന്റെ  ഇരുപത്തിയൊന്നാം വയസ്സിൽ, സർവ്വരേയും നഷ്ടപ്പെട്ട അവൾ, താനും തീവ്രവാദി സംഘടനയുടെ അനേകം ലൈംഗിക തൊഴിലാളികളിൽ ഒരാളാകാൻ പോകുന്നുവെന്ന ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കി.

തീവ്രവാദികളുടെ കേന്ദ്രമായ ഒരു കെട്ടിടത്തിലേക്കായിരുന്നു, ഈ പെൺകുട്ടികളെ കൊണ്ട് പോയത്. ട്രക്കിൽ വച്ച് നാദിയ ഇവരോട് കയർത്തതിന്റെ വിദ്വേഷം, നല്ല രീതിയിൽ തന്നെ തീവ്രവാദികൾക്ക് അവളോട്‌ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ, അവളോടുള്ള പെരുമാറ്റം അതി ക്രൂരമായിരുന്നു. അവർ അവളുടെ കവിളത്തു തുപ്പി, ആഞ്ഞടിച്ചു, ശരീരം മുഴുവൻ സിഗരറ്റ് കുറ്റികൾ കൊണ്ട് പൊള്ളിച്ചു. ശേഷം ഈ പെൺകുട്ടികളെ നിർബന്ധിച്ച് കുളിപ്പിച്ച് വൃത്തിയാക്കി, നേരെ അടിമച്ചന്തയിലേക്ക് കൊണ്ട് പോവുകയായിരുന്നു.
“ഐ.എസ്സി”ന്റെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ആയിരുന്ന ‘ഹാജി സൽമാൻ’
എന്നയാളായിരുന്നു നാദിയയെ വാങ്ങിയത്. അതിനു ശേഷമുള്ള നാദിയയുടെ ജീവിതം, തീർത്തും ദുരിതപൂർണ്ണമായി മാറുകയായിരുന്നു. അയാളുടെ വീട്ടിലെ എല്ലാ ജോലിയും ചെയ്യണം, എല്ലാ രീതിയിലും അയാളെ സംതൃപ്‌തിപ്പെടുത്തണം. വളരെ ചെറിയ തെറ്റുകൾക്ക്  പോലും, വലിയ ശിക്ഷകൾ ആയിരുന്നു അവൾക്ക് നേരിടേണ്ടി വന്നിരുന്നത്. അങ്ങനെ ഒരുനാൾ സഹികെട്ട്, അവൾ അവിടുന്ന് രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ, അവൾ പിടിക്കപ്പെടുകയായിരുന്നു. മാത്രമല്ല, അതിനു അവൾ നൽകേണ്ടി വന്ന വില വളരെ വലുതുമായിരുന്നു. അവളെ അയാൾ അരിശം തീരുവോളം ബെൽറ്റ്‌ വെച്ച് തല്ലി. തുടർന്ന് അവളോട് വിവസ്ത്രയായി നിൽക്കാൻ ആയിരുന്നു യജമാനന്റെ ആജ്ഞാപനം. അതിനുശേഷം അയാളുടെ 6 അനുയായികൾ അവളെ ശാരീരികമായി ഉപയോഗിച്ചു. മാത്രമല്ല, അന്ന് മുതൽ അവൾ ഒരു പൊതു മുതലായി മാറുകയായിരുന്നു. അതായത്, ആർക്കും ഏത് നേരവും, ഏത് രീതിയിലും ഉപയോഗിക്കാൻ പറ്റുന്ന ഒരു പൊതുമുതൽ.

കുറച്ചു നാളുകൾക്ക് ശേഷം, “അമീർ” എന്നൊരാൾക്ക് ‘സൽമാൻ’ അവളെ മറിച്ചു വിറ്റു. അവിടെയും നാദിയക്ക് നല്ലതൊന്നുമല്ല കാത്തിരുന്നത്. എന്നാൽ ഒരു ദിവസം ഭാഗ്യം, നാദിയയെ തുണച്ചു. അവളെ പൂട്ടിയിടാൻ മറന്ന് ഒരുനാൾ സൽമാൻ പുറത്തേക്ക് പോയി. ഒത്തു കിട്ടിയ അവസരം പാഴാക്കാൻ അവളുടെ മനസ്സ് അനുവദിച്ചിരുന്നില്ല. പണ്ടൊരിക്കൽ രക്ഷപ്പെടാൻ ശ്രമിച്ചതിന്റെ ഓർമയുടെ ഭയപ്പാടുകൾ, മനസ്സിൽ നിൽക്കെ തന്നെ, അവൾ ഒരു പർദ്ദ ധരിച്ചു ആ വീട്ടിൽ നിന്നും ഇറങ്ങി. കഴിയാവുന്ന അത്രയും ദൂരം ഓടി. പർദ്ദ, അവിടുത്തെ സ്ത്രീകളുടെ സാധാരണ വേഷമായതിനാൽ, അവളെ മറ്റുള്ളവരിൽ നിന്നും തിരിച്ചറിയാൻ പ്രയാസമായിരുന്നു. ഒടുവിൽ അവൾ ഓടി, ചെറിയ വീടുകൾ നിറഞ്ഞ ഒരു പ്രദേശത്ത് എത്തി. ഒരുപക്ഷെ, അവരിൽ ആരെങ്കിലും തന്നെ രക്ഷിക്കാം എന്ന പ്രതീക്ഷയാവാം ഒരു വാതിലിൽ മുട്ടാൻ അവളെ പ്രേരിപ്പിച്ചതും. 

എന്നാൽ, ഇത്തവണ ഭാഗ്യം അവളുടെ കൂടെയിരുന്നു. ആ വീട്ടുകാർ അവളെ സഹായിച്ചു. അവളുടെ കഥ കേട്ട്, സഹതാപം തോന്നിയ ആ വീട്ടുടമയുടെ മകൻ, ‘നാസർ’ അവളെ രക്ഷപ്പെടുത്താൻ തയ്യാറായി. കൃത്രിമ രേഖകൾ ഉണ്ടാക്കി, നാസറിന്റെ ഭാര്യ എന്ന പേരിൽ, അവളെ  ഐ.എസ്സിന്റെ അതിർത്തി കടത്തി, നാസർ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു തിരിച്ചു പോയി. ഒരു പക്ഷെ, ദൈവം തന്നെ ‘നാസർ’ എന്നയാളുടെ രൂപത്തിൽ അവളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടതാവാം. 

ഖുർദിസ്താനിലെ ക്യാമ്പിൽ ആയിരുന്നു അവൾ എത്തിച്ചേർന്നത്. ശേഷം പല സംഘടനകളുടെയും സഹായത്തോടെ, അവൾ ജർമ്മനിയിൽ എത്തി. തീർത്തും ഒറ്റയ്ക്കായിരുന്ന ആ പെൺകുട്ടി, ഐ.എസ്സി.നോട് പൊരുതാൻ തന്നെ തീരുമാനിച്ചു. അവർ അവളോട്‌ കാണിച്ച ക്രൂരതകളൊക്കെ ലോകത്തോട് അവൾ വിളിച്ചു പറഞ്ഞു. പിന്നീട് ഇംഗ്ലണ്ടിലെ മനുഷ്യാവകാശ പ്രവർത്തകയായ “അമാൽ ക്ലൂണി”യെ അവൾ പോയി കാണുകയായിരുന്നു. അവർക്കിടയിൽ വല്ലാത്തൊരു സൗഹൃദം ഉടലെടുത്തു. ഈ സൗഹൃദമാണ് നാദിയയെ ഇത്ര ശക്തയാക്കി മാറ്റിയത്. നാദിയക്ക് വേണ്ടി, അമാൽ ഐക്യരാഷ്ട്രസഭയിൽ പ്രസംഗിച്ചു, മറ്റു അംഗ രാജ്യങ്ങളുടെ സമ്മർദ്ദം മൂലം, ഇതിനെതിരെ നടപടികൾ എടുക്കേണ്ടി വന്നു. യസീദികളുടെ സംരക്ഷണത്തിന് വേണ്ടി, “യസ്ദ” എന്ന സംഘടനയിൽ പ്രവർത്തിച്ചു വരികയാണ് ഇപ്പോൾ നാദിയ. 2016-ൽ സ്വതന്ത്ര ചിന്തയ്ക്കുള്ള “സഖരോവ്” അവാർഡ് നൽകി യൂറോപ്യൻ പാർലമെന്റ് അവളെ ആദരിച്ചു, കൂടാതെ ഐക്യരാഷ്ട്രസഭയുടെ, മനുഷ്യ കടത്തിൽ നിന്നും രക്ഷപെട്ടവരുടെ
“ഗുഡ് വിൽ അംബാസിഡർ” ആകുകയും ചെയ്തു.  

2019-ൽ മനുഷ്യാവകാശത്തിനു വേണ്ടി പോരാടിക്കൊണ്ടിരുന്ന നാദിയ, ‘Dr.ഡെന്നിസ് മുക്‌വെജു’മായി ചേർന്ന് “സമാധാനത്തിനായുള്ള നോബൽ സമ്മാന”വും പങ്കിട്ടു.’മലാല’യ്ക്ക് ശേഷം ഏറ്റവും പ്രായം കുറഞ്ഞ നോബൽ പ്രൈസ് ജേതാവാണ് ‘നാദിയ മുറാദ്’. “ദി ലാസ്റ്റ് ഗേൾ ” എന്ന ആത്മകഥയും നാദിയ രചിച്ചു. അവൾ ഒരിക്കലും അപമാന ഭീതി ഓർത്ത്, ഒന്നും മറച്ച് വച്ചിരുന്നില്ല, മറിച്ചു തനിക്ക് സംഭവിച്ചതെല്ലാം, ലോകത്തോട് വിളിച്ചു പറയുകയായിരുന്നു. ഇനി, ഒരു പെൺകുട്ടിക്ക് പോലും ആ ഒരു അവസ്ഥ വരാതിരിക്കാൻ കർമ നിരതയുമാണവൾ. ഇസ്ലാമിക്‌ സ്റ്റേറ്റിന്റെ പിടിയിലുള്ള സ്ത്രീകളുടെ മോചനത്തിനായി കഠിനമായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട് അവൾ. തന്നെ പോലെ മറ്റൊരു ‘നാദിയ മുറാദ്’ ഇനി ഉണ്ടാകാൻ പാടില്ല. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ആണ് ഇപ്പോൾ ആ 27 കാരി.  

 ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close